ഇവിടെ പ്രചാരണം ഫോണ്‍ കവറുകളിലൂടെയും

    Posted on: April 7, 2014 8:01 am | Last updated: April 7, 2014 at 8:01 am

    congressതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ഹൈടെക്ക് രീതികളിലേക്ക് കടക്കുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ മാത്രമല്ല, ഫോണ്‍ കവറുകളിലൂടെയും പ്രചാരണങ്ങളുണ്ടാകും. പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന ഡീലര്‍മാരാണ് നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ പടവും അവരുടെ വാഗ്ദാനങ്ങളുമുള്ള സ്മാര്‍ട്ട് ഫോണ്‍ മൊബൈല്‍ കവറുകളും മൊബൈല്‍ കെയ്‌സുകളും രംഗത്തിറക്കിയിരിക്കുന്നത്.
    വില്‍പ്പന ഇതിനോടകം വന്‍ ഹിറ്റാണ്. അഞ്ഞൂറിനും ആയിരത്തിനും ഇടയിലാണ് വില. ‘നല്ല കാര്യങ്ങള്‍ ചെയ്യുന്നവന്‍ തീര്‍ച്ചയായും ജീവിതത്തില്‍ വിജയിക്കുമെന്ന’ മോദിയുടെ വാക്കുകളും അദ്ദേഹത്തിന്റെ ചിത്രവുമുള്ള മൊബൈല്‍ കവറുകളുടെ വില്‍പ്പന അയ്യായിരം കവിഞ്ഞു. പതിമൂന്ന് ശതമാനം വിലക്കുറവോടെ വില്‍ക്കുന്ന ഈ മൊബൈല്‍ കവറിന് 699 രൂപയാണ് വില.
    ‘ഒരാളുടെ ചിന്താഗതികളും വീക്ഷണവുമായി ഇന്ത്യയെ എങ്ങോട്ടും നയിക്കാന്‍ പറ്റില്ല. നമുക്ക് വേണ്ടത് 120 കോടി ജനങ്ങളുടെയും കൂട്ടായ പരിശ്രമമാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളും അദ്ദേഹത്തിന്റെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങളുമായാണ് കോണ്‍ഗ്രസ് മൊബൈല്‍ കവര്‍ വിപണിയിലുള്ളത്. ഇനി രാഹുലിന്റെയും സോണിയയുടെയും പടം വേണ്ടെങ്കില്‍ ഗാന്ധിജിയുടെതും ലഭിക്കും. വില മോദിയുടെതിനേക്കാള്‍ തുച്ഛം. നാനൂറ് രൂപ.
    താമരയുടെയും മോദിയുടെതുമായി അമ്പതിലേറെ തരത്തിലുള്ള മൊബൈല്‍ കവറുകളും കെയ്‌സുകളും ഇറങ്ങിയിട്ടുണ്ട്. ആം ആദ്മി കവറുകള്‍ക്കും വില്‍പ്പനയുണ്ട്. വാഗ്ദാനങ്ങള്‍ എഴുതി മനോഹരമായി ഡിസൈന്‍ ചെയ്ത കവറുകളാണ് എ എ പിയുടേയത്. താരം കെജ്‌രിവാള്‍ തന്നെ. സൗജന്യമായി വെള്ളം, സ്ത്രീ സുരക്ഷ, ജന ലോക്പാല്‍ എന്നിവയാണ് കെയ്‌സിലെയും കവറിലെയും വിഷയങ്ങള്‍. സാംസംഗ് മൊബൈലുകളുടെ കെയ്‌സും കവറുകളുമായിട്ടാണ് മിക്കതും ഇറങ്ങിയിരിക്കുന്നത്.