ആയാറാം വേലിയേറ്റത്തില്‍ കടപുഴകിയ വെറ്ററന്‍

Posted on: March 29, 2014 6:01 am | Last updated: March 29, 2014 at 10:15 am
SHARE

jaswant sing‘നമോ നമോ തമാശകളും ബി ജെ പിയിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളും 1975നെയാണ് ഓര്‍മിപ്പിക്കുന്നത്. എല്ലാവരെയും ചരടില്‍ കോര്‍ത്ത് കൊണ്ടുപോകുന്നതിന് പകരം ധാര്‍ഷ്ട്യമാണ് പാര്‍ട്ടിയില്‍.’ ബാര്‍മറില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചതിനു ശേഷം നടത്തിയ ഹ്രസ്വ വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പിയുടെ തലമുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് സ്വന്തം പാര്‍ട്ടിയിലെ ചീഞ്ഞുനാറുന്ന വ്യക്തിപൂജയെ ഭത്സിച്ചതാണിത്. നമോ സുനാമിയില്‍ മൂലകളിലേക്ക് എടുത്തെറിയപ്പെടുന്നതിന് മുമ്പ് ഒരു കൂട്ട രാജി നടത്തി പാര്‍ട്ടിയെ ‘സംരക്ഷിക്കാന്‍’ പഴയ സിംഹങ്ങള്‍ക്കും സിംഹികള്‍ക്കും പെരുത്ത പൂതിയുണ്ടെങ്കിലും അത് നനഞ്ഞ പടക്കമാകാനേ തരമുള്ളൂ; പൊട്ടിത്തെറിയുണ്ടാകില്ല, പകരം ചീറ്റിപ്പോകും. ബി ജെ പിയിലെ ഇപ്പോഴത്തെ പ്രതിസന്ധി തലനരച്ചവരും അല്ലാത്തവരും തമ്മിലുള്ള ശീതയുദ്ധമായി ചുരുക്കാനും സാധിക്കില്ല. യുവാവേശവും രാഷ്ട്രസ്‌നേഹവും ഉദ്‌ഘോഷിക്കുന്ന മോദിയുടെ തലയും താടിയും പുരികവുമൊക്കെ നരച്ചതാണ്. മോദിക്കും അനുവാചകര്‍ക്കുമെതിരെ പ്രഖ്യാപിച്ച കുരിശുയുദ്ധത്തിന്റെ ‘ഇപ്പോഴത്തെ’ മുന്നണിപ്പോരാളി ജസ്വന്ത് സിംഗാണ് നരയുടെ കാര്യത്തില്‍ അല്‍പ്പമെങ്കിലും പിന്നില്‍. അദ്ദേഹത്തിന്റെ പുരികമെങ്കിലും നര ബാധിക്കാതെയുണ്ട്.
കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെയാണ് മോദിയടക്കമുള്ള ബി ജെ പി നേതാക്കള്‍ ഈയടുത്തുവരെ ആഞ്ഞടിച്ചത്. അഖില ഭാരത പ്രചാരണങ്ങളില്‍ ഇതായിരുന്നു മോദിയും കൂട്ടരും കൈയില്‍ കരുതിയ വജ്രായുധങ്ങളിലൊന്ന്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മര്‍മ ഭാഗമായപ്പോള്‍, അത്തരം ആരോപണങ്ങള്‍ ബൂമറാംഗാകുന്ന അവസ്ഥയാണിപ്പോള്‍. ഭാരതീയ ജനതാ പാര്‍ട്ടി, നരേന്ദ്ര മോദി (നമോ) പാര്‍ട്ടിയായിരിക്കുന്നു. മോദിയെന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചാണ് മാസങ്ങള്‍ക്ക് മുമ്പെ ബി ജെ പി തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. ഗുജറാത്തിലെ വികസന അവകാശവാദങ്ങളും വ്യവസായ ലോകത്തിന്റെ പരിലാളനയും മാധ്യമങ്ങളുടെ അമിത വാത്സല്യവും ചില ‘മൗനങ്ങളും’ ബി ജെ പി ഉയര്‍ത്തിക്കാട്ടി. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പോലെ ഇന്ത്യക്കാര്‍ക്ക് അത്രയൊന്നും പരിചയമില്ലാത്ത ഒരു സമ്പ്രദായത്തിന് തിരികൊളുത്തി, മാസങ്ങള്‍ക്ക് മുമ്പെ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്ക് ഇത് വളരെ ദോഷം ചെയ്യുമെന്ന് അന്നു തന്നെ ജസ്വന്തിനെ പൊലെയുള്ള ബി ജെ പി നേതാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ദിവസം വരെ മോദിയായിരുന്നു ബി ജെ പി നേതാക്കള്‍ക്ക് പാര്‍ട്ടി. ‘ഈ പ്രാവശ്യം മോദി സര്‍ക്കാര്‍’, മോദി അധികാരത്തിലെത്താന്‍ വോട്ട് ചെയ്യൂ, തുടങ്ങിയ മന്ത്രണങ്ങള്‍ കവലകളിലെ ഫഌക്‌സ് ബോര്‍ഡുകളില്‍ മാത്രമല്ല, പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വന്നു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കാന്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും രഥയാത്രകള്‍ നടത്തിയും പള്ളികള്‍ പൊളിച്ചും നിരപരാധികളുടെ ചോര ചിന്തിയും ‘മഹത്തായ സേവനങ്ങള്‍’ അര്‍പ്പിച്ച ‘ലോഹ പുരുഷുമാര്‍’ മെഴുകു പുരുഷുമാരായി മാറിയ അവസ്ഥയാണ് ഉണ്ടായത്. ഇതിങ്ങനെ വിട്ടാല്‍, മെഴുകടയാളം പോലും അവശേഷിക്കില്ലെന്ന കേവല യുക്തിയില്‍ നിന്നാണ് മോദിക്കെതിരെ പട നയിക്കുന്നതിലേക്ക് ലാല്‍ കൃഷ്ണ അഡ്വാനിയും സംഘവും എത്തിയത്. ഏറെക്കാലം തീവ്ര നിലപാടുകളും നടപടികളുമായി വിലസിയ അഡ്വാനി, മോദിക്കരുത്തിന്റെ ബാധയില്‍ മിതവാദത്തിന്റെയും സംയമനത്തിന്റെയും വക്താവായി ചിത്രീകരിക്കപ്പെട്ടു. അഡ്വാനിയുടെ നിലപാടുകളുടെയും നടപടികളുടെയും വീര്യം അല്‍പ്പം പോലും കുറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം അതുകൊണ്ടാണ് വലിച്ചെറിഞ്ഞത്. ദിവസങ്ങള്‍ക്കകം നാഗ്പൂരില്‍ നിന്നുള്ള ഹംസപ്പട ഡല്‍ഹിയിലെ പൃഥ്വിരാജ് റോഡിലെത്തുമെന്ന് അറിഞ്ഞുകൊണ്ടുള്ള പാവ നാടകം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇനിയൊരു