ക്ലസ്റ്റര്‍ ഓഫ് ലൈറ്റ് സമാപിച്ചു

Posted on: April 7, 2014 7:36 pm | Last updated: April 7, 2014 at 7:36 pm

Clusters of Light Five spectacular, epic performances will dramഷാര്‍ജ: ഇസ്‌ലാമിക ചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച സ്റ്റേജ് പരിപാടിയായ ക്ലസ്റ്റര്‍ ഓഫ് ലൈറ്റ് അഞ്ച് പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പുതുതായി തുറന്ന അല്‍ മജാസ് ആംഫി തിയേറ്ററില്‍ സമാപിച്ചു.
ഏപ്രില്‍ 4 നാണ് പ്രഥമ പ്രദര്‍ശനം നടന്നത്. അഞ്ച് പ്രദര്‍ശനത്തിനുമായി 15,000 പേര്‍ തിയേറ്ററിലെത്തിയിരുന്നു. നവ സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളും പ്രദര്‍ശനത്തിന് സാക്ഷികളായതായി സംഘാടകരായ ഷാര്‍ജ മീഡിയ അറിയിച്ചു.
ഷാര്‍ജയെ അന്താരാഷ്ട്ര ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ആഘോഷങ്ങളുടെ തുടക്കമായാണ് ക്ലസ്റ്റര്‍ ഓഫ് ലൈറ്റ് സംഘടിപ്പിച്ചത്. ചിത്ര – ശബ്ദ സംയോജനത്തിലൂടെയും തത്സമയ അവതരണത്തിലൂടെയും പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജീവചരിത്രം അനാവരണം ചെയ്യുന്നതായിരുന്നു ഇതിവൃത്തം.
അറബ് മുസ്‌ലിം മൂല്യങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പ്രോജ്വലിപ്പിച്ചു അവതരിപ്പിക്കാനും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസൃതമായി കലാസൃഷ്ടി രൂപപ്പെടുത്താനും എമിറേറ്റിന് സാധിക്കുമെന്നതിന്റെ കൂടി തെളിവായി മാറി ക്ലസ്റ്റ്ര്‍ ഓഫ് ലൈറ്റ് എന്ന് സംഘാടകര്‍ പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള ആളുകള്‍ക്ക് പ്രവാചക ജീവതത്തിലെ ഏടുകള്‍ ഒപ്പിയെടുക്കാനും മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാനും പരിപാടിയിലൂടെ സാധിച്ചുവെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി പറഞ്ഞു.