Connect with us

International

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായിട്ട് ഇന്നേക്ക് ഒരു മാസം

Published

|

Last Updated

Australian Navy ship HMAS Success provides Royal Malaysian Navy ship KD Lekiu with more fuel during continuing search for missing Malaysian Airlines flight MH370, in southern Indian Ocean

ആസ്‌ത്രേലിയന്‍ കപ്പലായ എച്ച് എം എ എസ് സക്‌സസ് തെക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന തെരച്ചിലിന് നേതൃത്വം നല്‍കുന്നു

ക്വാലാലാംപൂര്‍: ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് ദുരൂഹതകള്‍ ബാക്കിയാക്കി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു മാസം തികയുന്നു. വിമാനം ഇന്ത്യന്‍ മഹാസുദ്രത്തില്‍ തകര്‍ന്നു വീണു എന്നത് മാത്രമാണ് വിമാന തിരേധാനത്തെപ്പറ്റി അധികൃതര്‍ ഉറപ്പിച്ചു പറയുന്ന ഒരേ ഒരു കാര്യം. അതിനുതന്നെ തക്കതായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നുണ്ട് എന്നാണ് തെരച്ചില്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട എം എച്ച് 370 എന്ന വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. യാത്രക്കാരും ജീവനക്കാരുമടക്കം 239 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. വിമാനം പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുകയായിരുന്നു.

വിമാനം താലിബാന്‍ തട്ടിക്കൊണ്ടുപോയി എന്നതടക്കം നിരവധി നിഗമനങ്ങള്‍ പ്രചരിച്ചു. പൈലറ്റ് തന്നെ വിമാനം ദിശമാറ്റി ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് ഇറക്കി എന്ന് പ്രചരിപ്പിക്കപ്പെട്ടു. കാണാതായ ദിവസം വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടു മാലിദ്വീപ് നിവാസികള്‍ അവകാശപ്പെട്ടു.

malasian flight...

എയര്‍ ചീഫ് മാഷല്‍ ആന്‍ഗസ് ഹൂസ്റ്റണ്‍ വിമാനത്തിന്റെ തെരച്ചിലിന്റെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിക്കുന്നു

ഇന്ത്യയടക്കം 26 രാജ്യങ്ങളാണ് തെരച്ചിലില്‍ പങ്കെടുത്തത്. കരയിലെ തെരച്ചില്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ത്രേലിയയുടെ പെര്‍ത്തിന് സമീപമുള്ള സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു. പെര്‍ത്തില്‍ നിന്നും 2500 കിലോമീറ്റര്‍ അകലെ വിമാനത്തിന്റേതായ അവശിഷ്ടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടു എന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി എബട്ട് പാര്‍ലമെന്റില്‍ പറഞ്ഞു.

ഇതോടെ ഉപഗ്രഹ ചിത്രങ്ങളിലായി എല്ലാവരുടെയും ശ്രദ്ധ. ആകാംക്ഷയോടെ കാത്തുനിന്ന ജനങ്ങളുടെ മുമ്പിലേക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു പറഞ്ഞ് വീണ്ടും ചിത്രങ്ങള്‍ എത്താന്‍ തുടങ്ങി. അതിനിടയില്‍ മാര്‍ച്ച് 24ന് വിമാനം തകര്‍ന്നുവീണതായും 239 പേരും മരിച്ചതായും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജ്യത്തോട് പ്രഖ്യാപിച്ചു. എന്നാല്‍ വിമാനം തകര്‍ന്നു വീണതിന് തെളിവ് ഹാജരാക്കാന്‍ അപകടത്തില്‍ കൂടുതല്‍ പേര്‍ നഷ്ടമായ ചൈന ആവശ്യപ്പെട്ടു. വിമാനം തകര്‍ന്നെന്ന് പ്രഖ്യാപിച്ചെങ്കിലും തിരച്ചില്‍ തുടര്‍ന്നു. ആധുനിക സംവിധാനങ്ങളുള്ള ആസ്‌ത്രേലിയയുടേതടക്കം നിരവധി കപ്പലുകള്‍ തിരിച്ചിലിനായിറങ്ങി.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം നാലു കിലോമീറ്റര്‍ ആഴത്തിലാണ് ബോക്‌സുള്ളതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന മാര്‍ഷല്‍ ആംഗസ് ഹൂസ്റ്റണ്‍ അറിയിച്ചു. എല്ലാ പ്രതീക്ഷകളും അവസാനിച്ച സ്ഥിതിക്ക് ഇനി വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്നലിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.