Connect with us

International

ഉക്രൈനില്‍ വീണ്ടും 'ക്രിമിയന്‍' കാറ്റ്‌

Published

|

Last Updated

2014477314135734_20കീവ്: ക്രിമിയയുടെ റഷ്യന്‍ പ്രവേശനത്തിന് പിന്നാലെ കിഴക്കന്‍ ഉക്രൈന്‍ നഗരമായ ഡൊനെറ്റ്‌സ്‌കിലും റഷ്യന്‍ അനുകൂലികളുടെ പ്രക്ഷോഭം. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിലേര്‍പ്പെട്ട റഷ്യന്‍ അനുകൂലികള്‍ ഡൊനെറ്റ്‌സ്‌കിലെ ഭരണ കേന്ദ്രം പിടിച്ചെടുത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. റഷ്യക്കനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പ്രതിപക്ഷ സഖ്യം പാശ്ചാത്യ ശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തിയതോടെയാണ് ക്രിമിയക്ക് പിന്നാലെ ഡൊനെറ്റ്‌സ്‌കിലും റഷ്യന്‍ അനകൂലികളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
ഡൊനെറ്റ്‌സ്‌ക് പ്രവിശ്യ ഉക്രൈനില്‍ നിന്ന് സ്വതന്ത്രമായിട്ടുണ്ടെന്നും ജനായത്ത റിപ്പബ്ലിക്കായി ഈ മേഖലയെ പ്രഖ്യാപിച്ചതായും പ്രക്ഷോഭക നേതാവ് വ്യക്തമാക്കി. പ്രവിശ്യാ അസംബ്ലി മന്ദിരവും പ്രക്ഷോഭകര്‍ പിടിച്ചെടുത്തു. ഉക്രൈനിലെ റഷ്യന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഡൊനെറ്റ്‌സ്‌ക്കിലെ പ്രക്ഷോഭം ഉക്രൈന്‍ സര്‍ക്കാറിനെയും യൂറോപ്യന്‍ യൂനിയനടക്കമുള്ള പാശ്ചാത്യ ശക്തികളെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പുതിയ സര്‍ക്കാറിനും ഭരണഘടനക്കുമായി ഹിതപരിശോധന നടത്തുമെന്ന് പ്രക്ഷോഭക നേതൃത്വം അറിയിച്ചു. അതിനിടെ, ഡൊനെറ്റ്‌സ്‌കിലെ വിപ്ലവത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണവുമായി ഉക്രൈന്‍ ഇടക്കാല പ്രസിഡന്റ് അലക്‌സാന്‍ഡര്‍ തുര്‍കിനോവ് രംഗത്തെത്തി. ഉക്രൈനിനെ വിഭജിക്കാനുള്ള ആസൂത്രിത ശ്രമമാണ് റഷ്യ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൊനെറ്റ്‌സ്‌കില്‍ പ്രക്ഷോഭകര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ ഉക്രൈന്‍ സര്‍ക്കാര്‍ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നു. പാശ്ചാത്യ സഹായം തേടുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
ഡൊനെറ്റ്‌സ്‌കിലെ സുരക്ഷാ ആസ്ഥാനവും പോലീസ് കേന്ദ്രവും റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണ്. അജ്ഞാത സംഘം പോലീസ് സ്റ്റേഷനുകളില്‍ വ്യാപക ആക്രമണമാണ് നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യയിലെ പ്രധാന നഗരമായ ലുഹാന്‍സ്‌കിലെ സുരക്ഷാ കേന്ദ്രം പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അവിടുത്തെ ഉക്രൈന്‍ പതാക മാറ്റി പകരം റഷ്യന്‍ പതാക ഉയര്‍ത്തിയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ലുഹാന്‍സ്‌കിലെ പ്രധാന റോഡുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ഉക്രൈന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രക്ഷോഭകര്‍ കനത്ത സന്നാഹമാണ് അതിര്‍ത്തി മേഖലയില്‍ ഒരുക്കിയത്. എന്നാല്‍, മേഖലയുടെ നിയന്ത്രണം പൂര്‍ണമായിട്ടും പ്രക്ഷോഭകര്‍ പിടിച്ചെടുത്തിട്ടില്ലെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.
ഉക്രൈനിലെ യാനുക്കോവിച്ചിന്റെ അട്ടിമറിക്ക് പിന്നാലെ കിഴക്കന്‍ ഉപദ്വീപായ ക്രിമയയിലുണ്ടായ മാറ്റത്തിന് സമാനമായാണ് ഡൊനെറ്റ്‌സ്‌കിലെയും പ്രക്ഷോഭം.