Connect with us

Gulf

'മതവിശ്വാസിയുടെ രാഷ്ട്രീയം ബാഫഖി തങ്ങളില്‍ നിന്നു പഠിക്കണം'

Published

|

Last Updated

മസ്‌കത്ത്: തികഞ്ഞ വിശ്വാസിയും ഇസ്‌ലാമിക പ്രവര്‍ത്തകനുമാകുമ്പോള്‍ തന്നെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന, അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളില്‍ നിന്നും പുതിയ തലമുറ പാഠമുള്‍കൊള്ളേണ്ടതുണ്ടെന്ന് ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍. ഏതാനും ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തിയ, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റായ സൈനുല്‍ ആബിദീന്‍ തങ്ങള്‍ പിതാവിന്റെ രാഷ്ട്രീയ, മത പ്രവര്‍ത്തനത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു.

രാഷ്ട്രീയവും മതവും രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടതാണെന്ന ആശയം പ്രയോഗവത്കരിച്ച രാഷ്ട്രീയക്കാരനായിരുന്നു പിതാവ്. പാര്‍ട്ടിയുടെ ഉന്നത പദവികളിലിരുന്നപ്പോഴും മതകാര്യങ്ങളിലും ആദര്‍ശത്തിലും വിട്ടു വീഴ്ച വരുത്താന്‍ അദ്ദേഹം സന്നദ്ധനായില്ല. മതം ഉലമാക്കള്‍ പറയട്ടെ എന്ന നിലപാടെടുത്തു. മക്കളെ ആരെയും രാഷ്ട്രീയത്തിന്റെ വഴിയെ നടക്കാന്‍ സമ്മതിച്ചില്ല. ലീഗ് നേതാവായിരിക്കുമ്പോഴും സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം മാതൃക കാണിച്ചു. രാഷ്ട്രീയത്തിന്റെ മതത്തിലേക്കുള്ള അതിര്‍ വരമ്പുകള്‍ അദ്ദേഹം നിശ്ചയിച്ചിരുന്നു. കൊയിലാണ്ടിയില്‍ ഒരു വനിതാ പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടതായി സന്തോഷം അറിയിക്കാന്‍ വന്ന പ്രവര്‍ത്തകരോട് പെണ്ണുങ്ങളുടെ ലീഗ് നമുക്ക് വേണ്ടെന്നാണ് ഉപ്പ പറഞ്ഞത്. ഇസ്‌ലാമിലെ പരിഷ്‌കരണ ആശയക്കാരെയും അകലത്തില്‍ നിര്‍ത്തി. മുസ്‌ലിം ലീഗ് നേതാക്കള്‍ എന്ന നിലയില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ സുലൈമാന്‍ സേഠ് ഉള്‍പെടെയുള്ളവര്‍ക്ക് പിറകിലാണ് സീറ്റ് അനുവദിച്ചിരുന്നത്.