രാഷ്ട്രീയ ബാല്യം ഇല്ലെന്ന് അഡ്വാനിയും പരിവാരങ്ങളും തിരിച്ചറിഞ്ഞിട്ടുമുണ്ട്. പലരും അത് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇത്തവണ ജയിച്ചുകയറി രാജ്യം അടക്കി ഭരിക്കാന്‍ അഡ്വാനി വര്‍ഷങ്ങള്‍ക്ക് മുമ്പെ പകല്‍ക്കിനാവ് കാണുന്നുണ്ട്. പ്രധാനമന്ത്രിയായി കാവി പുതക്കുകയെന്ന ലക്ഷ്യത്തിലാണ് പതിറ്റാണ്ടുകള്‍ ചോര നീരാക്കിയത്. ഇതിനിടയില്‍ പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍ എല്ലാം കൈയടക്കുമ്പോള്‍ ആ രാഷ്ട്രീയ ഹൃദയം നുറുങ്ങുക സ്വാഭാവികം. രാഷ്ട്രീയത്തില്‍ നിന്ന് വിജഗീശുവായി പിന്‍വാങ്ങലിന് കളമൊരുങ്ങണമെന്ന അഭീഷ്ടം നടക്കില്ലായെന്ന് വന്നപ്പോഴാണ് ജസ്വന്ത് സിംഗും ഒച്ചയെടുത്തത്. ഒരു പടി കൂടി കടന്ന് പേരിനെങ്കിലും ചില ആദര്‍ശങ്ങള്‍ കൈമുതലാക്കിയവര്‍ക്ക് കൂട്ടത്തോടെ ഭ്രഷ്ട് കല്‍പ്പിക്കുകയെന്ന മോദിയന്‍ ഏകാധിപത്യത്തിന്റെ അനുരണനങ്ങളാണ് ബി ജെ പിയിലേതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകുകയില്ല. ആദര്‍ശവും ധാര്‍മികത്വവും മറ്റും ബി ജെ പിയിലെ നേതാക്കള്‍ക്ക് തുലോം ഇല്ലായെന്ന സത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും. കാലം ഇതുവരെയായിട്ടും ബാബരി മസ്ജിദ് പൊളിച്ചതിലോ ഗുജറാത്തില്‍ നിറവയറുമായി രക്ഷക്ക് കേഴുന്ന ഗര്‍ഭിണിയുടെ വയറ് ത്രിശൂലം കൊണ്ട് കുത്തിപ്പിളര്‍ന്ന് ചോരക്കുഞ്ഞിനെ ചുട്ടു കൊന്നതടക്കം, ഹിറ്റ്‌ലറിയന്‍ ശാസ്ത്രത്തെ പോലും നാണിപ്പിച്ച ക്രൂരതകളിലൂടെ ആയിരക്കണക്കിന് മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തിയതിലോ സുഷമയോ ജസ്വന്തോ അങ്ങനെ തുടങ്ങുന്ന നേതാക്കളോ ഇന്നുവരെ തെറ്റായിപ്പോയി എന്നുവരെ പറഞ്ഞില്ലല്ലോ. പിന്നെന്ത് ആദര്‍ശം, ധാര്‍മികത!
രാഷ്ട്രീയ ഇന്നിംഗ്‌സിന് അന്ത്യം കുറിക്കുന്നതിനാല്‍, അഥവാ അധികാരം കിട്ടുകയും പ്രതിരോധമോ, ആഭ്യന്തരമോ, ധനമോ തുടങ്ങിയ മുഖ്യ വകുപ്പുകളുടെ ചുമതല നല്‍കേണ്ടി വരികയും ചെയ്താല്‍, ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താക്കളാകാനാണ് ഈ വെറ്ററന്‍മാര്‍ ശ്രദ്ധിക്കുക. നിയമത്തിന്റെ പരിധിക്കപ്പുറം ഒന്നും ഈ രാഷ്ട്രീയപടുക്കള്‍ ചെയ്യാനും സാധ്യതയില്ല. അങ്ങനെയായാല്‍ ആദര്‍ശ രാഷ്ട്രീയ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴും. അപ്പോള്‍ പിന്നെ, ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ ‘വന്‍ നിക്ഷേപം’ നടത്തിയ അദാനിമാരും അംബാനിമാരും മിസ്ത്രിമാരും ഇച്ഛാഭംഗത്തിലകപ്പെടുകയും മതിഭ്രമം ബാധിച്ചവരാകുകയും ചെയ്യും. ഈയൊരു സാധ്യതയെ ഇല്ലായ്മ ചെയ്യാനാണ് വെറ്ററന്‍ നേതാക്കളെ ഒതുക്കുന്നത്. ഈ ‘മൂലവത്കരണ’ത്തിലൂടെ കോര്‍പ്പറേറ്റുകളുടെ ‘മൂലധനവത്കരണം’ ത്വരിതഗതിയിലാകുകയും ചെയ്യും.
