വിഴുപുരത്ത് കുഴല്‍ക്കിണറില്‍ വീണ ബാലിക മരിച്ചു

Posted on: April 6, 2014 10:31 pm | Last updated: April 7, 2014 at 7:34 am

വിഴുപ്പുരം: കുഴല്‍ക്കിണറിന്റെ സുരക്ഷാ അപര്യാപ്തത കാരണം ഒരു കുരുന്നു ജീവന്‍ കൂടി പൊലിഞ്ഞു. തമിഴ്‌നാട്ടിലെ വിഴുപ്പുരത്ത് കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ 19 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരിച്ചു. ശനിയാഴ്ചയാണ് പല്ലഗശ്ശേരിയില്‍ 500 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ ബാലിക വീണത്. 30 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ രക്ഷപ്പെടുത്താനായി.
കല്ലാകുറിച്ചി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിന് ശേഷം മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ മണിക്കൂറുകളോളം കിടന്നതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ കോമ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്ന് സൂപ്രണ്ട് ഡോ. ഉദയകുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് കളിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പെണ്‍കുട്ടി പോളിത്തീന്‍ കവര്‍ കൊണ്ട് മൂടിയ കുഴല്‍ക്കിണറില്‍ വീണത്. പോലീസും അഗ്നിശമന സേനാംഗങ്ങളും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കിണറിലേക്ക് വായു പമ്പ് ചെയ്യുകയും സമാന്തരമായി കുഴിക്കുകയും ചെയ്തു. മധുരയിലെ ടി വി എസ് കമ്മ്യൂണിറ്റി കോളജില്‍ നിന്ന് ഒരു സംഘമെത്തി റോബോട്ടിക് സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നു.
കുഴല്‍ക്കിണറുകള്‍ കുഴിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ 2010ല്‍ സുപ്രീം കോടതി പുറത്തുവിട്ടിരുന്നു.