ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

Posted on: March 20, 2014 11:38 am | Last updated: March 20, 2014 at 11:38 am
SHARE

കോഴിക്കോട്: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഭാര്യ ഷീജാമണിയെ കൊന്ന കേസില്‍ പറമ്പില്‍ ബസാറില്‍ പേട്രന്‍ കോംപ്ലക്‌സിലെ താമസക്കാരനായ ചങ്ങനാശേരി സ്വദേശി ശക്തിദാസി(38)നാണ് കോഴിക്കോട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് പി നന്ദന കൃഷ്ണന്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ദമ്പതികളുടെ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടക്കാത്ത പക്ഷം രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
2009 നവംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ശക്തിദാസ് ഭാര്യ ഷീജാമണിയും പറമ്പില്‍ ബസാറില്‍ താമസിച്ച് വരികയായിരുന്നു. ഭാര്യയുടെ അമ്മ ചിട്ടിവിളിച്ച പതിനായിരം രൂപ ആവശ്യപ്പെട്ട് ഷീജാമണിയെ പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാതെ സംഖ്യയില്‍ 5,000 രൂപ നല്‍കി.
എന്നാല്‍ ശേഷിക്കുന്ന 5,000 ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള മര്‍ദനം. സംഭവ ദിവസം ഉച്ചക്ക് 2.30ഓടെ കുളിമുറിയില്‍ കയറിയ ഷീജാ മണിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.വിവരമറിഞ്ഞ നാട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ പ്രതി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ശേഷം തിരിച്ച് വീട്ടിലെത്തി ശേഷിക്കുന്ന 5,000 രൂപയും എടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. ഒരു മാസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി 2009 ഡിസംബര്‍ 10നാണ് മരിച്ചത്. കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും അഞ്ച് തൊണ്ടി സാധനങ്ങളും കോടതി പരിഗണിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ഷിബു ജോര്‍ജ്, എസ് ഭവ്യ എന്നിവര്‍ ഹാജരായി.