Connect with us

Articles

ദേശീയ താത്പര്യങ്ങള്‍ ചര്‍ച്ച ചെയ്യാത്ത പൊതുതിരഞ്ഞെടുപ്പ്

Published

|

Last Updated

രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ കോടിക്കണക്കിന് വരുന്ന വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഈ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പക്ഷെ, ദേശീയ പ്രശ്‌നങ്ങളൊന്നും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാകുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. രാജ്യത്തെ രാഷ്ട്രീയവും പൊതുതിരഞ്ഞെടുപ്പുമെല്ലാം പ്രദേശിക വിഷയങ്ങളിലേക്കും വിവാദങ്ങളിലേക്കും ചുരുക്കപ്പെടുന്നുവെന്ന അപകടകരമായ അവസ്ഥയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. പ്രബുദ്ധരെന്നും ഉത്ബുദ്ധരെന്നും സ്വയം മേനി നടിക്കുന്ന കേരളത്തിലാണ് ഈ അവസ്ഥയെന്നത് ഏറെ പരിതാപകരമാണ്. കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകള്‍ക്കിപ്പുറമാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇത്തരമൊരു ദുരവസ്ഥയിലേക്ക് പോയതെന്നത് വ്യക്തമാണ്. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും നേരെ കണ്ണടച്ചുകൊണ്ടുള്ള ഈ പുതിയ പ്രവണതക്ക് രാഷ്ട്രീയക്കാരും ചൂട്ട്പിടിക്കുകയാണെന്ന് വേണം കരുതാന്‍. സാമ്പത്തിക, നയതന്ത്ര മേഖലകളില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളൊന്നും തിരഞ്ഞെടുപ്പില്‍ ഇതുവരെ ചര്‍ച്ചയായതായി നാം അറിയില്ല.
രാജ്യത്തെ കാര്‍ന്നു തിന്നുന്ന അഴിമതിയെ കുറിച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നിന്നും ഒരു പ്രസ്താവന പോലും കേട്ടില്ല. രാജ്യത്തെ കുത്തകകള്‍ക്ക് ഒറ്റു കൊടുത്ത് രാഷ്ട്രീയ തമ്പുരാക്കന്മാര്‍ നേടിയെടുത്ത് സ്വിസ് ബേങ്കില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സഹസ്രകോടികളുടെ കണക്ക് ആരും പറയുന്നില്ല. പ്രത്യേക കാലപരിധിയൊന്നുമില്ലാതെ ക്രമാതീതമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന എണ്ണ കമ്പനികളുടെ ദ്രോഹത്തിലും അവര്‍ക്ക് അധികാരം നല്‍കിയ ഭരണാധികാരികളുടെ കൊള്ളരുതായ്മയിലും ആര്‍ക്കും പരാതിയില്ല. കോടിക്കണക്കിന് ദരിദ്രനാരായണന്മാര്‍ ഒരു നേരത്തെ ആഹാരത്തിനായി കേഴുന്ന രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് മുതല്‍കൂട്ടേണ്ട സമ്പത്ത് ടു ജി സ്‌പെക്ട്രത്തിന്റെയും കല്‍ക്കരി ഖനനത്തിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെയും പേരില്‍ കുത്തക മുതലാളിമാരുടെയും ഇടനിലക്കാരുടെയും ഭരണാധികാരികളുടെയും അക്കൗണ്ടുകളിലേക്ക് പോയതിലും ആര്‍ക്കും ഖേദമില്ല. കുത്തഴിഞ്ഞ രാജ്യത്തിന്റെ സമ്പദ്ഘടന നാള്‍ക്കുനാള്‍ തകര്‍ന്നു തരിപ്പണമാകുന്നതിലും ആര്‍ക്കും ഒരു പരിഭവവുമില്ല. രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് വഴിയൊരുക്കുന്നതിലും ആര്‍ക്കും സന്ദേഹമില്ല. വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയുടെ പേരില്‍ താത്കാലിക പ്രസ്താവനകള്‍ക്കപ്പുറത്ത് പ്രതിഷേധമില്ല. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ എണ്ണം പെരുകുന്നതോടൊപ്പം കുത്തക മുതലാളിമാരുടെ ആസ്തി വര്‍ധിക്കുന്നതിലും ആര്‍ക്കും ഉത്കണ്ഠയില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മതങ്ങളെയും ജാതികളെയും ഉപയോഗിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുന്നതിലും ആരും അരുതായ്മ കണ്ടില്ല.
അധികാരം പിടിക്കാനും മേല്‍ക്കോയ്മ നിലനിര്‍ത്താനും തീവ്രവാദികളെയും ഭീകരവാദികളെയും തീറ്റിപ്പോറ്റാനും അവരെ ആവശ്യത്തിന് ഉപയോഗിച്ച് രാജ്യത്ത് ഛിദ്രത വളര്‍ത്താനും, ആസൂത്രണപൂര്‍വം വംശഹത്യകള്‍ നടത്താനുമുള്ള ശ്രമങ്ങളും ആരും ഗൗരവമായി കണ്ടില്ല. ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ചയേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി വളര്‍ന്നത് ആര്‍ക്കും അലോസരമായി തോന്നിയില്ല. ലോകരാജ്യങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ രാജ്യം അനുഭവിക്കുന്ന പിന്നാക്കാവസ്ഥ ആരുടെയും അഭിമാനത്തിന്റെ പ്രശ്‌നമായില്ല. ഇതിനെല്ലാമപ്പുറം പ്രാദേശികവും ജാതീയവും വിവാദവുമായ വിഷയങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങല്‍ള്‍ക്കും ഒപ്പം വോട്ടര്‍മാര്‍ക്കും താത്പര്യമെന്ന് പറഞ്ഞാല്‍ അത് തെറ്റാകാനിടയില്ല.
