Connect with us

Malappuram

അനാഥാലയങ്ങള്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം: കമ്മീഷന്‍

Published

|

Last Updated

മലപ്പുറം: അനാഥാലയങ്ങള്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അന്തേവാസികളുടെ മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയിലെ അനാഥാലയങ്ങളുടെ നടത്തിപ്പുകാര്‍ക്കായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസര്‍ എസ് ശ്രീജിത്ത് അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ അനാഥാലയങ്ങളുടെയും വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ 115 അനാഥാലയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രത്യേക ഫോമില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
അനാഥാലയത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, അന്തേവാസികളുടെ എണ്ണം, വ്യക്തി വിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, അന്തേവാസികള്‍ക്കുള്ള സൗകര്യങ്ങള്‍, സ്ഥലം, കെട്ടിടം, ജീവനക്കാര്‍ തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം.
സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേന തന്നെ ഇടപാടുകള്‍ നടത്തണം. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും കമ്മീഷന് നല്‍കണം.
അന്തേവാസികള്‍ക്കായി ലഭിക്കുന്ന തുക പൂര്‍ണമായും അന്തേവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണം. അന്തേവാസികളായ കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കണം. അനാഥാലയത്തിലെത്തുന്ന കുട്ടികളുള്‍പ്പെടെയുള്ള അന്തേവാസികളുടെ വിവരം കൃത്യമായി സൂക്ഷിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അറിയിക്കുകയും ചെയ്യണം.
യോഗത്തില്‍ ജില്ലാ കലക്റ്റര്‍ കെ ബിജു, ജില്ലാ പൊലീസ് മേധാവി ശശികുമാര്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി വൈ എസ് പി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Latest