മദപ്പാട് ഇല്ലാതാക്കാന്‍ നിരോധിത മരുന്ന് പ്രയോഗം

Posted on: April 3, 2014 12:48 am | Last updated: April 3, 2014 at 12:48 am

പത്തനംതിട്ട: പന്നികളില്‍ ഉപയോഗച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിരോധിച്ച മരുന്ന് സംസ്ഥാനത്തെ ആനകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഉത്സവകാലം ആരംഭിച്ചതോടെ ആനകള്‍ക്ക് മദപ്പാട് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള മരുന്നാണ് ആനകളില്‍ വ്യാപകമായി പ്രയോഗിക്കുന്നത്. ഈ മരുന്നിന്റെ അമിത ഉപയോഗം മൂലം വിവിധ രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 107 ഓളം ആനകള്‍ ചരിെഞ്ഞന്നാണ് വനം വകുപ്പിന്റെ കണ്ടെത്ത ല്‍. ആന ഉടമകളുടെ അമിതലാഭക്കൊതി കാരണം നാട്ടാനകളുടെ വംശനാശത്തിനാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത്. മദപ്പാടിന്റെ ലക്ഷണം കാണാതിരിക്കാന്‍ വേണ്ടി ബെല്‍ഡോണ എന്ന മരുന്നാണ് ആനകള്‍ക്ക് നല്‍കുന്നത്. ബ്രെഡ്, തണുത്ത പപ്പായ എന്നിവയില്‍ ചേര്‍ത്താണ് ഈ മരുന്ന് നല്‍കുന്നത്. എട്ട് മണിക്കൂറിന് ശേഷം വീണ്ടും മരുന്ന് നല്‍കിയില്ലെങ്കില്‍ ആന വിഭ്രാന്തി കാണിക്കുമെന്നതിനാല്‍ മരുന്ന് അളവില്‍ കൂട്ടിയാണ് നല്‍കുക. ഇത് ആനകളുടെ ജീവനുതന്നെ ഭീഷണിയാകുന്നു.

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ പന്നി വളര്‍ത്തു കേന്ദ്രങ്ങളിലാണ് ഇത്തരത്തിലുള്ള മരുന്ന് ആദ്യം ഉപയോഗിച്ചുതുടങ്ങിയത്്. പന്നികളിലെ അമിത വിശപ്പ് കുറക്കാനും പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനുമാണ് ബെല്‍ഡോണ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇത് നിരോധിക്കുകയായിരുന്നു. പന്നികളില്‍ വ്യാപകമായി രോഗങ്ങള്‍ പകരാന്‍ തുടങ്ങിയതോടെയാണ് നിരോധ ഉത്തരവിറക്കിയത്. എന്നാല്‍ വിവിധ പേരുകളില്‍ ഈ മരുന്ന് സംസ്ഥാനത്ത് എത്തുകയാണ്.
ആനകള്‍ക്ക് ബെല്‍ഡോണ നല്‍കിയാല്‍ പ്രതികരണ ശേഷി നശിക്കുകയും ചെറിയ തോതില്‍ മയക്കം അനുഭവപ്പെടുകയും ചെയ്യും. ഇതു മൂലം മദപ്പാടിലുണ്ടാകുന്ന ആക്രമണവാസന ഇല്ലാതാവുകയും തീറ്റയെടുക്കാനുള്ള പ്രവണത ഇല്ലാതാകുകയും ചെയ്യുന്നു.
എന്നാല്‍ ഇത് ആനകളില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനവൈകല്യത്തിനും ആമാശയത്തിലെ ഗ്രന്ഥികള്‍ നശിക്കുന്നതിനും മൂത്രതടസ്സത്തിനും ഇത് ഇടയാക്കും. ഇതോടെ ആനകളുടെ രോഗപ്രതിരോധശേഷി നശിക്കുന്നു. മൂത്രം പുറത്തുപോകാത്തതുമൂലം, ദിവസം 200 ലിറ്ററിലധികം ജലം അകത്താക്കുന്ന ആനയുടെ ശരീരം ചീര്‍ക്കുകയും ദഹനവ്യവസ്ഥ തകരാറിലാകുകയും ചെയ്യും. ക്രമേണ ആനകള്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ചരിയുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 30 ശതമാനം ആനകള്‍ളില്‍ വാതം, ക്ഷയം, കരള്‍വീക്കം തുടങ്ങിയ രോഗങ്ങളും കണ്ടെത്തിയിരുന്നു. സ്വകാര്യ ആനകളാണ് ഇത്തരത്തില്‍ രോഗം കണ്ടെത്തിയവയില്‍ ഏറെയും. ബെല്‍ഡോണ അടക്കമുള്ള മരുന്ന് ആനയുടമകള്‍, കരാറുകാരന്‍ എന്നിവരുടെ അറിവോടെയാണ് നല്‍കുന്നതെന്നാണ് ആനപ്പാപ്പാന്മാര്‍ പറയുന്നത്. ആനകളെ എഴുന്നള്ളിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് മരുന്ന് നല്‍കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്ന തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ഒന്നര മാസത്തിനടെ ഇത്തരത്തില്‍ ആനയിടഞ്ഞത് 27 തവണയാണ്. 65ലക്ഷം രൂപയിലധികം നഷടങ്ങളും ഇത്തരത്തില്‍ കണക്കാക്കുന്നു.
സംസ്ഥാന വനം വകുപ്പിന്റെ കണക്കനുസരിച്ച് 2010 ജൂണ്‍ 30വരെ 702 ആനകള്‍ക്കാണ് മൈക്രോച്ചിപ്പ് ഘടിപ്പിച്ചത്. എന്നാല്‍ വനം വകുപ്പിന്റെ 2013- 2014 വര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 293 നാട്ടാനകള്‍ മാത്രമാണുള്ളത്. ഇത് നാട്ടാനകളുടെ എണ്ണം കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്.