ഗുജറാത്തില്‍ മര്‍കസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: March 18, 2014 12:58 am | Last updated: March 18, 2014 at 1:12 pm
SHARE
gujarath stage photo
ഗുജറാത്തിലെ അഹമ്മദാബാദില്‍ ദേശീയ ഇസ്‌ലാമിക് സമ്മേളനത്തെ അഭിസംബോധന ചെയ്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ മര്‍കസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലമാക്കുന്നു. ദേശീയ ഇസ്‌ലാമിക സമ്മേളനത്തോടനുബന്ധിച്ചു മര്‍കസ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നടന്ന ഗുജറാത്തിലെ മുസ്‌ലിം പൗരപ്രമുഖരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും യോഗം ഇതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. നിലവിലെ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടൊപ്പം ഗുജറാത്തി മുസ്‌ലിംകളുടെ പ്രാദേശികമായ ആവശ്യങ്ങളും വിവിധ തൊഴില്‍ മേഖലകളിലുള്ള വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വൈവിധ്യവത്്കരിക്കുന്നതിനുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനും തീരുമാനമായി.

ആദ്യ ഘട്ടമെന്ന നിലയില്‍ രാജ്‌കോട്ടില്‍ വിപുലമായ സൗകര്യങ്ങളോടെയുള്ള ഇസ്‌ലാമിക് ലിബറല്‍ ആര്‍ട്‌സ് കോളജിന്റെ പ്രവര്‍ത്തനം വരുന്ന അധ്യയന വര്‍ഷം തന്നെ ആരംഭിക്കും. ഈ ആവശ്യാര്‍ഥം മര്‍കസ് ഏറ്റെടുത്ത 40 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് ആദ്യ വാരം നടക്കും. മെട്രിക്കുലേഷന്‍ കഴിഞ്ഞ 100 വിദ്യാര്‍ഥികള്‍ക്ക് തുടക്കത്തില്‍ പ്രവേശം നല്‍കും. മതപഠനത്തില്‍ ബിരുദം നല്‍കുന്നതോടൊപ്പം, ഗുജറാത്തിലെ വിവിധ സര്‍വകലാശാലകളിലും റെഗുലര്‍ കോളജുകളിലും ചേര്‍ന്നു പഠിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. പ്രവേശത്തിന് വേണ്ടി ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എഴുത്ത് പരീക്ഷയും അഭിമുഖവും സംഘടിപ്പിക്കും. ഇതിനായുള്ള അപേക്ഷാ ഫോമുകളുടെ വിതരണോദ്ഘാടനം യോഗത്തില്‍ വെച്ച് നടന്നു.
അഹമ്മദാബാദ്, ബറോഡ, ബറൂച്ച, ആനന്ദ് ജില്ലകളില്‍ ഈ വര്‍ഷാവസാനത്തോടെ നാല് പുതിയ ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ ആരംഭിക്കും. നിലവില്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ഐ ഇ ബി ഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഗുജറാത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇരുനൂറോളം മദ്‌റസകളില്‍ സമ്മേളനത്തോടനുബന്ധിച്ച് ഐ ഇ ബി ഐയുടെ സിലബസ് നടപ്പാക്കി. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തിന് അപേക്ഷിച്ച ഈ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കും.
മര്‍കസ് ഹോം കെയര്‍ പദ്ധതിക്ക് ഗുജറാത്തില്‍ പ്രത്യേക സോണ്‍ അനുവദിച്ചതായി യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. ഗുജറാത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കും കുടുംബങ്ങളിലേക്കും മര്‍കസിന്റെ സഹായ പദ്ധതികള്‍ എത്തിക്കാന്‍ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികളെ അവരവരുടെ വീടുകളില്‍ തന്നെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ഈ പദ്ധതി പ്രകാരം വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠന ചെലവുകളും മര്‍കസ് ഏറ്റെടുക്കും. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ഗുജറാത്തിനു പുറത്തു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് സുന്നി സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും എസ് എസ് എഫ് സ്റ്റുഡന്റ്‌സ്് ഹോസ്റ്റലുകളിലും പ്രവേശം നല്‍കും. മെറിറ്റും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു കൊണ്ട് ഇത്തരം വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള ‘മര്‍കസ് ഗുജറാത്ത് ഫെല്ലോഷിപ്പ് പ്രോഗ്രാമി’ന് ഈ അധ്യയന വര്‍ഷം തുടക്കം കുറിക്കും.
ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങളിലേക്ക് ഗുജറാത്തിലെ പാവപ്പെട്ട മുസ്‌ലിംകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള ജോബ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവും സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ചു. സമ്മേളന വേദിയിലെ മര്‍കസ് എക്‌സ്‌പോയിലെ സ്റ്റാള്‍ നൂറുകണക്കിനാളുകളാണ് സന്ദര്‍ശിച്ചത്. മര്‍കസ് ഇഹ്‌റാമുമായി സഹകരിച്ചു തൊഴില്‍ പരിശീലന പദ്ധതികളും ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഇതിനായി ഇഹ്‌റാമിന്റെ രണ്ട് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ അഹമ്മദാബാദിലും ആനന്ദിലുമായി പ്രവര്‍ത്തനം തുടങ്ങും.
നിലവില്‍ ഗോണ്ടല്‍, വഡോദര, ഉപ്‌ലെറ്റ കര്‍ജന്‍, ചാന്‍ജ്വല്‍, ഭുജ് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ വരും അധ്യയന വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കും. ഈ സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ ജോലികള്‍ തുടങ്ങി. ഇവിടങ്ങളിലേക്ക് കൂടുതല്‍ അധ്യാപകരെ നിയമിക്കും. ഗുജറാത്തിലെ മര്‍കസ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഏകോപിപ്പിക്കും. മര്‍കസുമായി വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച പ്രാദേശിക മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും വേണ്ടി വിദ്യാഭ്യാസ ശില്‍പ്പശാല ഏപ്രില്‍ അവസാനം ബറോഡയില്‍ വെച്ചു നടക്കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും മനേജ്‌മെന്റ് വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും. മര്‍കസിന്റെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും വേണ്ടി അഹമ്മദാബാദ് നഗരത്തിലെ ജമാല്‍പൂരില്‍ മര്‍കസ് ഗുജറാത്ത് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി . ബഷീര്‍ അഹ്മദ് നിസാമി, ഉബൈദ് ഇബ്‌റാഹിം നൂറാനി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ ജോലിക്കാരെയും ദഅ്‌വാ പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ റിക്രൂട്ട് ചെയ്യും.
അരക്ഷിതരായിക്കഴിഞ്ഞിരുന്ന ഗുജറാത്തിലെ മുസ്‌ലിംകള്‍ക്ക് മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നു മര്‍കസ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ മര്‍കസ് പാരന്റ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഹാജി റഈസ് നൂരി അഭിപ്രായപ്പെട്ടു. അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന സുന്നി സമ്മേളനം ഗുജറാത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണെന്നും ഇത് ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും ആണ് നല്‍കിയതെന്നും ഷാഹ് ആലം മസ്ജിദ് ഇമാം ഹാഫിസ് യൂസുഫ് അശ്‌റഫി പറഞ്ഞു. ഗുജറാത്ത് കലാപ കാലത്ത് ഇരകള്‍ താമസിച്ച ഷാഹ് ആലം ക്യാമ്പിനോട് ചേര്‍ന്ന് ഒരുക്കിയ ദേശീയ മുസ്‌ലിം സമ്മേളനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളന പ്രചാരണാര്‍ഥം അഹമ്മദാബാദിലും ബറോഡയിലും സംഘടിപ്പിച്ച പരിപാടികള്‍ ഗുജറാത്തിലെ മുസ്‌ലിംകളുടെ മാറിവരുന്ന ദിശാ ബോധത്തിന്റെയും ഉണര്‍വിന്റെയും സൂചനയാണെന്ന് ബഷീര്‍ അഹ്മദ് നിസാമി ചൂണ്ടിക്കാട്ടി.
കേരളത്തിലെ മുസ്‌ലിം സംഘടനക്ക് കീഴില്‍ ഗുജറാത്തില്‍ നടത്തിയ ഈ മുന്നേറ്റത്തെ ഗുജറാത്തും മലബാറും തമ്മില്‍ ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും തുടര്‍ച്ചയായി വേണം കരുതാന്‍. ഇരു പ്രദേശങ്ങളിലും ഇസ്‌ലാം വരികയും പ്രചരിക്കുകയും ചെയ്ത രീതികളില്‍ സാമ്യങ്ങളുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ വിവിധ മേഖലകളില്‍ നേടിയ മുന്നേറ്റത്തെ ഉത്തരേന്ത്യയിലെ അവരുടെ സഹോദരന്മാരുമായി കൂടി പങ്ക് വെക്കുക എന്നതാണ് ഗുജറാത്തില്‍ മര്‍കസിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ആശയം. വിഭവങ്ങളും കഴിവുകളും സൗകര്യങ്ങളും എല്ലായിടത്തും വിതരണം ചെയ്യപ്പെടുമ്പോഴേ സാമൂഹിക മുന്നേറ്റം സാധ്യമാകുകയുള്ളൂവെന്നും മര്‍കസ് ഡയറക്ടര്‍ കൂടിയായ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു.
അഹമ്മദാബാദ് ലമന്‍ ട്രീ ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മര്‍കസിനെ പ്രതിനിധാനം ചെയ്ത് അഖിലേന്ത്യാ സുന്നി ജാംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം, എസ് എസ് ഖാദര്‍ ഹാജി എന്നിവരും ഗുജറാത്തിലെ വിവിധ മുസ്‌ലിം സംഘടനകളെയും ട്രസ്റ്റുകളെയും പ്രതിനിധാനം ചെയ്ത് അബ്ദുല്ല സഈദ് ഐ പി എസ്. (ചെയര്‍മാന്‍, വഖ്ഫ് ബോര്‍ഡ്) ഇദ്‌രീസ് വോഹ്‌റ ഐ എ എസ്(മുന്‍ ജില്ലാ കലക്ടര്‍, ആനന്ദ്), നാസിര്‍ മന്‍സൂരി ഐ എ എസ്, ഗജ്ജു ഖാന്‍, ഇര്‍ഫാന്‍ ചിശ്തി, ഹാമിദ് ഖാന്‍ പഠാന്‍ എന്നിവരും പങ്കെടുത്തു. 32 മുസ്‌ലിം സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പദ്ധതി അവതരണം നടത്തി. പരിപാടിയില്‍ ഗുജറാത്ത് മുസ്‌ലിംകളുടെ ഉപഹാരം മര്‍കസ് ശില്‍പ്പി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നാസിര്‍ ഖാന്‍ നവാബ് ഖാന്‍ നല്‍കി ആദരിക്കുകയും ചെയ്തു.