ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നത്: കാരാട്ട്

Posted on: April 5, 2014 4:55 pm | Last updated: April 5, 2014 at 4:55 pm

Prakash karatകൊച്ചി: കേന്ദ്രമന്ത്രി എ കെ ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍വനാശമാണ് നേരിടാനിരിക്കുന്നത്. നൂറ് സിറ്റ് പോലും അവര്‍ക്ക് തികക്കാനാകില്ല. എന്നിട്ടും ആന്റണി പറയുന്നത് യു പി എ തന്നെ സര്‍ക്കാറുണ്ടാക്കുമെന്നാണ്. ‘ഏതു ലോകത്താണ് ആന്റണി സാര്‍ ജീവിച്ചിരിക്കുന്നതെന്ന് എനിക്കു മനസിലാകുന്നില്ല-എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത്പാര്‍ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറയാന്‍ ആന്റണിക്ക് മാത്രമെ കഴിയൂ. കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്ന ചോദ്യമേ പ്രസക്തമല്ല.ദുര്‍ഭരണം മൂലം ജനം തോല്‍പ്പിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ല. പത്ത് വര്‍ഷത്തെ യു പി എ ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും കൂടിയതല്ലാതെ മറ്റൊരു ഗുണവും ഉണ്ടായിട്ടില്ല. ജനജീവിതം ദുരിതത്തിലാക്കിയ യു പി എക്കെതിരായ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്നും കാരാട്ട് ചോദിച്ചു.

കോണ്‍ഗ്രസിന്റെ പരാജയം നേട്ടമാക്കാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ .അതും നടക്കുകയില്ല. ഇതുവരെ തെരഞ്ഞെടുപ്പ് പത്രികപോലും പുറത്തിറക്കാന്‍ ബിജെപിക്കായിട്ടില്ല. 2009ല്‍ പുറത്തിറക്കിയ പത്രികയില്‍ അയോധ്യയില്‍ ക്ഷേത്രം പണിയുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ ‘അയോധ്യക്ക് ശേഷം കാശി’ എന്നായിരുന്നു ആര്‍എസ്എസിന്റെയും വിഎച്ച്പിയുടേയും മുദ്രാവാക്യം. അതിനാലാകും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികൂടിയായ മോഡി കാശി ഉള്‍പ്പെടുന്ന വരാണസിയില്‍ മല്‍സരിക്കുന്നത്. മോഡിയുടെ ഭരണം രാജ്യത്തെ സര്‍വ്വനാശത്തിലേക്കാകും നയിക്കുക. ഗുജറാത്തിലുണ്ടെന്ന്് പറയുന്ന സുസ്ഥിര വികസനം പൊളളയായ പ്രചാരണമാണ്. ന്യൂനപക്ഷങ്ങള്‍ അവിടെ അടിച്ചമര്‍ത്തിപ്പെട്ടിരിക്കുകയാണ്.

കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരിക. അതിനുളള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. മുന്‍കാലങ്ങളില്‍ വി പി സിംഗ് സര്‍ക്കാരും, ദേവഗൗഡസര്‍ക്കാരും ഗുജ്‌റാള്‍ സര്‍ക്കാരും അത്തരത്തില്‍ യുണൈറ്റഡ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രദേശികവും മതനിരപേക്ഷകരുമായ 11 പാര്‍ടികളുമായി ഇടത്പാര്‍ടികള്‍ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ഈ പാര്‍ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കാരാട്ട് പറഞ്ഞു.