രാഷ്ട്രീയ കാലാവസ്ഥ പഠിക്കാന്‍ സി പി എമ്മിന്റെ രഹസ്യ സര്‍വേ

Posted on: April 6, 2014 6:11 am | Last updated: April 6, 2014 at 12:15 am

cpim logo

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കുന്നതിന് സി പി എമ്മിന്റെ രഹസ്യ സര്‍വേ. തിരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കാവുന്ന വോട്ടും ലഭിച്ച വോട്ടും സംബന്ധിച്ച് സി പി എം കണക്കെടുപ്പ് നടത്താറുണ്ടെങ്കിലും ചരിത്രത്തില്‍ ആദ്യമായാണ് സര്‍വേ നടത്തിയത്.
ചില സ്വകാര്യ ചാനലുകള്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. ഈ സാഹചര്യത്തിലാണ് സി പി എം നടത്തിയ സാമ്പിള്‍ സര്‍വേ ശ്രദ്ധേയമാകുന്നത്. അവസാനം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും സി പി എമ്മിന്റെ പാര്‍ട്ടി കണക്കെടുപ്പ് തെറ്റിയിരുന്നു. നിഷ്പക്ഷ വോട്ടര്‍മാരെ വിലയിരുത്തുന്നതില്‍ കീഴ് കമ്മിറ്റികള്‍ക്ക് തെറ്റുപറ്റിയതായും പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും മാറ്റി നിര്‍ത്തി നിഷ്പക്ഷരായ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് സര്‍വേ നടത്തിയത്.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലായിരുന്നു സര്‍വേ. ഒരു മണ്ഡലത്തില്‍ പതിനഞ്ച് ബൂത്തുകള്‍ പ്രകാരം 2,100 ബൂത്തുകളില്‍ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായാണ് സര്‍വേ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത പത്ത് പേരുടെ അഭിപ്രായമാണ് ഒരോ ബൂത്തില്‍ നിന്നും തേടിയത്. സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് പേര് പറയുകയും പറയാതിരിക്കുകയും ചെയ്യാം. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത ബൂത്തുകളായിരുന്നു സര്‍വേക്കായി പ്രധാനമായും തിരഞ്ഞെടുത്തിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍വേക്കായി ചെന്നാല്‍ അത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പുറത്തുള്ളവരെകൊണ്ട് നടത്തിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന സര്‍വേകളില്‍ വിശ്വാസമുണ്ടോ?, കഴിഞ്ഞ തവണ ആര്‍ക്കാണ് വോട്ട് ചെയ്തത്?, തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍ വിലക്കയറ്റം, വര്‍ഗീയത, അഴിമതി ഇവയില്‍ ഏതാണ്?. ഇവയല്ലാതെ മറ്റേതെങ്കിലും വിഷയങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുമോ?, ദേശീയ രാഷ്ട്രീയത്തില്‍ ഇത്തവണ ആര്‍ക്കാണ് സാധ്യത?, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതിന്റെ ഫലങ്ങള്‍ കീഴ് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച് ജില്ലാ കമ്മിറ്റി ഓണ്‍ലൈനായി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറി. സെക്രട്ടേറിയറ്റില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള സമിതിയാണ് സര്‍വേ ഫലം പരിശോധിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണ രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അടുത്ത ദിവസം തന്നെ കീഴ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ സ്വീകരിക്കേണ്ട പോസ്റ്റര്‍ പ്രചാരണം അടക്കമുള്ള തന്ത്രങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തിലാകും.
സര്‍വേ ഫലം പാര്‍ട്ടി പുറത്തുവിടില്ല. എങ്കിലും തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് എത്ര സീറ്റ് നേടുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരസ്യ പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ പറയാമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. പാര്‍ട്ടി തിരഞ്ഞെടുപ്പ് സര്‍വേ നടത്തിയ പശ്ചാത്തലത്തില്‍ സീറ്റുകള്‍ സംബന്ധിച്ച് പിണറായി വിജയന്റെ വരും ദിവസങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകും.