Connect with us

Kerala

പ്രേമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശവുമായി പിണറായി

Published

|

Last Updated

ചവറ: യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്‍ കെ പ്രേമചന്ദ്രന്‍ പരമ നാറിയാണെന്ന് പിണറായി വിമര്‍ശിച്ചു. ചവറയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെങ്കിലും പരമ നാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നും പിണറായി ചോദിച്ചു. പ്രേമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥിയാണ്. ഉടന്‍ പൂര്‍ണമായി വിലക്കെടുക്കും. ഇത് ആര്‍ക്കാണ് അറിയാത്തത്.?അതുകൊണ്ട് കോണ്‍ഗ്രസിന്റെ സീറ്റ് തന്നെയാണ് കൊല്ലം. ആര്‍ എസ് പി രാഷ്ട്രീയ വഞ്ചനയുടെ ആള്‍രൂപമാണെന്ന് പിണറായി കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിലെ കൊടും വഞ്ചന അരങ്ങേറിയ മണ്ഡലമാണ് കൊല്ലം. ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരിലല്ല ആര്‍ എസ് പി ഇടതുമുന്നണി വിട്ടത്. കോണ്‍ഗ്രസും ആര്‍ എസ് പിയുമായി നേരത്തെ ഗൂഢാലോചന നടന്നെന്ന ഇടതുമുന്നണിയുടെ വാദം പീതാംബരക്കുറുപ്പ് തന്നെ ശരിവെച്ചിട്ടുണ്ട്. കാലുമാറ്റത്തിന് ദല്ലാളന്മാരായി പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടി,സുധീരന്‍, ചെന്നിത്തല എന്നിവര്‍ മാത്രമല്ല. ജില്ലയില്‍ താത്പര്യമുള്ള കൊല്ലക്കാരനല്ലാത്ത അന്താരാഷ്ട്ര ഫ്രോഡുകള്‍ വരെയുണ്ട്. ടി ജെ ചന്ദ്രചൂഡന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഗൂഢാലോചനയെന്ന് പിണറായി പറഞ്ഞു. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് ആര്‍ എസ് പി അന്വര്‍ഥമാക്കിയതായും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് പിയുടെ നീക്കം മുന്‍കൂട്ടി അറിയാന്‍ കഴിയാത്തത് പോരായ്മയല്ലേയെന്നാണ് സി പി എംകാരോട് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. അത് ശരിയാണെന്നും തങ്ങള്‍ക്ക് അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും പിണറായി സമ്മതിച്ചു. ആര്‍ എസ് പി കഠാരയുമായി വന്ന് പിന്നില്‍ നിന്നു കുത്തുകയായിരുന്നു. വഞ്ചന കാണിക്കുന്നവരോട് നാട് പൊറുക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഐ ഷിഹാബ് അധ്യക്ഷത വഹിച്ചു.