Connect with us

Gulf

വിമാനങ്ങള്‍ക്ക് തലവേദനയായി അച്ചാര്‍ കുപ്പികളും പലഹാരപ്പൊതികളും

Published

|

Last Updated

മസ്‌കത്ത്: ഗള്‍ഫിലേക്കു വരുന്ന ഇന്ത്യന്‍ വിമാന യാത്രക്കാരുട ലഗേജുകളില്‍ കൂടുതല്‍ കാണുന്ന വസ്തുക്കള്‍ അച്ചാര്‍ കുപ്പികളും പലഹാരങ്ങളും. അധിക ലഗേജുകളുമായി എയര്‍പോര്‍ട്ടിലെത്തി പെട്ടികള്‍ കെട്ടഴിച്ച് ഒഴിവാക്കേണ്ടി വരികയും പലപ്പോഴും ചെക്ക് ഇന്‍ സമയവും ടേക് ഓഫ് സമയവും വൈകാന്‍ ഇടയാക്കുകയും ചെയ്യുകയാണ് ഈ വസ്തുക്കളെന്ന് വിമാന കമ്പനികള്‍ പറയുന്നു.
വിമാനങ്ങളുടെ യാത്ര പുറപ്പെടല്‍ ഉള്‍പെടെയുള്ള സേവനങ്ങള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് യത്രക്കാരുടെ ശീലങ്ങള്‍ വിനയാകുന്നതായി എയര്‍ലൈന്‍ ജീവനക്കാര്‍ പറഞ്ഞത്. ഇന്ത്യയില്‍നിന്നും ഗള്‍ഫ് നാടുകകളിലേക്കു വിവിധ വിദേശ രാജ്യങ്ങളിലേക്കും വരുന്നവര്‍ അത്ര പ്രാധാന്യമില്ലാത്ത നിരവധി സാധനങ്ങളുമായാണ് എയര്‍പോര്‍ട്ടിലെത്തുക. പലരുടെയും ലഗേജ് അധികമായിരിക്കും. പെട്ടി അഴിക്കുമ്പോള്‍ അച്ചാര്‍ കുപ്പികളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമാണ് കണ്ടെത്തുക.
വിദേശ നാടുകളില്‍ വസ്ത്രത്തിനു വലിയ വിലയെന്ന ധാരണയിലാണ് പരമാവധി വസ്ത്രങ്ങളും പായ്ക്ക് ചെയ്തു കൊണ്ടു വരുന്നത്. അച്ചാര്‍ പായ്ക്കുകളും അരിപ്പൊടിയുള്‍പെടെയുള്ള ഭക്ഷ്യ സാധനങ്ങളും നിരവധി പേര്‍ കൊണ്ടു വരുന്നു. ലഗേജ് അധികമാകുമ്പോള്‍ കെട്ടഴിക്കാന്‍ മടിയുള്ളവര്‍ അധിക തുകയടക്കാന്‍ തയാറാകുന്നു. ഫലത്തില്‍ വിലക്കൂടുതല്‍ പരിഗണിച്ച് കൊണ്ടു പോകാന്‍ തുനിയുന്ന വസ്ത്രങ്ങളെക്കാളും മറ്റു വസ്തുക്കളെക്കാളും കൂടുതല്‍ തുക അധിക ബാഗേജിനു നല്‍കേണ്ടി വരുന്നു. പെട്ടി തുറക്കാന്‍ തയാറാകുന്നവര്‍ ഒഴിവാക്കുന്നത് അച്ചാര്‍ കുപ്പികളായിരിക്കുമെന്നും എയര്‍ലൈന്‍ ജീവനക്കാര്‍ പറയുന്നു. അനുവദിക്കപ്പെട്ടത്രയും കിലോ ലഗേജ് കൊണ്ടു പോവുക എന്നത് ഇന്ത്യക്കാരുടെ ശീലമാണെന്നും അന്വേഷണം കണ്ടെത്തുന്നു.
വീട്ടില്‍ ഉണ്ടാക്കി കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കള്‍ പലരും ഉപേക്ഷിക്കാനോ തിരികെ കൊടുത്തയക്കാനോ തയാറാകില്ല. അധിക തുകയടച്ച് കൊണ്ടു പോകും. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ലഗേജ് ചോദിച്ച് ഉറപ്പു വരുത്തുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഗള്‍ഫില്‍ നിന്നു മടങ്ങിപ്പോകുന്നവരും ലഗേജിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാത്തവരാണ്. അധിക ഭാരത്തിനു തുകയടക്കുന്നവര്‍ നിരവധിയാണ്. കൂടുതല്‍ ലഗേജ് കൊണ്ടു പോകാന്‍ അവസരം ലഭിക്കുമ്പോള്‍ മണിക്കൂറുകള്‍ വൈകി കണക്ഷന്‍ വിമാനത്തില്‍ പോകാനും യാത്രക്കാര്‍ സന്നദ്ധമാണ്. ഇതു ചൂഷണം ചെയ്ത് ചില വിമാനങ്ങള്‍ കൂടുതല്‍ ലഗേജ് വാഗ്ദാനം ചെയ്ത് യാത്രക്കാരെ പിടിക്കാന്‍ സന്നദ്ധമാകുന്നു.
ഹാന്‍ഡ് ബാഗേജിലും ലഗേജിലും കൊണ്ടു പോകുന്നതിനു വിലക്കുള്ള സാധനങ്ങളുമായി വരുന്നവരും നിരവധിയുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം ലഗേജ് അഴിച്ച് പരിശോധിച്ച് വീണ്ടും പായ്ക്ക് ചെയ്ത് ബോര്‍ഡിംഗ് പാസ് അനുവദിക്കുന്നതിന് ഏറെ സമയമെടുക്കുന്നുണ്ടെന്നും പലര്‍ക്കും വിമാനം നഷ്ടപ്പെടുന്നതിലും ചില ഘട്ടങ്ങളില്‍ വിമാനം യാത്ര പുറപ്പെടുന്നതു വൈകുന്നതിനും ഇതു കാരണമാകുന്നുണ്ടെന്നും വിമാന ജീവനക്കാര്‍ പറയുന്നു.

 

Latest