മുമ്പേ നടന്ന എന്റെ മുര്‍ശിദ്

Posted on: April 7, 2014 7:47 am | Last updated: April 7, 2014 at 7:47 am

okസ്വദേശത്തും പരിസര പ്രദേശങ്ങളിലുമുള്ള ദര്‍സ് പഠനത്തിനു ശേഷം നാട്ടില്‍ നിന്ന് അല്‍പ്പം അകലെ ഉന്നതമായൊരു ഉസ്താദിന്റെ ദര്‍സില്‍ ചേരാന്‍ ആഗ്രഹിച്ചു. മര്‍ഹൂം സയ്യിദ് അബ്ദുല്‍ഖാദിര്‍ അഹ്ദല്‍ അവേലത്ത് തങ്ങളോട് എന്റെ ആശ അറിയിക്കുകയും അവിടുത്തെ ഉപദേശം തേടുകയും ചെയ്തു. യത്തീമായി വളര്‍ന്ന എനിക്ക് ചെറുപ്പം തൊട്ടേ താങ്ങും തണലുമായിരുന്ന അവേലത്ത് തങ്ങളാണ് ശൈഖുനാ ഉസ്താദുല്‍ അസാതീദ് ഒ കെ ഉസ്താദിന്റെ ദര്‍സില്‍ ചേരാന്‍ നിര്‍ദേശിച്ചത്. ശൈഖുനാ അന്ന് ചാലിയത്ത് നിന്നും പിരിഞ്ഞ് മലപ്പുറത്തെ തലക്കടത്തൂരില്‍ ദര്‍സ് ഏറ്റെടുത്ത സമയമായിരുന്നു. തങ്ങളുടെ കത്തുമായി ഞാന്‍ തലക്കടത്തൂരില്‍ എത്തി. ഒരു വൈകുന്നേരമായിരുന്നു. വന്ദ്യരായ ഉസ്താദിനെ കണ്ടു. തൂവെള്ള നിറമുള്ള നീളക്കുപ്പായം, വാലു വെച്ച പ്രൗഢിയുള്ള തലപ്പാവ്, വെള്ളിനൂല്‍ പോലെ വെളുത്ത താടി…. ഉസ്താദിന്റെ അകം പോലെ പുറത്തും എല്ലാം ശുഭ്രമയം.
നൂറിലധികം വിദ്യാര്‍ഥികള്‍ അന്ന് ദര്‍സില്‍ ചേരാന്‍ എത്തിയിരുന്നു. ഞാന്‍ ഭവ്യതയോടെ കടന്നു ചെന്നു. സലാം ചൊല്ലി തങ്ങളുടെ കത്ത് കൊടുത്തു. എന്നെ ദര്‍സില്‍ ചേര്‍ത്തി. അങ്ങനെ രണ്ട് വര്‍ഷം അവിടെയും പിന്നീട് ചാലിയത്തുമായി ഉസ്താദിന്റെ ദര്‍സിലെ പഠനകാലം ജീവിതത്തിലെ ഹൃദ്യമായ ഓര്‍മയാണ്. ശൈഖുനയില്‍ വലിയൊരു വ്യക്തിപ്രഭാവത്തെയും മാതൃകാ ജീവിതത്തെയും വായിച്ചെടുക്കാന്‍ സാധിച്ചു. അത്യാവശ്യത്തിന് മാത്രം ഉറക്കവും ഭക്ഷണവും മറ്റു നിത്യവൃത്തികളും ഒഴിച്ചാല്‍ മുഴുസമയവും ദര്‍സ് നടത്താനും ‘മുതാലഅ’ക്കും വേണ്ടി ഉപയോഗിച്ചു. സുബ്ഹി നിസ്‌കാര ശേഷം തുടങ്ങി വൈകുന്നേരം അഞ്ച് മണി വരെ തുടരുന്ന ദര്‍സ് പിന്നീട് മഗ്‌രിബ് മുതല്‍ ഇശാഅ് വരെയും ദര്‍സ് തന്നെ. ഇശാഇന് ശേഷം ഔറാദും ഹദ്ദാദും കഴിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ മിക്ക ദിവസവും 12 മണി വരെ ശൈഖുന കിതാബ് ‘മുതാലഅ’ ചെയ്യുമായിരുന്നു. എല്ലാ വിജ്ഞാന ശാഖകളിലും അഗാധമായ പാണ്ഡിത്യവും ഗഹനമായ വീക്ഷണവും ശൈഖുനയെ വേറിട്ടു നിര്‍ത്തി.
സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരോടും ശൈഖുന സൗമ്യമായി പെരുമാറി. വലിയവര്‍, ചെറിയവര്‍, കുട്ടികള്‍, പണ്ഡിതര്‍, സാധാരണക്കാര്‍, പണക്കാര്‍, പാവപ്പെട്ടവര്‍ എന്ന വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും നിറപുഞ്ചിരിയോടെ സ്വീകരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി. സംഘടനാ രംഗത്ത് എനിക്ക് ഏറെ പ്രചോദനമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ പിളര്‍പ്പ് സംഭവിച്ചപ്പോള്‍ എന്നെ വിളിച്ച് പ്രത്യേകം ഉപദേശിക്കുകയും ഹഖില്‍ ഉറച്ച് നില്‍ക്കാന്‍ പറയുകയും ചെയ്തു. മറുഭാഗത്തുള്ള പണ്ഡിതര്‍ പറയുന്ന മസ്അലകള്‍ തെറ്റായി ബോധ്യപ്പെടുമ്പോള്‍ അത് ബോധ്യപ്പെടുത്തുകയല്ലാതെ വ്യക്തിപരമായി ആരെയും ഉസ്താദ് ആക്ഷേപിക്കാറില്ല. ആ മാതൃക ഇന്നും നമ്മള്‍ പിന്തുടരുന്നു. ഏത് ദുഃഖങ്ങള്‍ ഉണ്ടായാലും പുറത്ത് പ്രകടിപ്പിക്കാത്ത ശൈഖുന ദുഃഖിച്ച് കരയുന്നത് ഒരിക്കല്‍ മാത്രമാണ് കണ്ടത്. ഉസ്താദ് അധ്വാനിച്ച് നിര്‍മിക്കുകയും ദീനി വിജ്ഞാന കേന്ദ്രമാകുകയും ചെയ്ത ഇഹ്‌യാഉസ്സുന്ന ശരീഅത്ത് കോളജ് ചില ദീനിവിരോധികളുടെ ഇടപെടല്‍ മൂലം അടച്ചിടേണ്ടി വന്നപ്പോഴായിരുന്നു അത്. തന്റെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചുകൊണ്ടിരിക്കെ ഉസ്താദ് എന്നോട് പറഞ്ഞു. ”ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആകുന്ന ഖിദ്മത്ത് ഇല്‍മിന് വേണ്ടി ചെയ്യുകയായിരുന്നു. അതിനെതിരെ വരുന്നവരെ അല്ലാഹു പരാജയപ്പെടുത്തും. നമ്മെ അല്ലാഹു വിജയിപ്പിക്കും”.
മുത്ത് നബി (സ)യോട് അങ്ങേയറ്റം ഇശ്ഖ് വെച്ച് ശൈഖുന റബീഉല്‍ അവ്വലെത്തിയാല്‍ അതിരറ്റ് സന്തോഷിച്ചു. കോളജിന്റെ കീഴില്‍ പൊതുപരിപാടികളും സമ്മേളനങ്ങളും വിപുലമായി നടത്താത്ത ഉസ്താദ,് നബി (സ)യുടെ ജന്മദിനത്തില്‍ പ്രത്യേക സമ്മേളനം നടത്തിയിരുന്നു. ഇന്നും തുടര്‍ന്ന് വരുന്ന മീലാദ് സമ്മേളനത്തില്‍ എല്ലാ വര്‍ഷവും ഞാന്‍ സംബന്ധിക്കാറുമുണ്ട്. ശൈഖുന അവസാനമായി പങ്കെടുത്ത പൊതുപരിപാടി കോട്ടക്കലില്‍ നടന്ന സമസ്ത ഉലമാ കോണ്‍ഫറന്‍സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഉസ്താദ് വന്ന് ദുആ ചെയ്തു തന്നു. സംഘടനയോടുള്ള അതിയായ സന്തോഷവും പിന്തുണയും അറിയിച്ചാണ് ഉസ്താദ് തിരിച്ചുപോയത്. ആയിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്ത ഉസ്താദിന്റെ ആത്മാവ് ഇന്നും നമ്മോടൊപ്പമുണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.