അധികൃതരെ വെള്ളം കുടിപ്പിച്ച് കുടിവെള്ള സമരം

Posted on: April 3, 2014 11:35 pm | Last updated: April 3, 2014 at 11:35 pm

വാടാനപ്പള്ളി: കുടിനീരിന് വേണ്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ച മണലൂര്‍ പാലാഴി നിവാസികളുടെ സമരത്തിന് മുന്നില്‍ പഞ്ചായത്ത് അധികൃതര്‍ വെള്ളം കുടിച്ചു. പാലാഴി തീരദേശ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ വായ് മൂടിക്കെട്ടി ജാഥയായെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുകയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന പഞ്ചായത്ത് വാഹനം തടഞ്ഞ് വെക്കുകയും ചെയ്തു.
രാവിലെ പത്തിന് ആരംഭിച്ച സമരം കുടിവെള്ളം വിതരണം ചെയ്യാമെന്ന് അധികൃതര്‍ രേഖാമൂലം ഉറപ്പ് കൊടുത്ത ശേഷം ഉച്ചക്ക് ഒന്നിനാണ് അവസാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ സുര്‍ജിത്ത്, സെക്രട്ടറി എന്‍ ആര്‍ ജയന്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.
പഞ്ചായത്ത് ലോറിയില്‍ നടത്തുന്ന കുടിവെള്ള വിതരണം രണ്ട് ലോറികളിലാക്കാമെന്നും എല്ലാ ചൊവ്വാഴ്ച്ചയും പാലാഴിയിലെ ഓരോ കുടുംബത്തിനും അഞ്ചൂറ് ലിറ്റര്‍ വീതം കുടിവെള്ളം നല്‍കാമെന്നും ഉറപ്പ് നല്‍കി. സമരത്തിനും ചര്‍ച്ചക്കും രാമചന്ദ്രന്‍ കാരാമായ്ക്കല്‍, വി ജി കണ്ണന്‍, ആന്‍ണി എലുവാത്തിങ്കല്‍, സി ആര്‍ ലനീഷ്, ജനക രാജന്‍, സിന്ധു അനില്‍, ശാന്തിനി പവിത്രന്‍, സന്ധ്യാ പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.