അടുത്ത മാസം പത്തിന് വിധിയെഴുതുന്ന കേരളത്തില്‍ പ്രചാരണത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ദേശീയ പ്രാധാന്യമുള്ള ഒരു വിഷയവും ഇതുവരെ തിരഞ്ഞെടുപ്പ് ചര്‍ച്ചയായി ഉയര്‍ന്നു വന്നിട്ടില്ല. പകരം പ്രാദേശികമായ റോഡ് വികസനവും ഓട നിര്‍മാണവും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കിയതും വികസനമാതൃകകളായി സ്ഥാനം പിടിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ യഥാര്‍ഥ വികസനവുമായി ബന്ധപ്പട്ട അവഗണനയെയും പിന്നാക്കാവസ്ഥയെയും ചൊല്ലി രാഷ്ട്രീയക്കാര്‍ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും ചെയ്യേണ്ടതാണെന്ന കാര്യം വോട്ടര്‍മാരും മറന്നുപോകുന്നു. രാജ്യത്തിന്റെ പരമാധികാര സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പഞ്ചായത്ത് റോഡുകള്‍ നിര്‍മിക്കാനല്ലെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനാവശ്യമായ നിയമനിര്‍മാണത്തിനുമാണെന്ന യാഥാര്‍ഥ്യം ജനങ്ങളെ ഓര്‍മിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്.
ഈ പ്രവണത തുടര്‍ന്നാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും. പ്രാദേശിക തലത്തിലേക്ക് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ ഒതുക്കി അതുവഴി തങ്ങള്‍ക്കനുകൂലമായ ഭരണാധികാരികളെ പ്രതിഷ്ഠിച്ച് രാജ്യത്തെ കൊള്ളയടിക്കാനുള്ള കുത്തകകളുടെ ശ്രമമായി വേണം ഇതിനെ കാണാന്‍. രാജ്യത്ത് എത്ര വലിയ അഴിമതിയും ക്രമക്കേടും നടന്നാലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കില്ലെന്ന അവസ്ഥ വന്നാല്‍ അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളെടുക്കുകയും ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ധാര്‍ഷ്ട്യത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുന്നവര്‍ തിരഞ്ഞെടുപ്പാകുമ്പോള്‍ ഇതൊന്നും പ്രശ്‌നമാകാതെ മണ്ഡലത്തില്‍ നിര്‍മിച്ച പഞ്ചായത്ത് റോഡിന്റെയും കുടിവെള്ള പൈപ്പിന്റെയും ജാതി സമവാക്യങ്ങളുടെയും പേരില്‍ വീണ്ടും അധികാരത്തില്‍ എത്തുകയും അഴിമതിക്കും കുത്തകവത്കരണത്തിനുമെതിരെ പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നിലകൊണ്ടവര്‍ ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ പരാജയപ്പെടുകയും ചെയ്യുകയെന്ന് പറഞ്ഞാല്‍ പിന്നെ രാജ്യതാത്പര്യങ്ങള്‍ക്ക് എന്താണ് വില.?
രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ആണവ കരാറിലും, രാജ്യത്തിന്റെ വ്യാപാര, കയറ്റുമതി മേഖലകളെ പ്രതികൂലമായ ബാധിക്കുന്ന ആസിയാന്‍ കരാറിലും ഒപ്പ് വെച്ച ഭരണാധികാരികള്‍ വീണ്ടും തിരിച്ചുവന്നത് ഇതിന്റെ ഉദാഹരണമാണ്. ഇത്തരം തെറ്റായ തീരുമാനങ്ങളെടുത്തിട്ടും വീണ്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞതാണ് ടു ജി സ്‌പെക്ട്രം, കല്‍ക്കരി ഖനനം, കോമണ്‍വെല്‍ത്ത് ഗെയിംസ്, പെട്രോളിയം കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം തുടങ്ങിയ ലോകത്തെ തന്നെ ഞെട്ടിച്ച കോടിക്കണക്കിന് അഴിമതികള്‍ക്ക് വഴിയൊരുക്കിയതെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല.
മാത്രമല്ല രാജ്യത്തിന്റെ നിലനില്‍പ്പിനെയും പുരോഗതിയെയും ബാധിക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ ദേശീയ താത്പര്യങ്ങള്‍ക്കപ്പുറം പ്രാദേശിക കാര്യങ്ങളും വിവാദങ്ങളും മാത്രമാണ് വിഷയമാകുന്നതെന്ന് വന്നാല്‍ വോട്ടര്‍മാര്‍ പ്രബുദ്ധരാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. അതോടൊപ്പം ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഇത്തരം കാര്യങ്ങള്‍ക്കെതിരെ കണ്ണടക്കുന്നുവെന്നത് കൂടുതല്‍ നിരാശയുളവാക്കുന്നതാണ്. സാക്ഷരതയിലും പ്രബുദ്ധതയിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന ഒരു രാജ്യത്ത് രാജ്യതാത്പര്യങ്ങള്‍ക്കപ്പുറം കുത്തകകളുടെയും രാഷ്ട്രീയക്കാരന്റെയും താത്പര്യങ്ങള്‍ക്കനുസരിച്ച് വോട്ട് ചെയ്യേണ്ടിവരുന്നുവെന്ന അവസ്ഥ തീരെ ഗുണകരമല്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest