Connect with us

Ongoing News

കോട്ടയത്ത് പി സി ജോര്‍ജിന് അപ്രഖ്യാപിത വിലക്ക്

Published

|

Last Updated

കോട്ടയം: കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമെന്ന ഭയപ്പാടില്‍ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജിന് കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ അപ്രഖ്യാപിത വിലക്ക്. ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പത്രിക സമര്‍പ്പണ വേളയിലും ജോര്‍ജിന്റെ അസാന്നിധ്യം അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരിപാടികളിലേക്ക് ജോര്‍ജിനെ ഔദ്യോഗികമായി വിളിച്ചുവരുത്തേണ്ടെന്നാണ് കെ എം മാണി പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദേശം. പി സി ജോര്‍ജ് തിരഞ്ഞെടുപ്പ് വേദികളില്‍ സജീവമാകുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് വഴിവെക്കുമെന്നാണ് കെ എം മാണിയുടെ ആശങ്ക.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പുമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ പി സി ജോര്‍ജിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തില്‍ ജോര്‍ജിന്റെ സാന്നിധ്യം കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും കോട്ടയത്ത് പ്രചാരണ പരിപാടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വഴിവെച്ചേക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ ജോര്‍ജിന്റെ സാന്നിധ്യം യു ഡി എഫ് വോട്ടുകള്‍ കുറയാന്‍ കാരണമായേക്കുമെന്നും നേതൃത്വം ഭയപ്പെടുന്നു.
ജോര്‍ജിനെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനുള്ള കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം പാര്‍ട്ടിക്കുള്ളില്‍ ജോര്‍ജ് അനുകൂലികളെ രോഷാകുലരാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും അവഗണ തുടര്‍ന്നാല്‍ നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിക്കമെന്നാണ് ജോര്‍ജ് അനുകൂലികള്‍ പറയുന്നത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയ ജോര്‍ജിന്റെ നടപടി കോണ്‍ഗ്രനുള്ളില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഒപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും സോളാര്‍ വിഷയത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിന്റെ ശൈലി കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വലിയതോതിലുള്ള അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പ്രചാരണ രംഗത്ത് സജീവമായതോടെ കോട്ടയത്ത് മത്സരം കൂടുതല്‍ കടുപ്പമേറിയിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രശ്‌നത്തില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ഇടതുപാളയത്തില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു സി പി എം നേതൃത്വം. ഈ വിലയിരുത്തലില്‍ കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ഥിയെ അവസാന നിമിഷം വരെ ഇറക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സി പി എം. ഒടുവില്‍ ജനതാദളിന് കോട്ടയം സീറ്റ് നല്‍കിയപ്പോള്‍ മാത്യു ടി തോമസ് തന്നെ മത്സരിക്കണമെന്ന് സി പി എം ശഠിച്ചത് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മലക്കം മറിച്ചിലിന് ശക്തമായ മറുപടി നല്‍കണമെന്ന കണക്കുകൂട്ടലിലാണ്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ പ്രചരണ പരിപാടികള്‍ സജീവമാക്കാന്‍ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest