ടി പി വധഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല

Posted on: April 1, 2014 6:00 am | Last updated: April 1, 2014 at 3:36 pm

cbiന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനാകില്ലെന്ന് സി ബി ഐ. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിന് മുമ്പ് 2009ല്‍ കൊലപ്പെടുത്താന്‍ നടന്ന ശ്രമത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമാണ് സി ബി ഐ നിരാകരിച്ചത്. ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ഈ കേസിനില്ലെന്നാണ് സി ബി ഐയുടെ നിലപാട്. സി ബി ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നും കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ വേണ്ട അംഗബലം ഇല്ലെന്നും വക്താവ് കാഞ്ചന്‍ പ്രസാദ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസിനെക്കുറിച്ച് സി ബി ഐ തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം ആരായുകയും ചെയ്ത ശേഷമാണ് അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ സി ബി ഐ എത്തിയത്. ഇക്കാര്യം സി ബി ഐ ആസ്ഥാനത്തുനിന്ന് കേന്ദ്ര പേഴ്‌സനല്‍ വകുപ്പിനെ അറിയിക്കുകയും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2009ല്‍ ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത ടി പി വധശ്രമ കേസില്‍ അന്വേഷണം നടന്നില്ലെന്നത് ചൂണ്ടിക്കാണിച്ചാണ് കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ വഴിതേടിയത്. ടി പി വധക്കേസിലെ പോലീസിന്റെ ഗൂഢാലോചനാ വാദം ഭാഗികമായി നിരാകരിച്ചുകൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് വധഗൂഢാലോചനയെക്കുറിച്ച് സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വഴിതേടിയത്. ടി പി വധത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പിയുടെ വിധവ രമ തിരുവനന്തപുരത്ത് നിരാഹാര സത്യഗ്രഹം നടത്തിയതിനെ തുടര്‍ന്ന് സി ബി ഐ അന്വേഷണം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും പ്രത്യേക അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ മാസം സി ബി ഐ അന്വേഷണത്തിന് തീരുമാനമെടുത്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ടി പി വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതും ഇതിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടാന്‍ ഉത്തര മേഖലാ ഐ ജി ശങ്കര്‍ റെഡ്ഢിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം നേരത്തെ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുന്നതിനെ അനുകൂലിച്ചിരുന്നു. ടി പി വധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചതെങ്കിലും കേസില്‍ വിധി വന്നുകഴിഞ്ഞതിനാല്‍ ഈ ആവശ്യം സി ബി ഐ മുഖവിലക്ക് പോലുമെടുക്കാതെ തള്ളുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് 2009ല്‍ നടന്ന വധശ്രമത്തെക്കുറിച്ച് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, സി ബി ഐ അന്വേഷണം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ശേഷം ലാവ്‌ലിന്‍ കേസിലടക്കം പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കുമെന്ന് രമ വ്യക്തമാക്കിയിരിക്കെ ടി പി വധശ്രമക്കേസില്‍ സി ബി ഐ അന്വേഷണ സാധ്യത പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ടി പി വധക്കേസ് അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സി ബി ഐയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സി ബി ഐയുടെ പിന്മാറ്റത്തെ നിയമപരമായി നേരിടുമെന്നായിരുന്നു ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയുടെ പ്രതികരണം. ഏറെ പ്രയാസമുണ്ടാക്കുന്ന വാര്‍ത്തയാണിത്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പ് നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നു. സി ബി ഐ അന്വേഷണത്തിനായി മരണം വരെ പോരാട്ടം തുടരുമെന്നും രമ അറിയിച്ചു. ടി പി വധഗൂഢാലോചനാ കേസില്‍ നിന്നു പിന്മാറുന്ന കാര്യം സി ബി ഐ നേരത്തെ അറിയിച്ചിരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതേത്തുടര്‍ന്ന് സി ബി ഐക്ക് കത്തയച്ചിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്നതു തന്നെയാണ് സര്‍ക്കാറിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ടി പി കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കേണ്ടതു തന്നെയാണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം. സി ബി ഐയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സി ബി ഐയുടെ പിന്മാറ്റത്തില്‍ തുടര്‍നടപടികള്‍ ആലോചിച്ചു സ്വീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിഷയത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രതികരണം.