ഭാഷ പിറന്ന മണ്ണില്‍ വാക്കുകള്‍ കൊണ്ട് അസ്ത്രമെയ്ത് വി എസ്

Posted on: April 7, 2014 8:16 am | Last updated: April 7, 2014 at 8:16 am

തിരൂര്‍: മലയാളഭാഷ പിറന്ന മണ്ണില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വാക്കുകള്‍ കൊണ്ട് അസ്ത്രമെയ്ത് വി എസ് മുന്നേറുമ്പോള്‍ ആവേശവും ആനന്ദവും കൂട്ടിക്കുഴച്ച് അണികള്‍ ആരവം മുഴക്കി.
പ്രാദേശികപ്രശ്‌നം മുതല്‍ ദേശീയ രാഷ്ട്രീയം വരെ വിഷയമായ തന്റെ പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങുംവരെ പ്രവര്‍ത്തകര്‍ ശ്വാസം വിടാതെ ഒറ്റ നില്‍പ്പായിരുന്നു. കോട്ടക്കലിലെ പ്രചാരണയോഗം കഴിഞ്ഞാണ് ഇന്നലെ അദ്ദേഹം തിരൂരിലെത്തിയത്. ഇടക്ക് ചെറിയമുണ്ടം പഞ്ചായത്തിലെ പറപ്പൂത്തടത്ത് സി പി എമ്മിന്റെ ലോക്കല്‍കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും ഉണ്ടായിരുന്നു. അവിടെ ചെറിയതോതില്‍ ഒരു സാമ്പിള്‍ വെടിക്കെട്ട്. അരയും തലയും മുറുക്കി ജയമുറപ്പിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം. അവിടന്ന് നേരെ തിരൂരിലേക്ക്. താഴെപ്പാലം മുനിസി്പ്പില്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു പരിപാടി. സമയം ഏറെയുള്ളതിനാല്‍ അന്നാരയിലുള്ള സജീവപ്രവര്‍ത്തകനും അഭിഭാഷകനുമായ ചന്ദ്രശേഖരന്‍ വക്കീലിന്റെ വീട്ടില്‍ ആയിരുന്നു വിശ്രമം.
വൈകിട്ട് നാലുമണിയോടെ പരിപാടിനടക്കുന്ന സ്റ്റേഡിയത്തിലേക്ക്. പ്രതിപക്ഷനേതാവിന്റെ പ്രഭാഷണം കേള്‍ക്കാനായി വളരെ നേരത്തെ തന്നെ വലിയ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. വി എസ് വേദിയിലേക്ക് എത്തിയതോടെ പ്രവര്‍ത്തകര്‍ എല്ലാം മറന്ന് ആരവം മുഴക്കി. ന്യൂനപക്ഷത്തിന്റെ രക്ഷകരെന്ന് അവകാശപ്പെട്ട ലീഗ് എന്താണ് ചെയ്തതെന്ന ചോദ്യത്തോടെയാണ് തുടക്കം.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെയും ബി ജെ പിയെയും നിശിതമായി വിമര്‍ശിച്ച് പ്രസംഗം മുന്നോട്ട്. ഇടക്ക് നീട്ടിവലിച്ച വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അണികളും ആവേശത്തിലായി. ഇടതുകാറ്റാണ് വീശുന്നതെന്നും പൊന്നാനിയിലെ ഇടുപക്ഷ സ്ഥാനാര്‍ഥിയുടെ ചിഹ്നമായ കപ്പും സോസറും ആര്‍ക്കും മറക്കാനാവില്ലെന്നും പറഞ്ഞുവെച്ച് മുക്കാല്‍ മണിക്കൂറോളം അദ്ദേഹം പ്രഭാഷണം തുടര്‍ന്നു. പിന്നീട് അടുത്ത പോതുയോഗ സ്ഥലമായ വെളിയങ്കോട്, പൊന്നാനി, എടപ്പാള്‍ എന്നിവിടങ്ങളിലേക്ക്.