കാന്ദമാല്‍ കൂട്ടബലാത്സംഗം: മുഖ്യപ്രതിക്ക് 11 വര്‍ഷം കഠിനതടവ്‌

Posted on: March 15, 2014 8:08 pm | Last updated: March 16, 2014 at 1:11 am
SHARE

culpritകട്ടക്ക്: ഒഡീഷയിലെ കാന്ദമാലില്‍ 2008ല്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിക്ക് 11 വര്‍ഷം കഠിന തടവ്. മിട്ടുവെന്ന സന്തോഷ് പട്‌നായ്ക്കിനാണ് കട്ടക്ക് ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികളായ ഗജേന്ദ്ര ദിഗലിനും സരോജ് ബദ്ഹിക്കും 26 മാസത്തെ ശിക്ഷയും വിധിച്ചിട്ടുണ്ട്. തെളിവില്ലെന്ന് കണ്ടെത്തി ആറ് പേരെ വെറുതെവിട്ടിരുന്നു.
‘ജനക്കൂട്ടത്തിന്റെ മുമ്പില്‍ വെച്ച് കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സന്തോഷ് കഠിന ശിക്ഷ അര്‍ഹിക്കുന്നു. അതേസമയം, പെട്ടെന്നുള്ള ഉള്‍പ്രേരണയാലാണ് പ്രതി ഈ ഹീനകൃത്യം ചെയ്തത്. ഈ രണ്ട് ഘടകങ്ങളെയും തുലനം ചെയ്തു കൊണ്ട്, പ്രതി ക്ക് 11 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിക്കുന്നു.’ ജഡ്ജി ജ്ഞാന്‍ രഞ്ജന്‍ പുരോഹിതിന്റെ വിധിന്യായത്തില്‍ പറയുന്നു.
കൂട്ടബലാത്സംഗം (376- 2) ആണ് സന്തോഷിനെതിരെ ചുമത്തപ്പെട്ട കുറ്റം. ഗജേന്ദ്രക്കും സരോജിനുമെതിരെ കൈയേറ്റം ചെയ്യുക എന്ന കുറ്റമാണ് ചുമത്തിയത്. മെഡിക്കല്‍ പരിശോധനയുടെയും തിരിച്ചറിയല്‍ പരേഡിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ജുരിയ പ്രധാന്‍, കാര്‍തിക പ്രധാന്‍, ബീരണ്‍ സാഹു, തപാസ് പട്‌നായ്ക്, മുനാ ബദ്ഹി, ജഹര്‍ലാല്‍ ബഹീര എന്നിവരെയാണ് വെറുതെ വിട്ടത്.ആറ് വര്‍ഷമായി ചൗദ്വാര്‍ ജയിലിലില്‍ കഴിയുകയാണ് സന്തോഷ്. മറ്റ് രണ്ട് പേര്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. 2010ല്‍ ഒഡീഷ ഹൈക്കോടതി കേസിന്റെ വിചാരണ കന്ദമാലില്‍ നിന്ന് കട്ടക്കിലേക്ക് മാറ്റുകയായിരുന്നു.
ആദിവാസികള്‍ താമസിക്കുന്ന കാന്ദമാല്‍ ജില്ലയില്‍ 2008ല്‍ നടന്ന വര്‍ഗീയ കലാപത്തില്‍ 38 പേര്‍ കൊല ചെയ്യപ്പെട്ടിരുന്നു. ജലേസ്പത ആശ്രമത്തില്‍ കഴിഞ്ഞിരുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് കൂടിയായ പുരോഹിതന്‍ ലക്ഷ്മണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നായിരുന്നു പ്രചാരണം. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കലാപകാരികള്‍ കന്യാസ്ത്രീയെ ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്ത ശേഷം അര്‍ധനഗ്നയാക്കി തെരുവ്‌വീഥികളില്‍ നടത്തിക്കുകയും ചെയ്തു എന്നാണ് കേസ്.