Connect with us

Kasargod

വിതരണത്തിനായി ഗോഡൗണിലെത്തിയ റേഷന്‍ ഗോതമ്പില്‍ മാലിന്യങ്ങള്‍

Published

|

Last Updated

കാസര്‍കോട്: റേഷന്‍ കടകള്‍ വഴി വിതരണത്തിനായി എത്തിച്ച ഗോതമ്പില്‍ മാലിന്യങ്ങള്‍. കാസര്‍കോട്, ചട്ടഞ്ചാല്‍, കുമ്പള ഗോഡൗണുകളിലെത്തിച്ച ഗോതമ്പിലാണ് മാലിന്യങ്ങള്‍ കണ്ടെത്തിയത്.
മഴയില്‍ കുതിര്‍ന്ന്, ദ്രവിച്ച നിലയിലുള്ള ഗോതമ്പാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ വിതരണത്തിനെത്തിയത്. ഇന്നലെ കാസര്‍കോട് ഗോഡൗണിലെത്തിയ ലോഡിലെ 20 ഓളം ഗോതമ്പ് ചാക്കുകളിലാണ് മാലിന്യങ്ങള്‍ കണ്ടെത്തിയത്. ഗോതമ്പിനോടൊപ്പം മരക്കഷണവും മണ്‍കട്ടയും കണ്ടു. ഇതേ അവസ്ഥ തന്നെയായിരുന്നു കുമ്പളയിലും ചട്ടഞ്ചാലിലും എത്തിയ ഗോതമ്പ് ലോഡുകളിലും.
ശനിയാഴ്ച നീലേശ്വരം എഫ് സി ഐ ഗോഡൗണിലെത്തിയ ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ച ഗോതമ്പാണ് ഇതെന്നാണ് റേഷന്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ നാല് മാസമായി ജില്ലയില്‍ ബി പി എല്‍, എ പി എല്‍ സബ്‌സിഡി ഗോതമ്പുകളുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിതരണം പുനരാരംഭിച്ചപ്പോള്‍ നാല് മാസം മുമ്പ് എത്തിയ ഗോതമ്പാണ് ജില്ലയില്‍ വിതരണത്തിനായി നല്‍കിയത്. അതേസമയം നല്ല ഗോതമ്പ് നീലേശ്വരം എഫ് സി ഐ ഗോഡൗണില്‍ നിന്നും ഓപ്പണ്‍ മാര്‍ക്കറ്റുകളിലും മില്ലിലേക്കും വിതരണം ചെയ്യുന്നുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Latest