Connect with us

Editorial

സുപ്രീംകോടതിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍

Published

|

Last Updated

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പരാമര്‍ശിച്ച രണ്ട് വിഷയങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിദേശ ബേങ്കുകളിലെ കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്ത് കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാരാഞ്ഞത് ജസ്റ്റിസ് എച്ച് എല്‍ ദത്തു, രഞ്ജനാ പ്രകാശ് ദേശായ്, മദന്‍ ബി ലോക്കൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ്. കള്ളപ്പണം കണ്ടെത്തി തിരികെ കൊണ്ടുവരുന്നതിന് 1947 മുതല്‍ 65 കൊല്ലക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോഴും തോട്ടിപ്പണി തുടരുന്ന അതീവ ലജ്ജാകരമായ സാഹചര്യത്തെ കുറിച്ചായിരുന്നു സുപ്രീം കോടതിയുടെ മറ്റൊരു പരാമര്‍ശം. മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമെന്ന് ഇതിനെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് ഗൗരവമേറിയ കാര്യമാണ്. മലം, മൂത്രം എന്നിവയടക്കം വിസര്‍ജ്യ വസ്തുക്കള്‍ മനുഷ്യര്‍ തന്നെ ചുമക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നു. തോട്ടിപ്പണിയും അതിന്റെ വകഭേദങ്ങളും തുടരുന്നത് ഭരണഘടനയുടെ 17 ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വിധിക്കുകയുണ്ടായി. മലം “തൊട്ടി”യില്‍ നിറച്ച് ശിരസ്സില്‍ ചുമന്ന് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കാടന്‍ സംവിധാനം ഇപ്പോള്‍ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാനായിട്ടുണ്ട്. പക്ഷെ രാജ്യത്തെ പല ഗ്രാമങ്ങളിലും ഈ സംവിധാനം തുടരുന്നുണ്ട്. വെളിപ്രദേശത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് നാട്ടുനടപ്പായി ഇന്നും കരുതുന്നവര്‍ ഇന്ത്യാ രാജ്യത്ത് കോടികള്‍ വരും. സ്ത്രീ ശാക്തീകരണ നടപടികളിലൂടെ ഈ അവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. അതുപോലെ, രാജ്യത്തെ ഏതൊരു പൗരനുമുള്ള അവകാശങ്ങളെല്ലാം അധഃസ്ഥിത വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഭരണകൂടങ്ങള്‍ ഇക്കാര്യങ്ങള്‍ വിസ്മരിക്കുമ്പോഴാണ് കോടതികള്‍ ഇക്കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മിപ്പിക്കുന്നത്. ~
വിദേശ ബേങ്കുകളിലെ കള്ളപ്പണം കണ്ടെത്തി തിരികെ കൊണ്ടുവരാന്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന 2011ലെ സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളിക്കളയുകയും ചെയ്തു. കള്ളപ്പണം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാറിന് സംവിധാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍, സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം പ്രത്യേക സംഘം രൂപവത്കരിക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുംമുമ്പ് വിദേശ രാജ്യങ്ങളുമായി ആദ്യം ധാരണയിലെത്തണം. രാഷ്ട്രങ്ങള്‍ തമ്മില്‍ കൈമാറുന്ന വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ പറ്റില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഈ ഘട്ടത്തില്‍ സുപ്രീം കോടതി രൂക്ഷമായി തന്നെ പ്രതികരിച്ചു. വിദേശ രാജ്യങ്ങളുമായി ഇടപെടുമ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന് സഹകരണം ലഭിച്ചില്ലെങ്കില്‍ വിവരം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. കള്ളപ്പണ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 60 കൊല്ലമായി തുടരുന്ന നിസ്സംഗതയെ കോടതി വിമര്‍ശിച്ചു. ഈ അവസ്ഥയില്‍ സര്‍ക്കാറിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ സര്‍ക്കാറെന്ന സംവിധാനത്തെ തന്നെ മാറ്റിനിര്‍ത്തി മുന്നോട്ടു പോകാന്‍ കോടതിക്ക് കഴിയുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഈ രണ്ട് ഉത്തരവുകളും സമാനമെന്ന് തോന്നാമെങ്കിലും അതിലെ വൈരുധ്യം കണ്ടറിയാതിരുന്നു കൂടാ. കള്ളപ്പണം കൊണ്ട് രാജ്യത്ത് സമാന്തര സമ്പദ്ഘടന തന്നെ കെട്ടിപ്പെടുത്തവര്‍ ഭരണകൂടത്തെ പോലും നിയന്ത്രിക്കുന്നതായി വേണം കരുതാന്‍. അങ്ങേയറ്റം പ്രാകൃതമായ തോട്ടിപ്പണി അവസാനിപ്പിക്കാന്‍ രാജ്യത്ത് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ മുന്‍കൈയില്‍ ആരംഭിച്ച ശ്രമങ്ങളുമായി പിന്നീട് ഭരണകൂടവും കൈകോര്‍ത്തുവെങ്കിലും ഇനിയും പൂര്‍ണ ഫലപ്രാപ്തി കൈവന്നില്ല. അയിത്താചരണവും അതിന്റെ വകഭേദങ്ങളും നിരോധിച്ച ഭരണഘടനയുടെ 17 ാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. സെപിറ്റിക് ടാങ്കുകളിലും മാന്‍ഹോളുകളിലും ഇറങ്ങി കക്കൂസ് മാലിന്യങ്ങള്‍ നീക്കുന്നതിനിടയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചിട്ടുണ്ട്. പലര്‍ക്കും പണിക്കൂലി പോലും നല്‍കാറില്ല. ശാസ്ത്ര, സാങ്കേതിക രംഗത്ത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വമ്പിച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ തോട്ടിപ്പണി അവസാനിപ്പിക്കാന്‍ ഇതൊന്നും പ്രയോജനപ്പെടുത്താതിരിക്കുന്നത് ലജ്ജാകരമാണ്, അങ്ങേയറ്റം അപലപനീയമാണ്.
കള്ളപ്പണക്കാര്‍ക്കെതിരെ നടപടി വൈകിപ്പിച്ച് സര്‍ക്കാറുകളും അധികാരികളും അവര്‍ക്ക് ചൂട്ട് പിടിക്കുമ്പോള്‍, തോട്ടിപ്പണി അവസാനിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന പരിരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാറുകളും അധികാരികളും നടപടി എടുക്കാതെ, നമ്മുടെ സഹോദരങ്ങള്‍ക്ക് സാമൂഹിക നീതിയും പൗരാവകാശവും നിഷേധിക്കുകയാണ്. ഈ അവസ്ഥ ഇനിയും തുടരാനനുവദിച്ചുകൂടാ. കള്ളപ്പണക്കാര്‍ക്ക് കൈവിലങ്ങും അധഃസ്ഥിതര്‍ക്ക് സഹായഹസ്തവും നല്‍കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും മാത്രമല്ല നാട്ടിലെ മുഴുവനാളുകളും രംഗത്തിറങ്ങണം.

Latest