Connect with us

Ongoing News

തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരുക്കുന്നത് കര്‍ശന സുരക്ഷ. വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച പദ്ധതി പ്രകാരം അന്‍പത്തി ഒന്നായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
സംസ്ഥാനത്തെത്തിയ 55 കമ്പനി കേന്ദ്രസായുധസേനയിലെ അംഗങ്ങളും സംസ്ഥാന സായുധസേനയിലെ അയ്യായിരത്തോളം പേരും ഒന്‍പതിനായിരത്തോളം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെയാണിത്. ഇതോടൊപ്പം രണ്ടായിരത്തില്‍പ്പരം എക്‌സൈസ്, ഫോറസ്റ്റ്, തുടങ്ങി യൂനിഫോമിലുളള മറ്റ് വകുപ്പ് ജീവനക്കാരെയും ഹോം ഗാര്‍ഡിനെയും ക്രമസമാധാന ചുമതലക്ക് നിയോഗിക്കും.
കേരളത്തില്‍ നടന്ന മറ്റെല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വിന്യസിച്ചിട്ടുളളതിനെക്കാള്‍ കൂടുതല്‍ പേരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ ബറ്റാലിയനെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യം വേണ്ട ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനോ, അക്രമങ്ങള്‍ നടത്തുന്നതിനോ മറ്റുതരത്തിലുളള അനിഷ്ട സംഭവങ്ങള്‍ക്കോ ഉളള ഏതൊരു ശ്രമത്തേയും കര്‍ശനമായി നേരിടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട സുരക്ഷാ നടപടികളെടുക്കാന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഫീല്‍ഡിലുണ്ടാകും. സമാധാന ലംഘനത്തിനോ അക്രമത്തിനോ ഉളള ഏതൊരു ശ്രമങ്ങള്‍ക്കെതിരെയും തല്‍ക്ഷണ നടപടികള്‍ കൈക്കൊളളുന്നതിനായി വോട്ടെടുപ്പ് ദിവസം ആയിരത്തി ഇരുന്നൂറിലേറെ ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെയും തൊള്ളായിരത്തോളം ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളെയും നിയോഗിക്കും.
കുറ്റവാളികളെയും അക്രമികളെയും കണ്ടെത്തുന്നതിനും അനിഷ്ട സംഭവങ്ങള്‍ കൈയ്യോടെ പകര്‍ത്തുന്നതിനുമായി ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ ക്യാമറകളും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് 280-ല്‍പ്പരം ഇലക്ഷന്‍ സര്‍ക്കിള്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നൂറ്റിപ്പത്തോളം സബ് ഡിവിഷന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്ലാ സോണല്‍ എ ഡി ജി പി മാര്‍ക്കും റേഞ്ച് ഐ ജി മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂനിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞുളള സുരക്ഷക്കുളള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
എല്ലാ കൗണ്ടിംഗ് സെന്ററുകള്‍ക്കും ത്രീ ടയര്‍ സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങളും അതേത്തുടര്‍ന്നുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും നേരിടുന്നതിന് വോട്ടെടുപ്പിന് ശേഷമുള്ള സുരക്ഷാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Latest