മറ്റൊരു കാരണം, മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ പ്രഖ്യാപിത ആശയത്തില്‍ നിന്ന് ചില പിന്‍വാങ്ങലുകള്‍ നടത്തിയതാണ്. 2005ല്‍ ജന്മനാട്ടില്‍ പോയി മുഹമ്മദലി ജിന്നയെ മതേതരവാദിയെന്ന് വിളിച്ചത് മുതല്‍ തുടങ്ങിയതാണ് അഡ്വാനിയുടെ കണ്ടകശ്ശനി. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തി അടല്‍ ബിഹാരി വാജ്പയി എന്ന ബി ജെ പി സ്വന്തമായി പടുത്തുയര്‍ത്തിയ ‘മിതവാദി’യെ മുന്നില്‍ നിര്‍ത്തി വോട്ട് പിടിച്ചിട്ടും എട്ട് നിലയില്‍ പൊട്ടിയ എന്‍ ഡി എ ഇനിയൊരിക്കലും ഇന്ദ്രപ്രസ്ഥം കാണില്ലെന്ന ബോധോദയത്താലായിരിക്കണം അന്ന് ജിന്നയെ പ്രകീര്‍ത്തിക്കാന്‍ അഡ്വാനി തീരുമാനിച്ചത്. അഡ്വാനിയുടെ ഈയൊരു നിലപാടുമാറ്റത്തിനെതിരെ നാഗ്പൂര്‍ സിംഹങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റ് പല്ലില്ലാത്ത വായില്‍ ഗര്‍ജിച്ചു. അങ്ങനെ സ്ഥാപക നേതാവിന് രാജിവെക്കേണ്ടി വന്നു. നാലാം പക്കം പാര്‍ട്ടിയിലെത്തിയെങ്കിലും. ബി ജെ പിയുടെ, സോറി ആര്‍ എസ് എസിന്റെ രീതിയാണത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം വരെ മൂന്ന് പ്രാവശ്യം രാജിവെച്ചിട്ടുണ്ട് അഡ്വാനി. എല്ലാറ്റിനും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ജസ്വന്തും രാജി വെച്ചിട്ടുണ്ട്. കാരണം ജിന്നാ പ്രശംസ തന്നെ. നിലപാടുമാറ്റങ്ങള്‍ ഒരിക്കലും സഹിക്കില്ലെന്ന സന്ദേശമാണ് ആര്‍ എസ് എസ് ഇത്തരം നടപടികളിലൂടെ പ്രക്ഷേപണം ചെയ്തത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ തങ്ങളുടെ പ്രഖ്യാപിത ആശയങ്ങള്‍ കളഞ്ഞുകുളിക്കുമ്പോള്‍ നാഗ്പൂര്‍ ആസ്ഥാനം വെറുതെയിരിക്കില്ലല്ലോ. സംഘ് ആശയങ്ങള്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തിലൂടെ നടപ്പില്‍ വരുത്താനാണല്ലോ ബി ജെ പിയെന്ന ചട്ടക്കൂടിനെ പടച്ചുവിട്ടത്. ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുകയെന്നതാണ് ബി ജെ പി നേതാവാകാനുള്ള പ്രാഥമിക യോഗ്യത. ഇന്നത്തെ എല്ലാ ദേശീയ നേതാക്കളും ആര്‍ എസ് എസില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി നാഗ്പൂരിലെ സംഘ് ആസ്ഥാനത്തെ കുശിനിക്കാരനായിരുന്നല്ലോ. രാജ്‌നാഥ് സിംഗും നിതിന്‍ ഗാഡ്കരിയും ആര്‍ എസ് എസ് നേതാക്കള്‍ തന്നെ. ചുരുക്കത്തില്‍, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ ശത്രുക്കള്‍, ന്യൂനപക്ഷവിരോധം, ആത്യന്തികമായി ഹിന്ദുരാഷ്ട്ര സംസ്ഥാപനം തുടങ്ങിയ നിലപാടുകള്‍ക്ക് വിഘാതമാകുന്ന ഒന്നും ആര്‍ എസ് എസ് വെച്ചുപൊറുപ്പിക്കില്ല. അപ്പോള്‍ പിന്നെ ഈ വക എല്ലാ യോഗ്യതകളും ഉണ്ടെന്ന് പ്രായോഗികമായി തെളിയിച്ചുകൊടുത്ത മോദിയെ അമരത്തേക്ക് കൊണ്ടുവന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ആയൊരു സാഹചര്യത്തില്‍ അഡ്വാനിയും ജസ്വന്തും യശ്വന്തും സുഷമയും മൂലയിലാകും. മികച്ചതല്ലെങ്കിലും നാണം കെടാത്ത വിടവാങ്ങലാണ് ഇവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ മോദിയുടെ അപ്രമാദിത്വം അംഗീകരിച്ച് മോദിക്ക് അനുഗ്രാഗ്രഹാശിസ്സുകള്‍ നല്‍കലല്ലാതെ വേറെ വഴിയില്ല. ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയ ജസ്വന്തിന്റെ നെഞ്ചുറപ്പിനെ വാഴ്ത്താന്‍ വരട്ടെ, പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂറില്‍ ടിയാന്‍ പിന്‍വലിക്കുക തന്നെ ചെയ്യും. ‘സ്വതന്ത്രനായി വിജയിച്ചതില്‍ പിന്നെയാണയാള്‍, സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞത്’ എന്ന് കവിക്ക് പ്രഘോഷിക്കാമെങ്കിലും പ്രായോഗിക രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ ജസ്വന്ത് അങ്ങനെയൊരു ചാവേറാകാന്‍ ആഗ്രഹിക്കില്ല. എം പിയായില്ലെങ്കിലും വേണ്ടിയില്ല, പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനമെങ്കിലും ലഭിക്കും. മോദിയുടെ യോര്‍ക്കറിന് മുന്നില്‍ അപ്രതിരോധ്യനായി ക്ലീന്‍ ബൗള്‍ഡ് ആകുകയും വേണ്ട. പകരം മോദിക്ക് ഇടക്കിടെ അനുഗ്രഹം നല്‍കിയാല്‍ മതി. മോദിയാകട്ടെ കാല്‍ക്കല്‍ വീഴുകയും ചെയ്യും. ജീവിത സായംസന്ധ്യയില്‍ ചാവേറാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് അഡ്വാനിയും അനുഗ്രഹം മൊത്തക്കച്ചവടം ചെയ്യാന്‍ ആരംഭിച്ചത്. അഡ്വാനിയുടെ നിഴല്‍ പറ്റി നടക്കുന്ന സുഷമയുടെത് പ്രത്യേകിച്ച് പറയേണ്ടതില്ല. ആകയാല്‍, ആര്‍ എസ് എസാണ് കളി നിയന്ത്രിക്കുന്നത്. ഐ പി എല്‍ ലേലം പോലെയാണ് നേതാക്കളുടെ ആരോഹണവും അവരോഹണവും. മികച്ച കളി കാഴ്ച വെച്ചവര്‍ കണ്ണഞ്ചിപ്പിക്കുന്ന തുകക്ക് പോകും. സംഘ് ചാലില്‍ നിന്ന് പുറം തിരിഞ്ഞവര്‍ തട്ടിക്കളിക്കലിന് വിധേയരായി അവസാനം ആരോരുമില്ലാതെ ഊര്‍ധ്വന്‍ വലിക്കേണ്ടിയും വരും.