ദുബൈ സര്‍ക്കാര്‍ എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: April 2, 2014 9:02 pm | Last updated: April 2, 2014 at 8:57 pm

ദുബൈ: ദുബൈ സര്‍ക്കാര്‍ 17-ാംമത് എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുബൈ നഗര സഭ, ദിവ, ആര്‍ ടി എ, ദുബൈ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവയാണ് അവാര്‍ഡുകളില്‍ ബഹു ഭൂരിഭാഗവും കരസ്ഥമാക്കിയത്. 27 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായി 327 അപേക്ഷകളായിരുന്നു അവാര്‍ഡിനായി സമര്‍പ്പിച്ചത്. അവസാന ഫല പ്രഖ്യാപനത്തിന് മുമ്പായി യോഗ്യതയുള്ളവയെ തിരഞ്ഞെടുക്കാന്‍ നാലാഴ്ച പ്രയത്‌നിക്കേണ്ടി വന്നുവെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി. അര്‍ഹരായവയെ തിരഞ്ഞെടുത്ത് അന്തിമ അംഗീകാരത്തിനായി ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ ഏല്‍പിക്കുകയാണ് ചെയ്തതെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല അല്‍ ശൈബാനി വെളിപ്പെടുത്തി.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും എക്‌സലന്‍സി അവാര്‍ഡിലൂടെ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തൊഴില്‍ സംസ്‌കാരം പരിപോഷിപ്പിക്കുന്നതില്‍ എക്‌സലന്‍സി അവാര്‍ഡ് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ജനറല്‍ കോഡിനേറ്റര്‍ ഡോ അഹമദ് അല്‍ നുസൈറത്തും വ്യക്തമാക്കി.