സംസ്ഥാനത്ത് വിന്യസിക്കുന്ന കേന്ദ്രസേനയുടെ ഭൂരിഭാഗവും കണ്ണൂരില്‍

Posted on: March 28, 2014 7:29 am | Last updated: March 28, 2014 at 7:29 am
SHARE

കണ്ണൂര്‍: തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിന്യസിക്കുന്ന കേന്ദ്ര സേനയുടെ ഭൂരിഭാഗം ബറ്റാലിയനുകളും കണ്ണൂരില്‍. പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ ഏറെയുള്ള ജില്ലയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കേന്ദ്രസേനയെ ഇത്തവണയും വിന്യസിക്കുക. ഇതുസംബന്ധിച്ച് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം തീരുമാനമെടുത്തതായാണ് അറിയുന്നത്.
സംസ്ഥാനം ആവശ്യപ്പെടുന്നത്രയും കേന്ദ്രസേനയെ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ സംസ്ഥാനം ആവശ്യപ്പെട്ടതിനാല്‍ 15 ശതമാനം കൂടുതല്‍ കേന്ദ്രസേനയെ കേരളത്തിന് അനുവദിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഏറെയുള്ള ജില്ലയായി വിലയിരുത്തപ്പെടുന്ന കണ്ണൂരില്‍ 538 പ്രശ്‌ന സാധ്യതാ ബൂത്തുകളുള്ളതായാണ് പോലീസ് വിലയിരുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ 3,500ലേറെ പോലീസുകാരെയും 700 സെപ്ഷ്യല്‍ പോലീസ്, 1,000 കേന്ദ്ര പാരാ മിലിട്ടറി സേന എന്നിവരെയാണ് സുരക്ഷാ ചുമതലക്ക് വിനിയോഗിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.
പോലീസ് റിപ്പോര്‍ട്ടും മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനവും കണക്കിലെടുത്താണ് പ്രശ്‌ന ബൂത്തുകള്‍ തീരുമാനിക്കുന്നത്. വള്‍നറബിള്‍, സെന്‍സിറ്റീവ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് പ്രശ്‌ന ബൂത്തുകളെ വേര്‍ത്തിരിച്ചിട്ടുള്ളത്. മുന്‍ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിംഗ് നടക്കുകയും പോള്‍ ചെയ്ത വോട്ടില്‍ 75 ശതമാനവും ഒരു സ്ഥാനാര്‍ഥിക്ക് മാത്രം കിട്ടുകയും ചെയ്ത ബൂത്തുകളെയാണ് അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍പ്പെടുത്തുന്നത്. പ്രശ്‌ന സാധ്യതാ ബൂത്തുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാറും വിലയിരുത്തിയ ശേഷമാണ് കേന്ദ്രസേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ തീരുമാനിക്കുക.
തിരഞ്ഞെടുപ്പ് സുരക്ഷ വിലയിരുത്താന്‍ ഇന്നലെ കണ്ണൂരില്‍ ഡി ജി പി. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി. ഇന്നലെ കണ്ണൂരിലേക്ക് മൂന്ന് കമ്പനി കേന്ദ്രസേനാംഗങ്ങളെത്തിയിട്ടുണ്ട്. സി ആര്‍ പി എഫിലെ രണ്ട് കമ്പനിയും ബി എസ് എഫിന്റെ ഒരു കമ്പനിയുമാണ് കണ്ണൂരിലെത്തിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നക്‌സല്‍ വിരുദ്ധ നടപടികളില്‍ പരിശീലനം ലഭിച്ച ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വയനാട ്- കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി വനപ്രദേശം, കണ്ണൂര്‍ – കാസര്‍ക്കോട്-കര്‍ണാടക അതിര്‍ത്തി, വയനാട്ടിലെ തിരുനെല്ലി, വെളമുണ്ട, വൈത്തിരി, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും നിരന്തര നിരീക്ഷണത്തിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണ്ണാടക, തമിഴ്‌നാട് ഇന്റലിജന്‍സ്, മാവോയിസ്റ്റ് വിരുദ്ധസേന എന്നിവരുമായി പോലീസ് വിവരങ്ങള്‍ കൈമാറുകയും സംയുക്ത പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.