Connect with us

Ongoing News

അനുമതി നേടിയത് പ്രതിരോധ വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്‌

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംഘടിപ്പിച്ചത് പ്രതിരോധ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നെന്ന് രേഖകള്‍. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഈ പദ്ധതിയെ നേരത്തെ എതിര്‍ത്തിരുന്നുവെന്നാണ് ഇതു സംബന്ധിച്ച രേഖകള്‍ തെളിയിക്കുന്നത്.

ആറന്മുള വിമാനത്താവളം കൊച്ചി നാവിക സേനയുടെ വിമാനത്താവളത്തെ ബാധിക്കുമെന്ന് കാണിച്ച് ആന്റോ ആന്റണി എം പിക്ക് എ കെ ആന്റണി കത്തയച്ചിരുന്നു. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉന്നത ഇടപെടലിനെ തുടര്‍ന്ന്, വിമാനത്താവളത്തിന്റെ റണ്‍വേ പുനഃക്രമീകരിക്കാമെന്ന ഉറപ്പില്‍ വിമാനത്താവളത്തിന് ഉപാധികളോടെ പിന്നീട് അനുമതി നല്‍കുകയായിരുന്നു.
ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കുന്നതിനെതിരെ രംഗത്തുവന്ന പ്രതിരോധ വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ചാണ് പത്തനംതിട്ട എം പിയായിരുന്ന ആന്റോ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയത്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് പ്രതിരോധ വകുപ്പ് ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി ന ല്‍കുന്നത് തടയുന്നെന്നായിരു ന്നു കത്തിന്റെ ഉള്ളടക്കം. എന്നാ ല്‍, പ്രതിരോധ വകുപ്പ് ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് 2010 ഒക്‌ടോബര്‍ എട്ടിന് എ കെ ആന്റണി അദ്ദേഹത്തിന് മറുപടിക്കത്ത് അയച്ചു.
ആറന്മുള വിമാനത്താവളം കൊച്ചിയിലെ നാവിക താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു പ്രധാനമായും ഈ കത്തില്‍ പറഞ്ഞത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം നിലവില്‍ വന്നത് നാവിക താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സേനാ താവളത്തിന്റെ വലതു ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് തടസ്സം സൃഷ്ടിച്ചത്. ആറന്മുള വിമാനത്താവളം വരുന്നതോടെ സേനാ താവളത്തിന്റെ ഇടതു ഭാഗത്തെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും.
നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന്റെ 100 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ രണ്ട് വിമാനത്താവളമുള്ള സാഹചര്യത്തി ല്‍ മൂന്നാമതൊന്നിന്റെ പ്രസക്തിയെയും പ്രതിരോധ വകുപ്പ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സേനാ താവളത്തില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് ആറന്മുള വിമാനത്താവളം. മാത്രമല്ല സേനാ താവളത്തിന്റെ ലോക്കല്‍ ഫ്‌ളൈയിംഗ് ഏരിയയിലാണ് വിമാനത്താവളം വരുന്നത്. ഈ കാര്യങ്ങളാണ് എ കെ ആന്റണി കത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാ ല്‍, ഇതിനെതിരെ എം പിമാരായ ആന്റോ ആന്റണിയും പി ജെ കൂര്യനും പ്രതിരോധ മന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ച കത്തി ല്‍ റണ്‍വേ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഉറപ്പുകള്‍ നല്‍കുകയായിരുന്നു. കെ ജി എസ് ഗ്രൂപ്പ് നല്‍കിയ വിശദീകരണങ്ങളാണ് രണ്ട് എം പിമാരും തങ്ങളുടെ കത്തില്‍ ചേര്‍ത്തത്.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഉപാധികളോടെ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കുന്നതിന് അംഗീകാരം നല്‍കുകയായിരുന്നു. സൈനിക താവളത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കുക, ആവശ്യമെങ്കില്‍ വിമാനത്താവളം തന്നെ സേനയുടെ ആവശ്യത്തിന് നല്‍കുക തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കുന്നതിന് പ്രതിരോധ വകുപ്പ് അംഗീകാരം നല്‍കിയത്. അതേസമയം, ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി ലഭിച്ചത് നിലവിലെ റണ്‍വേ പരിഗണിച്ചാണ്. ഈ റണ്‍വേയുടെ ദിശ മാറ്റുമ്പോള്‍ പരിസ്ഥിതി അനുമതി തന്നെ പുനഃപരിശോധിക്കേണ്ടിവരുമെന്നാണറിയുന്നത്.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പുകൂട്ടാനാണ് ഈ കത്ത് ഇപ്പോള്‍ പുറത്തു വിട്ടതെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട് യു ഡി എഫിനെതിരെ ജനവികാരം നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രചാരണം നടത്താനിരിക്കെയാണ് പഴയ കത്ത് ചര്‍ച്ചയാകുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest