ജില്ലയില്‍ 16 പ്രശ്‌നബാധിത ബൂത്തുകള്‍

Posted on: April 6, 2014 2:46 am | Last updated: April 6, 2014 at 2:46 am

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ പട്ടിക പോലീസ് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി സമ്മതിദായകരുടെ സുരക്ഷയും ക്രമസമാധാനവും പരിഗണിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. 76 പ്രദേശങ്ങളിലെ 164 പോളിംഗ് സ്റ്റേഷനുകള്‍ പ്രശ്‌നസാധ്യതാബൂത്തുകളായി വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 16 ബൂത്തുകള്‍ ക്രിട്ടിക്കല്‍ പട്ടികയിലും മറ്റ് 148 ബൂത്തുകള്‍ പ്രശ്‌നസാധ്യതാപട്ടികയിലുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 % പോളിംഗ് രേഖപ്പെടുത്തിയ പോളിംഗ് സ്റ്റേഷനുകളും ഒരു സ്ഥാനാര്‍ഥിക്ക് 75%ത്തിലേറെ വോട്ടു ലഭിച്ച 16 പോളിംഗ് സ്റ്റേഷനുകളുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.—
90% ത്തിലേറെ പോള്‍ചെയ്ത ആറ് പോളിംഗ് സ്റ്റേഷനുകളുണ്ട്. മലമ്പുഴനിയോജക മണ്ഡലത്തില്‍ ഒന്നും ചിറ്റൂര്‍ രണ്ടും തരൂര്‍ മൂന്നും പോളിംഗ് സ്റ്റേഷനുകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഒരു സ്ഥാനാര്‍ഥിക്ക് ലഭിച്ച 75 %ത്തിലേറെ വോട്ടു ലഭിച്ച 13 പോളിംഗ് സ്റ്റേഷനുകളുണ്ട്. തൃത്താല, മണ്ണാര്‍ക്കാട് (അലനെല്ലൂര്‍) നിയോജകമണ്ഡലങ്ങളില്‍ ഒന്നുവീതവും മലമ്പുഴനിയോജക മണ്ഡലത്തില്‍ (മുണ്ടൂര്‍, കൊല്‍ക്കണ്ടന്‍പൊറ്റ, പടലിക്കാട്, വേങ്ങോടി) നാലും പാലക്കാട് നിയോജകമണ്ഡലത്തില്‍ (മൂത്താന്തറ) ഒന്നും, തരൂരില്‍ (പെരിങ്ങോട്ടുകുറിശ്ശി തോട്ടക്കര, മഞ്ഞപ്ര) മൂന്നും ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ (സൂര്യാര്‍പാളയം, അണിക്കോട് , അട്ടയാമ്പതി) മൂന്നും നെന്‍മാറയില്‍ (കുരിയാങ്കുറ്റി, പറമ്പിക്കുളം) രണ്ടും പോളിംഗ് സ്റ്റേഷനുകളാണ് ക്രിട്ടിക്കല്‍ പട്ടികയില്‍ പരിഗണിച്ചിട്ടുള്ളത്. പ്രശ്‌നസാധ്യത പരിഗണിച്ച് ഈ പോളിംഗ് സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കും.—ഈ പട്ടികയില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നസാധ്യതാ പോളിംഗ് സ്റ്റേഷനുള്ളത്. രണ്ടാം സ്ഥാനം ചിറ്റൂര്‍ നിയോജകമണ്ഡലത്തിലും. നിയോജകമണ്ഡലങ്ങളിലെ സംഘര്‍ഷസാധ്യതാ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഇപ്രകാരമാണ്. തൃത്താല (നാല്), പട്ടാമ്പി (ഏഴ്), ഷൊര്‍ണൂര്‍(മൂന്ന്), ഒറ്റപ്പാലം (11),കോങ്ങാട് (11), മണ്ണാര്‍ക്കാട് (13), മലമ്പുഴ (29), പാലക്കാട് (17), തരൂര്‍ (ഒമ്പത്), ചിറ്റൂര്‍(25)നെന്മാറ(16)ആലത്തൂര്‍(19).—
104 പോളിംഗ് സ്റ്റേഷനുകള്‍ രാഷ്ട്രീയ വിഭാഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സംഘര്‍ഷസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃത്താല(13),പട്ടാമ്പി(14), ഷൊര്‍ണൂര്‍(9), ഒറ്റപ്പാലം(4), കോങ്ങാട്(16),മണ്ണാര്‍ക്കാട്(17), മലമ്പുഴ(6), പാലക്കാട്(3), തരൂര്‍(3),ചിറ്റൂര്‍(7), നെന്‍മാറ(2), ആലത്തൂര്‍(10) നിയോജകമണ്ഡലങ്ങളാണിവ.
തൃത്താല(6),ഷൊര്‍ണൂര്‍(13), ഒറ്റപ്പാലം(3), മണ്ണാര്‍ക്കാട്(8), മലമ്പുഴ(6), തരൂര്‍(8), നെന്‍മാറ (1), ആലത്തൂര്‍(1) നിയോജകമണ്ഡലങ്ങളിലെ 46 പോളിംഗ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ എതിരാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സുരക്ഷ നല്‍കിയിട്ടുണ്ട്.