Connect with us

International

മലേഷ്യന്‍ വിമാനം: തിരച്ചില്‍ നാലാഴ്ച പിന്നിട്ടു

Published

|

Last Updated

ക്വാലാലംപൂര്‍: 227 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ നാലാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ .യാതൊരു സുചനകളും ലഭിച്ചിട്ടില്ല. അതേ സമയം വിമാനം കാണാതായതിനു പിന്നില്‍ യാത്രക്കാരിലാര്‍ക്കും പങ്കില്ലെന്ന് പോലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്തിലെ 12 ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനുള്ള ക്രിമിനല്‍ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 239പേരില്‍ യാത്രക്കാരായ 227പേര്‍ക്കും വിമാനം കാണാതാകുന്നതുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് മലേഷ്യന്‍ പോലീസ് മേധാവി ഖാലിദ് അബൂബക്കര്‍ പറഞ്ഞു.
യാത്രക്കാരുമായി ബന്ധപ്പെട്ട് പ്രധാനമായും നാല് വിഭാഗത്തിലാണ് അന്വേഷണം നടന്നത്. തട്ടിക്കൊണ്ടുപോകല്‍, അട്ടിമറി, മനഃശാസ്ത്രപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ എന്നിവയിലേതെങ്കിലുമുള്ള സാധ്യതകളാണ് യാത്രക്കാരെ മുന്‍നിര്‍ത്തി അന്വേഷിച്ചത്. അന്വേഷണത്തില്‍ യാത്രക്കാര്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇതേ മേഖല കേന്ദ്രീകരിച്ച് അന്വേഷണം വിമാന ജീവനക്കാരിലേക്ക് നീങ്ങുന്നത്. അന്വേഷണം തുടരുകയാണെങ്കിലും വിമാനം കാണാതായത് സംബന്ധിച്ച യഥാര്‍ഥ കാരണം കണ്ടെത്താനുള്ള സാധ്യതകള്‍ ഇല്ലെന്ന് പോലീസ് മേധാവി പറഞ്ഞു.
വിമാനത്തില്‍ ചരക്ക് കടത്ത്, ഭക്ഷണ വിതരണം എന്നിവ സംബന്ധിച്ച കാര്യങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിമാനം തകര്‍ന്ന് വീണെന്ന് കരുതുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ അവശിഷ്ടങ്ങള്‍ക്കായി പത്ത് രാജ്യങ്ങള്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന്റ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനാകുമെന്ന പ്രതീക്ഷകളും ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. ഇതിലെ ബാറ്ററികള്‍ ഇത്രയും ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രഹിതമായിരിക്കുമെന്നതിനാലാണിത്.

Latest