മരുന്നുകളുടെ ദുരുപയോഗം

Posted on: April 4, 2014 6:00 am | Last updated: April 3, 2014 at 9:04 pm

ആരോഗ്യ ചികിത്സാ മേഖലയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ അത്തരം മരുന്നുകളെ ലഹരി വസ്തുക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കയാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ കൈവശം വെക്കുന്നത് തടയാന്‍ നിലവിലെ വ്യവസ്ഥകള്‍ അപര്യാപതമാണന്ന് ചൂണ്ടിക്കാട്ടിയ കോടതി കുറിപ്പടിയില്ലാതെ അത്തരം മരുന്നുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കണമെന്നും നിര്‍ദേശിക്കുന്നു. ചികിത്സക്കുപയോഗിക്കേണ്ട ‘പ്രൊമെതാസിന്‍’ മരുന്നിന്റെ ശേഖരം ലഹരി മാഫിയയില്‍ നിന്ന് കണ്ടെടുത്ത കേസിലാണ് ജസ്റ്റിസ് ബാലകൃഷ്ണന്റെ ഈ ഉത്തരവ്.

ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് നല്‍കുന്ന വേദന സംഹാരികള്‍, ചുമക്കുള്ള സിറപ്പ് തുടങ്ങിയ മരുന്നുകള്‍ ലഹരിയാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഡോക്ടരുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം വില്‍ക്കാനും വാങ്ങാനും അനുമതിയുള്ള ഇത്തരം ചില മരുന്നുകള്‍ അടുത്തിടെ സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ചില വ്യക്തികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കൂടുതല്‍ ലഹരിക്കടിപ്പെട്ട് മാനസിക രോഗാശുപത്രികളിലെത്തുന്ന യുവാക്കളില്‍ നടത്തിയ പഠനത്തില്‍, അവരില്‍ 30 ശതമാനത്തിലേറെയും ഇംഗ്ലീഷ് മരുന്നുകളുടെ അമിതോപയോഗത്തിലൂടെയാണ് ലഹരിയുടെ ലോകത്ത് വിഹരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയും കോഴിക്കോടും കേന്ദ്രീകരിച്ചു ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ചുമക്കുള്ള സിറപ്പിന്റെ വില്‍പ്പന ക്രമാതീതമായി വര്‍ധിക്കുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച അന്വേഷണവും പഠനവും നടന്നത്. 12 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് കൂടുതലും ഇംഗ്ലീഷ് മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കുന്നത്. ചുമക്കുള്ള മരുന്നിലൂടെ ആരംഭിച്ചു പിന്നീടത് വേദനാ സംഹാരികളിലേക്കും ഉറക്ക ഗുളികകളിലേക്കും എത്തുകയാണ്. കുറഞ്ഞവില, പ്രഥമ ദൃഷ്ട്യാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്ന് തോന്നിപ്പിക്കുന്നതിനാല്‍ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു ഉപയോഗിക്കാനുള്ള സൗകര്യം, അനായാസ ലഭ്യത തുടങ്ങിയവയാണ് പലരും ഇംഗ്ലീഷ് ലഹരി മരുന്നുകളെ അവലംബിക്കാനുള്ള കാരണം.
സംസ്ഥാനത്ത് പ്രതിമാസം 15 കോടിയോളം രൂപയുടെ ഇംഗ്ലീഷ് ലഹരി മരുന്ന് വില്‍പന നടക്കുന്നുണ്ടെന്നാണ് കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ഇവയില്‍ നല്ലൊരു ഭാഗവും വിറ്റഴിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ഈ മരുന്നുകള്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കൊണ്ടുവരുന്നതെന്നാണ് നടേ പറഞ്ഞ കേസില്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ രാജേഷ് വിജയന്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഈയിനത്തില്‍ പെട്ട മരുന്നുകളും സിറിഞ്ചുകളും വന്‍തോതില്‍ കാണാതാകുന്നുണ്ടെന്നും മരുന്ന് മാഫിയകളുടെ കരങ്ങളിലാണ് അവ എത്തിച്ചേരുന്നതെന്നും അദ്ദേഹം ബോധിപ്പിക്കുകയുണ്ടായി. ഡോക്ടറുടെ നിര്‍ദേശമോ കുറിപ്പോ ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകളിലൂടെ നടക്കുന്ന ഈ മരുന്നുകളുടെ അനധികൃത വില്‍പ്പനക്ക് പിന്നില്‍ മാഫിയകളാണ്.
മയക്ക് മരുന്നിനെതിരെ റെയ്ഡ് നടക്കാറുണ്ടെങ്കിലും പലപ്പോഴും അത് പ്രഹസനമായി മാറുകയാണ്. മയക്കുമരുന്ന് വിപണിയിലെ വമ്പന്മാരെയും മാഫിയകളും സംരക്ഷിച്ചു ചെറുകിട കച്ചവടക്കാരെയാണ് അധികൃതര്‍ പിടികൂടുന്നതെന്ന് ആരോപണമുണ്ട്. പലപ്പോഴും കച്ചവടക്കാരെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് എക്‌സൈസ് അധികൃതര്‍ റെയ്ഡിന് പുറപ്പെടുന്നത്. മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടു പോലും മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാംസ്‌കാരിക സംഘ നകളും പരാതിപ്പെടുന്നു. ലഹരി മാഫിയകളില്‍ നിന്നും മാസപ്പടി കൈപറ്റുന്ന ഉദ്യോഗസ്ഥരും കുറവല്ല.
കോടതി ഉണര്‍ത്തിയത് പോലെ ലഹരി മരുന്ന് ഉപയോഗത്തിന്റെ വ്യാപനം സമൂഹത്തിന്റെ വിശിഷ്യാ ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളുടെ ആരോഗ്യത്തെയും നല്ല ഭാവിയെയും താറുമാറാക്കും. രാഷ്ട്രത്തെ കൂടി ബാധിക്കുന്നതാണ് അതിന്റെ ഭവിഷ്യത്ത്. രക്ഷിതാക്കളും അധ്യാപകരും നിയമപാലകരുമടക്കം സമൂഹം ഇതിനെതിരെ ജാഗ്രത്താവുകയും, മരുന്ന് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ ലോബിയെ കണ്ടെത്തി നടപടി കൈക്കൊള്ളുന്നതിന് സര്‍ക്കാര്‍ അതീവ ശ്രദ്ധ പാലിക്കുകയും വേണം.