Connect with us

Ongoing News

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ എ എ പിക്ക്; ലക്ഷ്യം ദേശീയ പാര്‍ട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പതിനഞ്ച് മാസം പ്രായമുള്ള ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 426 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കുന്നതും എ എ പിയാണ്. പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ് 414ഉം ബി ജെ പി 415ഉം സമാജ്‌വാദി പാര്‍ട്ടി 160ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്.
ദേശീയ പാര്‍ട്ടികള്‍ പലയിടത്തും സഖ്യമായി മത്സരിക്കുന്നതിനാലാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവുള്ളത്. എ എ പിക്ക് പ്രചാരണത്തിന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളാണ് നേതൃത്വം നല്‍കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. കെജ്‌രിവാളിനെ എല്ലാ മണ്ഡലങ്ങളിലും എത്തിക്കാന്‍ കഴിയാത്തതിനാല്‍ പ്രചാരണവും പാതിവഴിയിലാണ്. മധ്യപ്രദേശിലെ കാണ്ഡവയില്‍ കെജ്‌രിവാളിനെ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവരാന്‍ പ്രവര്‍ത്തകര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുകയായിരുന്നു.
ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇനി പ്രചാരണം ശേഷിക്കുന്നത്.
ഇരുപത് കോടി രൂപയുടെ ഫണ്ടാണ് എ എ പി പ്രചാരണത്തിന് ലക്ഷ്യം വെക്കുന്നത്.
സ്ഥാനാര്‍ഥികള്‍ തുടക്കത്തില്‍ തന്നെ ഫണ്ടില്ലാതെ വിഷമത്തിലാണെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു. ദേശീയ പാര്‍ട്ടിയുടെ പദവി നേടാനാണ് ഇത്തവണ ആം ആദ്മി ശ്രമം നടത്തുന്നത്. ലോക്‌സഭയിലേക്ക് നാല് എം പി മാരെ എത്തിക്കുകയും നാല് സംസ്ഥാനങ്ങളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറ് ശതമാനം വോട്ടുകള്‍ ലഭിക്കുകയും ചെയ്താല്‍ പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കും.
ഉത്തര്‍പ്രദേശിലാണ് എ എ പിക്ക് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. ഇവിടത്തെ എണ്‍പത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

 

Latest