Connect with us

Kozhikode

ടാങ്കര്‍ അപകടം: പാചകവാതകം നീക്കം ചെയ്തത് 24 മണിക്കൂറിന് ശേഷം

Published

|

Last Updated

കോഴിക്കോട്: വെസ്റ്റ് ഹില്‍ ചുങ്കത്ത് നിയന്ത്രണം വിട്ട ടാങ്കറില്‍നിന്ന് പാചകവാതകം നീക്കം ചെയ്തത് 24 മണിക്കൂറിന് ശേഷം.
മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക ടാങ്കര്‍ ശനിയാഴ്ച ഉച്ചക്ക് 3.15 നാണ് ഗുഡ്‌സ് ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞത്.
സംഭവത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ തമിഴ്‌നാട് നാച്ചിറ സ്വദേശി നിത്യാനന്ദ്, ക്ലീനര്‍ മുക്തികുമാരന്‍ എന്നിവരെ സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജറാക്കും.
അപകടത്തില്‍ ഗുഡ്‌സ് ഡ്രൈവര്‍ കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി രവിദാസ് മരിക്കുകയും ഗുഡ്‌സ് പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. അപകടത്തില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാരെ മാറ്റി. ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനാല്‍ നഗരം 24 മണിക്കൂറോളം ഭീതിയുടെ നിഴലിലായിരുന്നു.
ഇന്നലെ വൈകീട്ട് നാലോടെയാണ് പാചകവാതകം എമര്‍ജെന്‍സി റെസ്‌പോണ്‍സ് വെഹിക്കിളിന്റെ സഹായത്തോടെ 11,000 ലിറ്റര്‍ പാചകവാതകം അഞ്ച് ഗ്യാസ് ടാങ്കറുകളിലാക്കി നീക്കം ചെയ്യുകയായിരുന്നു. കോഴിക്കോട് സിറ്റി, ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നാലരയോടെ ഐ ഒ സി പ്ലാന്റിലേക്ക് മാറ്റി. ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ടാങ്കര്‍ നീക്കം ചെയ്ത ശേഷമാണ് വീടുവിട്ടിവര്‍ തിരിച്ചെത്തിയത്. അമിത വേഗതയാണ് അപകട കാരണമെന്ന് നിഗമനം.
അപകടത്തില്‍ മരിച്ച ഗുഡ്‌സ് ഡ്രൈവറുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വൈകിട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഉപരോധം പിന്‍വലിച്ചത്.

Latest