പാര്‍ട്ടിയും ഭരണവും തമ്മിലുള്ള ഏകോപനത്തിനും അതോടൊപ്പം കേരളത്തിലെ മത സൗഹാര്‍ദത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാടും ഉയര്‍ത്തിപ്പിടിച്ചിരുന്നു ഉപ്പ. സി എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കേ കോളജ് അനുവദിച്ചില്ലെന്ന പരാതിയുമായി എത്തിയ എന്‍ എസ് എസ് നേതാക്കളെ കേള്‍ക്കുകയും സി എച്ചിന് കോളജ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞാല്‍ അനുസരിക്കാനുള്ളയാളാണ് പാര്‍ട്ടി മന്ത്രിയെന്നായിരുന്നു ബാഫഖി തങ്ങളുടെ നിലപാട്. സി എച്ചിനെയും ഇ അഹ്മദിനെയുമൊക്കെ പഠിപ്പിക്കുന്നതിലും രാഷ്ട്രീയത്തില്‍ വളര്‍ത്തുന്നതിലും ഉപ്പ പങ്കു വഹിച്ചു. സി എച്ചിനെ ആദ്യമായി കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ചതും സി എച്ചിന്റെ നികാഹ് ചെയ്തു കൊടുത്തതും ഉപ്പയാണ്. യു ഡി എഫ് സംവിധാനം കൊണ്ടു വരുന്നതിലും സി എച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാനുള്ള നീക്കം നടത്തിയതും ബാഫഖി തങ്ങളാണ്. സി എച്ച് മന്ത്രിസഭ മറിച്ചിടാന്‍ ആന്റണി നടത്തിയ നീക്കത്തെ തോല്‍പിച്ച് തലേന്നു രാത്രി രാജിവെക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടി അധ്യക്ഷനായിരിക്കേ പാര്‍ട്ടിയെ വളര്‍ത്താനുള്ള വഴികള്‍ ആലോചിച്ചു പ്രവര്‍ത്തിക്കുമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേഠിനെയും പാണക്കാട് ഹൈദരലി തങ്ങളുടെ ഉപ്പ പി എം എസ് പൂക്കോയ തങ്ങളെയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടു വരുന്നത് ബാഫഖി തങ്ങളാണ്. മലപ്പുറത്ത് പാര്‍ട്ടി വളര്‍ത്താന്‍ പാണക്കാട്ട് തങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് സി എച്ചുമായി നടത്തിയ ആലോചനയുടെ ഫലമായിരുന്നു അത്. തീരുമാനം ഫലിച്ചു. മലപ്പുറത്ത് ലീഗ് വളര്‍ന്നു. അന്നു രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന ശിഹാബ് തങ്ങള്‍ പിന്നീട് പാര്‍ട്ടിയുടെ പ്രസിഡന്റായി. ശിഹാബ് തങ്ങള്‍ ബാഫഖി തങ്ങളുടെ മകളെ (തന്റെ സഹോദരിയെ)യാണ് വിവാഹം ചെയ്തത്.
ശംസുല്‍ ഉലമയുമായി വലിയ അടുപ്പമായിരുന്നു ഉപ്പാക്ക്. രണ്ടു പേരുടെയും കൂട്ടുകെട്ടിലൂടെയാണ് പാണക്കാട് ജാമിഅ നൂരിയ്യ സ്ഥാപിതമാകുന്നത്.

ദരാബാദില്‍നിന്നുള്ള നൂരിശ ശൈഖിനെ കൊണ്ടു വന്ന് സ്ഥാപനത്തിന് നൂരിയ എന്നു പേരുമിട്ടു. എന്നാല്‍ അദ്ദേഹം ശരിയായ വഴിയിലല്ലെന്ന് ശംസുല്‍ ഉമല പറഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ തയാറായി. ലീഗുമായി അടുപ്പമുണ്ടായിരുന്ന എം ഇ എസിനെ ഒഴിവാക്കിയതും ശംസുല്‍ ഉമലയുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു. ജാമിഅ നൂരിയയയില്‍ നിന്ന് ശംസുല്‍ ഉലമയെ നീക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെത്തു ബാഫഖി തങ്ങള്‍. പോസ്റ്ററുകളിലും നോട്ടീസിലും ഫോട്ടോ വെക്കുന്നതിനെയും ശക്തമായി എര്‍ത്തു. ഇപ്പോള്‍ നേതാക്കളുടെ വലിയ ചിത്രങ്ങളാണ് വെക്കുന്നത്. ശംസുല്‍ ഉമലയുടെ വരെ ചിത്രങ്ങള്‍ വെക്കുന്നുണ്ട്. രാഷ്ട്രീയക്കാരും മത പ്രവര്‍ത്തകരും മുന്‍കാല നേതൃത്വത്തില്‍ നിന്നു പാഠമുള്‍കൊള്ളണമെന്നും സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉണര്‍ത്തി.
ബാഫഖി തങ്ങളുടെ മരണശേഷം മലേഷ്യയില്‍ പോയി ഏറെക്കാലം അവിടെ ജീവിച്ച തങ്ങള്‍, ഒന്നര വര്‍ഷം മുമ്പ് മലപ്പുറം നടുവിലങ്ങാടിയില്‍ താമസമാക്കി. ഭാര്യയും മകനും കുടുംബവും കൂടെയുണ്ട്. മകള്‍ കാനഡയില്‍ സ്ഥിരതാമസമാണ്. സുന്നി പ്രസ്ഥാനത്തിന്റെ നേതൃത്തില്‍ നടക്കുന്ന ദീനീ സംരംഭങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന തങ്ങള്‍ നാട്ടില്‍ ഒരു മദ്‌റസ സ്ഥാപിക്കുന്നതിന്റെ ആവശ്യത്തിനു കൂടിയാണ് ഒമാന്‍ സന്ദര്‍ശിക്കുന്നത്.

Latest