Connect with us

Gulf

മൂന്നു വര്‍ഷത്തിനകം രാജ്യത്ത് സപ്ത നക്ഷത്ര സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍

Published

|

Last Updated

ദുബൈ: അടുത്ത മൂന്നു വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ എമിറേറ്റുകളിലും സപ്തനക്ഷത്ര സ്വഭാവമുള്ള സിവില്‍ ഡിഫന്‍സ് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദേശീയ സിവില്‍ ഡിഫന്‍സ് ഉപ മേധാവി ബ്രിഗേഡിയന്‍ റാശിദ് താനി അല്‍ മത്‌റൂശി അറിയിച്ചു. സപ്തനക്ഷത്ര സ്വഭാവമുള്ള സ്മാര്‍ട് സെന്ററുകളാണ് പദ്ധതിയിലുള്ളതെന്ന് അല്‍ മത്‌റൂശി പറഞ്ഞു.
സിവില്‍ ഡിഫന്‍സിന്റെ സേവനങ്ങള്‍ മുഴുവനും ഇലക്‌ട്രോണിക്കലാണ്. അവയൊക്കെയും സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കും. അത്യാഹിത വിവരമറിഞ്ഞാല്‍ ലക്ഷ്യത്തിലെത്താനുള്ള സമയപരിധി പരമാവധി കുറക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. നിലവില്‍ അത് 6-8 മിനിറ്റുകളാണ്. ഇത് 4 മിനിറ്റായി കുറച്ച് കൊണ്ടുവരും.
കഴിഞ്ഞ വര്‍ഷം 35 അത്യാഹിതങ്ങളില്‍ പരമാവധി കുറഞ്ഞ സമയം 4 മിനിറ്റെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തും എളുപ്പവഴിയിലും ആവശ്യക്കാര്‍ക്ക് സേവനങ്ങള്‍ ഉറപ്പു വരുത്തുകയെന്നതാണ് സപ്തനക്ഷത്ര കേന്ദ്രങ്ങളിലൂടെ വിഭാവനം ചെയ്യുന്നത്. മത്‌റൂശി പറഞ്ഞു.
അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളില്‍ ഈ വര്‍ഷവും മറ്റു പ്രദേശങ്ങളില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലുമാണ് പുതിയ സ്മാര്‍ട് സിവില്‍ ഡിഫന്‍സ് സെന്ററുകള്‍ പൂര്‍ത്തിയാക്കുക.