Connect with us

Gulf

സമുദ്ര വിനോദ സഞ്ചാര മേഖലയില്‍ ഒമാനും യു എ ഇക്കും സംയുക്ത പദ്ധതി

Published

|

Last Updated

മസ്‌കത്ത്: കപ്പല്‍ വിനോദ സഞ്ചാര രംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഒമാന്‍, യു എ ഇ ധാരണ. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികളെ ഇരു രാജ്യങ്ങളിലേക്കും ആകര്‍ഷിക്കുന്നതിനും അറബ് രാജ്യങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ സവാരികള്‍ സംഘടിപ്പിക്കുന്നതിനുമാണ് ടൂറിസം മന്ത്രാലയങ്ങളും ടൂറിസം കമ്പനികളും തമ്മില്‍ ധാരണയായിരിക്കുന്നത്. ഈ വര്‍ഷം ഇരു രാജ്യങ്ങളും സമദ്ര സഞ്ചാരികളുടെ വരവില്‍ വര്‍ധന പ്രതീക്ഷിക്കുന്നു.

മേഖലയിലെ സമദ്ര സഞ്ചാര രംഗത്ത് യു എ ഇയും ഒമാനും യോജിച്ചു നീങ്ങുകയാണെന്നും ഇതിനകം സംയുക്തമായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞുവെന്നും ഒമാന്‍ ടൂറിസം മന്ത്രാലയം ഇവന്റ്‌സ് ഡയറക്ടര്‍ ഖാലിദ് അല്‍ സദ്ജലി പറഞ്ഞു. അടുത്തടുത്തു കിടക്കുന്ന തീരങ്ങള്‍ എന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും സമുദ്ര സഞ്ചാര രംഗത്ത് യോജിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ സഹകരണമാണിത്.
കഴിഞ്ഞ വര്‍ഷം മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ 112 സഞ്ചാര കപ്പലുകളാണ് വന്നത്. ഏകദേശം രണ്ടു ലക്ഷം വിദേശികള്‍ നഗരം സന്ദര്‍ശിച്ചു. ഈ വര്‍ഷം 15 മുതല്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കുന്നു. മുസന്ദം ഗവര്‍ണറേറ്റില്‍ കഴിഞ്ഞ വര്‍ഷം 60,000 സഞ്ചാരികളെത്തി. ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന സ്ഥലമാണിത്. ഈ രണ്ടു തുറമുഖങ്ങളിലേക്കുമുള്ള സഞ്ചാരികളെയാണ് യു എ ഇയുമായി ബന്ധിപ്പിക്കുക. അതേസമയം, രാജ്യത്ത് സലാല പോര്‍ട്ടിലും വിദേശ സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ടെങ്കിലും ദൂരക്കൂടുതല്‍ കാരണം ദുബൈയുമായി ബന്ധിപ്പിക്കുക എളുപ്പമല്ല.
യു എ ഇല്‍ കഴിഞ്ഞ വര്‍ഷം 582,000 കപ്പല്‍ സഞ്ചാരികളാണ് എത്തിയത്. ഈ വര്‍ഷം ഇത് ആറു ലക്ഷം കവിയുമെന്നു പ്രതീക്ഷിക്കുന്നു. പോയ വര്‍ഷം ദുബൈയില്‍ മാത്രം 386,000 പേരെത്തി. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമാണ് കൂടുതല്‍ പേരെത്തുന്നത്. ഈ ശൈത്യകാലത്ത് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും ദുബൈ ടൂറിസം വിഭാഗം ബിസിനസ് ഡയറക്ടടര്‍ ഹമദ് ബിന്‍ മെജറന്‍ പറഞ്ഞു.
കപ്പല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകത്തെ മൂന്നാമതു പ്രദേശമായി ഗള്‍ഫ് മേഖല മാറിയിട്ടുണ്ടെന്നും ഒമാനുമായി ചേര്‍ന്ന് ജി സി സി രാജ്യങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന കപ്പല്‍ സമുദ്ര സഞ്ചാര പദ്ധതി കൂടുതല്‍ ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു എ ഇയിലെ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ തീരങ്ങളിലും സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.

 

Latest