Connect with us

Gulf

ദിഹാദിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

ദുബൈ: 11-ാമത് ദുബൈ ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് ഡവലപ്‌മെന്റ് കോണ്‍ഫ്രന്‍സ് ആന്റ് എക്‌സിബിഷ(ദിഹാദ്)ന് ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ പ്രൗഡമായ തുടക്കം.
യു എന്‍ സമാധാന സന്ദേശകനും ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി ചെയര്‍പേഴ്‌സണും ശൈഖ് മുഹമ്മദിന്റെ ഭാര്യയുമായ ഹയ ബിന്‍ത് ഹുസൈന്‍ രാജകുമാരി ഉദ്ഘാടനം ചെയ്തു. മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി, റെഡ് ക്രസന്റ് അതോറിറ്റി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹി, ദിഹാദ് ഉന്നതാധികാര കമ്മിറ്റി ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ, ലോക ഭക്ഷ്യ പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എര്‍താറിന്‍ കസിന്‍ തുടങ്ങി ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. സ്ത്രീകളും സഹായവും എന്ന പ്രമേയത്തിലുള്ള ഈ വര്‍ഷത്തെ പരിപാടികള്‍ നാളെ സമാപിക്കും.
നാം സ്ത്രീകളിലേക്ക് എത്തേണ്ടതുണ്ട്, സമൂഹത്തിന്റെ അഭിവാജ്യ ഘടകമാണ് അവര്‍. അവരെ ഒറ്റപ്പെടാന്‍ അനുവദിച്ചു കൂടാ. സഹായങ്ങള്‍ ശരിയായ വിധത്തില്‍ അവരില്‍ എത്തപ്പെടുന്നോ എന്ന് പരിശോധിക്കപ്പെടണം. ഉദ്ഘാടന പ്രസംഗത്തില്‍ ഹയാ രാജകുമാരി പറഞ്ഞു.
സിറിയ അടക്കം സമീപ രാജ്യങ്ങളിലേയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള വംശീയ, ആഭ്യന്തര പ്രശ്‌നങ്ങളാല്‍ ദുരിത മനുഭവിക്കുന്ന സ്ത്രീകളുടെ കാര്യം സമ്മേളനത്തില്‍ മുഖ്യ പരാമര്‍ശമായി. യു എ ഇയിലെ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ആര്‍ സി എഫ് ഐയുടെ വിപുലമായ പ്രവര്‍ത്തനം വിശദീകരിക്കുന്ന പ്രത്യേക സ്റ്റാള്‍ റെഡ് ക്രസന്റ് അതോറിറ്റി ദുബൈ മാനേജര്‍ മുഹമ്മദ് അല്‍ ഹാജ് സര്‍ഊനി ഉദ്ഘാടനം ചെയ്തു. ആര്‍ സി എഫ് ഐ മുഖ്യ രക്ഷാധികാരി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.

Latest