Connect with us

Gulf

12,200 ഹെക്ടര്‍ ഹരിത ഇടം നിര്‍മിക്കാന്‍ ദുബൈ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: നഗരം ആതിഥ്യമരുളാന്‍ ഒരുക്കം തുടങ്ങിയ വേള്‍ഡ് എക്‌സ്‌പോ 2020 മുന്നില്‍ കണ്ട് 12,200 ഹെക്ടര്‍ ഹരിത ഇടം നിര്‍മിക്കാന്‍ ദുബൈ ഒരുങ്ങുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ നിര്‍മിച്ചതിന്റെ ഇരട്ടിയോളം ഹരിത ഇടമാണ് 2020 ആവുമ്പോഴേക്കും നഗരത്തില്‍ സൃഷ്ടിക്കാന്‍ ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പദ്ധതിയിടുന്നത്.
നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രകൃതി ദൃശ്യം ഒരുക്കുക, ഹോട്ടി കള്‍ച്ചര്‍ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയിലൂടെയാവും ലക്ഷ്യം നേടുകയെന്നും ഇത് അര്‍ബണ്‍ അജണ്ട 2020 ന്റെ ഭാഗമാണെന്നും ദുബൈ നഗരസഭ കെട്ടിട പഠന വിഭാഗം മെക്കാനിക്കല്‍ എഞ്ചിനിയര്‍ കമാല്‍ മുഹമ്മദ് അസായം വെളിപ്പെടുത്തി.
2013 വരെ ദുബൈയില്‍ 6,381 ഹെക്ടര്‍ ഹരിത ഇടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1999 ല്‍ 1,733 ഹെക്ടര്‍ മാത്രമായിരുന്നതാണ് പ്രകൃതി ദൃശ്യങ്ങളും ഹോര്‍ട്ടി കള്‍ച്ചറല്‍ പദ്ധതികളും തയ്യാറാക്കിയത്. ഏഴു വര്‍ഷത്തിനകം ഇത് ഇരട്ടിയാക്കാന്‍ നഗരസഭക്ക് സാധിച്ചു. 380 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം എമിറേറ്റില്‍ കൃഷിക്കായി മാറ്റി വെക്കും. എമിറേറ്റിന്റെ നഗരഭംഗി വര്‍ധിപ്പിക്കു എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. സുസ്ഥിര വികസരം ഉറപ്പാക്കാന്‍ പ്രകൃതി സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കിയുള്ള വികസനമാണ് ദുബൈ നടപ്പാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ദുബൈയിലെ ഹരിത ഇടത്തിന്റെ വിസ്തൃതി 40 ലക്ഷം ചതുരശ്ര മീറ്ററായി വര്‍ധിച്ചതായി നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ ഹരിത ഇടങ്ങള്‍ നഗരത്തില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് ഔട്ട് ഡോര്‍ ഡിസൈന്‍, ബില്‍ഡ് ആന്‍ഡ് സപ്ലൈ എക്‌സിബിഷനില്‍ ലൂത്ത പറഞ്ഞിരുന്നു. ദുബൈയില്‍ നടപ്പാക്കുന്ന നിര്‍മാണ പദ്ധതികളില്‍ 25 ശതമാനം സ്ഥലം പ്രകൃതി ദൃശ്യം ഒരുക്കാന്‍ മാറ്റിവെക്കണമെന്ന് നഗരസഭ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എമിറേറ്റില്‍ നിര്‍മിക്കുന്ന ഉദ്യാനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ പൂര്‍ത്തിയായ പദ്ധതികളിലെല്ലാം പ്രകൃതി ദൃശ്യത്തിന് വന്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. ഈ കാലയളവിലെ ഓരോ വര്‍ഷത്തിലും 600 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല കുതിക്കുകയാണെന്ന് നാസര്‍ ലൂത്ത പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യവും പരിഗണനയും നല്‍കുന്നത്.
ജി സി സി മേഖലയില്‍ പ്രകൃതി ദൃശ്യങ്ങള്‍ വികസിപ്പിക്കുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഊര്‍ജവും ജലവും പാഴാക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യക്ക് ആവശ്യം വര്‍ധിക്കുകയാണ്. ഇത്തരം സാങ്കേതിക വിദ്യയിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാവൂവെന്ന് അദ്ദേഹം പറഞ്ഞു.

Latest