ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ചു

Posted on: April 4, 2014 5:25 pm | Last updated: April 5, 2014 at 12:07 am

irnss 1bചെന്നൈ: സ്വന്തമായി ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകളുമായി ഐ ആര്‍ എന്‍ എസ് എസ് 1 ബി ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി സി 24 ല്‍ കുതിച്ചുയര്‍ന്നു. 5:14നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

ഏഴ് ഉപഗ്രഹ പരമ്പരയിലെ രണ്ടാമത്തേതാണിത്. 1432 കിലോ ഭാരമാണ് ഇതിനുള്ളത്. 10 വര്‍ഷമാണ് സേവനകാലം. കുതിച്ചുയര്‍ന്ന് 19 മിനിറ്റും 43 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം വികസിപ്പിച്ചാണ് ഉപഗ്രഹത്തെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തിക്കുക.

നാല് ഉപഗ്രഹങ്ങളുടെ വിക്ഷേപണം പൂര്‍ത്തിയായാല്‍ ഗതി നിര്‍ണയ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. അടുത്ത രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഇക്കൊല്ലം തന്നെ വിക്ഷേപിക്കും. കടല്‍, കര, വ്യോമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ഫോണ്‍ വഴിയുള്ള ഗതാഗത നിയന്ത്രണം, മാപ്പിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടും. പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ ആര്‍ എന്‍ എസ് എസ് 1 എ കഴിഞ്ഞ ജൂലൈയില്‍ വിക്ഷേപിച്ചിരുന്നു.