Connect with us

National

രണ്ടാം ഘട്ടത്തിലും ഉയര്‍ന്ന പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിംഗ്. നാഗാലാന്‍ഡില്‍ 81.47 ഉും മണിപ്പൂരില്‍ 80 ഉും മേഘാലയയില്‍ 71ഉം അരുണാചല്‍ പ്രദേശില്‍ 55ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തിയതാ യി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അരുണാചല്‍, മേഘാലയ എന്നിവിടങ്ങിലെ രണ്ട് വീതം സീറ്റുകളിലും മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ഓരോ മണ്ഡലത്തിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും അരുണാചല്‍ പ്രദേശിലെ കൊന്‍സ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സായുധസംഘം തട്ടിക്കൊണ്ടുപോയി, പിന്നീട് വിട്ടയച്ചു.
അസം അതിര്‍ത്തിയിലുള്ള നാഗാലാന്‍ഡിലെ ലോംഗ് ലെംഗ് ജില്ലയില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ജനക്കൂട്ടം പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തില്‍ കയറാന്‍ അനുവദിച്ചില്ല. മേഘാലയയില്‍ നിരോധിത വിഘടനവാദി ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് വോട്ടര്‍മാരുടെ വരവ് കുറവായിരുന്നു.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെുടുപ്പ് വൈകിട്ട് ആറ് വരെ തുടര്‍ന്നു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് ആറ് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായത്.
മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ 73 ശതമാത്തിന്റെ റെക്കോര്‍ഡ് പോളിംഗാണ് നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് മണി വരെയായിരുന്നു ഇവിടെ വോട്ടെടുപ്പ് നടത്തിയത്. ഗോത്രവര്‍ഗക്കാരായ സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.
മണിപ്പൂരിലെ രണ്ടാമത്തെ ലോക്‌സഭാ മണ്ഡലമായ ഇന്നര്‍ മണിപ്പൂരില്‍ ഏപ്രില്‍ 17നാണ് വോട്ടെടുപ്പ്. മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. മണിപ്പൂരിലെ 1406 പോളിംഗ് സ്റ്റേഷനുകളിലായി 9,11,699 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. അരുണാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
വിവിധ സംഘടനകള്‍ 72 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ മിസോറമില്‍ നേരത്തെ പ്രഖ്യാപിച്ച വോട്ടെടുപ്പ് നാളത്തേക്ക് മാറ്റിയിരുന്നു.

 

Latest