അനധികൃത താമസം: ഷാര്‍ജയില്‍ തിരച്ചില്‍ ശക്തം; നിരവധി പേര്‍ പിടിയില്‍

Posted on: April 2, 2014 8:59 pm | Last updated: April 2, 2014 at 8:59 pm

ഷാര്‍ജ: അനധികൃത താമസക്കാരെ കണ്ടെത്താനുള്ള തിരച്ചില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തിരച്ചിലില്‍ നിരവധി പേര്‍ പിടിയിലായി. മുസല്ല, റോള, മൈസിലോണ്‍ ഭാഗങ്ങളിലാണ് തിരച്ചില്‍ നടന്നത്.

പരിശോധന തുടരുകയാണ്. രാവിലെയാണ് പ്രധാനമായും പരിശോധന നടക്കുന്നത്. തൊഴിലാളികളെയും മറ്റും തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയാണെന്നും തുടര്‍ച്ചയായി ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടന്നുവരുകയാണെന്നും ദൃസാക്ഷികള്‍ പറഞ്ഞു. ഇവിടങ്ങളില്‍ നിന്ന് നിരവധി പേരെ പിടികൂടിയതായും അവര്‍ വ്യക്തമാക്കി.
അതേ സമയം മതിയായ രേഖകള്‍ കൈവശമുള്ളവരെ പരിശോധനക്ക് ശേഷം വിട്ടയക്കുന്നുണ്ട്. അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പല തവണ മുന്നറിയിപ്പു നല്‍കിയിരുന്നു. പിടിയിലാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു. അനധികൃത തമാസക്കാര്‍ക്ക് നടപടികളൊന്നുമില്ലാതെ രാജ്യം വിടാന്‍ കഴിഞ്ഞ വര്‍ഷം യു എ ഇ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതു പ്രയോജനപെടുത്താതെ രാജ്യത്ത് ഇനിയും ഒട്ടനവധി പേര്‍ കഴിയുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. അജ്മാനില്‍ ഇക്കഴിഞ്ഞ ജനുവരി മുതല്‍ വ്യാപകവും ശക്തവുമായ തിരച്ചിലാണ് അനധികൃത താമസക്കാര്‍ക്കെതിരെ നടന്നു വരുന്നത്. ഇതിനകം നടന്ന തിരച്ചിലില്‍ നിരവധി പേര്‍ പിടിയിലായിരുന്നു. അനധികൃത താമസക്കാര്‍ രാജ്യത്തിന്റെ സുരക്ഷക്കും സംസ്‌കാരത്തിനും ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു.
സന്ദര്‍ശക വിസകളിലും മറ്റും എത്തിയാണ് കാലാവധി കഴിഞ്ഞിട്ടും നാട്ടില്‍ പോവാതെ രാജ്യത്ത് അനധികൃതമായി തങ്ങുന്നത്. അതിനിടെ ഫോണ്‍ ബാലന്‍സ്, അശ്ലീല സി ഡി വില്‍പന, യാചകര്‍ എന്നിവര്‍ക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരക്കാരായ നിരവധി പേരെ പിടികൂടി.
യാചന കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചു തുടരുകയാണ്. ട്രാഫിക് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചും മറ്റുമാണ് യാചന. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.