ജസ്റ്റിസ് ഹാറൂണിനെതിരെ കോടതി പരിസരത്ത് ഫ്‌ളക്‌സ്

Posted on: April 4, 2014 6:00 am | Last updated: April 3, 2014 at 8:53 pm

കാഞ്ഞങ്ങാട്: സലീംരാജ് ഭൂമി തട്ടിപ്പ് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറുണ്‍ അല്‍ റശീദ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ വിധിന്യായത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ പ്രതിഷേധിച്ച് ഹൊസ്ദുര്‍ഗ് കോടതി പരിസരത്ത് ഇന്നലെ ഫഌക്‌സ് ഉയര്‍ന്നു.

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി പവിത്രമായ ജുഡീഷ്യറിക്ക് കളങ്കം വരുത്തിയ കേരള ഹൈക്കോടതി ജഡ്ജ് ഹാറുണ്‍ അല്‍ റശീദിനെ ഇംപീച്ച് ചെയ്യുക എന്ന ആവശ്യമുന്നയിച്ചാണ് ഫഌക്‌സ് കോടതി പരിസരത്ത് ഇന്നലെയുയര്‍ന്നത്.
കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയാണ് ഫഌക്‌സ് ഉയര്‍ത്തിയത്. സംസ്ഥാനത്തെ എല്ലാ കോടതി പരിസരങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധ ഫഌക്‌സുകള്‍ സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍ വി എസ് നമ്പൂതിരി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലെ ഏതെങ്കിലുമൊരു ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ഏതെങ്കിലും അഭിഭാഷക സംഘടന ആവശ്യപ്പെടുന്നത് ഇതാദ്യമാണ്.