അഹ്മദ് ഉറച്ചുനിന്നു; ഉറപ്പുള്ള പകരക്കാരനുമുണ്ടായില്ല

    Posted on: March 11, 2014 1:10 am | Last updated: March 11, 2014 at 1:10 am
    SHARE

    E.AHAMMEDഅവസാനം വരെ നിലപാടില്‍ ഉറച്ചുനിന്ന അഹ്മദിന് മുന്നില്‍ ഉരുണ്ടുകൂടിയ കാര്‍മേഘം പെയ്‌തൊഴിഞ്ഞു. സ്വയം പിന്മാറാന്‍ തയ്യാറാകാതിരുന്നതും മറ്റൊരാളെ പൊതുസമ്മതനായി അവതരിപ്പിക്കാന്‍ നേതൃത്വത്തിന് കഴിയാതിരുന്നതുമാണ് ഇ അഹ്മദിന് തുണയായത്. പ്രാദേശിക ഘടകങ്ങളുടെയും മണ്ഡലം കമ്മിറ്റികളുടെയും ശക്തമായ എതിര്‍പ്പുകളുണ്ടായിട്ടും അഹ്മദിനെ തന്നെ സ്ഥാനാര്‍ഥിയാക്കിയത് മറ്റൊരു ഫോര്‍മൂല ഉരുത്തിരിയാത്തതിനെ തുടര്‍ന്നാണ്. ഇ അഹ്മദിനെ പ്രവര്‍ത്തകരുടെ വികാരം ബോധ്യപ്പെടുത്തി സ്വയം പിന്മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പരമാവധി ശ്രമിച്ചെങ്കിലും അഹ്മദ് വഴങ്ങിയില്ല. മാത്രമല്ല, ഒരു അവസരം കൂടി വേണമെന്നും നേതാക്കളോട് അഹ്മദ് അഭ്യര്‍ഥിക്കുകയും ചെയ്തു.

    ഇന്നലെ നടന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, ഉന്നതാധികാര സമിതി എന്നിവയിലും ഒരു തീരുമാനത്തിലെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. അഹ്മദിന് പകരം മത്സരിക്കുന്ന ഒരു പൊതുസമ്മതനെ അവതരിപ്പിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. അഹ്മദിന് പകരക്കാരനായി അര ഡസന്‍ നേതാക്കളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുപോലെ സ്വീകാര്യമായ പേര് നിര്‍ദേശിക്കാന്‍ കഴിയാതിരുന്നതോടെ ഒരു തവണ കൂടി അഹ്മദ് എന്ന തീരുമാനത്തിലേക്ക് നേതാക്കള്‍ എത്തി.
    ഇന്നലെ കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം എല്‍ എമാരില്‍ നിന്ന് ഹൈദരലി തങ്ങള്‍ അഭിപ്രായം ആരാഞ്ഞിരുന്നു. മൂന്ന് പേരൊഴിച്ച് ശേഷിക്കുന്നവരെല്ലാവരും അഹ്മദ് മാറുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍, പകരം ആരെന്ന് നിര്‍ദേശിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. പി വി അബ്ദുല്‍വഹാബിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. അഹ്മദിനെ പോലെ മുതിര്‍ന്ന ഒരാളെ മാറ്റി വഹാബിന് സ്ഥാനാര്‍ഥിത്വം നല്‍കിയാല്‍ പേമന്റ് സീറ്റെന്ന ആരോപണം ഉയരും എന്നായിരുന്നു കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചത്. യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ അഡ്വ. പി കെ ഫിറോസ്, യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍, മുമ്പ് ബനാത്ത്‌വാലയെ മാറ്റി കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ഉറച്ച മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത് ചില നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി. അഹ്മദിന് പകരക്കാരന്‍ എന്തു കൊണ്ടും യോഗ്യനായിരിക്കണമെന്നും ഒരു കോണില്‍ നിന്നും വിമര്‍ശം ഉയരരുതെന്നും കമ്മിറ്റിയില്‍ പൊതുവികാരമുണ്ടായി. അത്തരത്തില്‍ ഒരാളെ നിര്‍ദേശിക്കാന്‍ ആര്‍ക്കും കഴിയാത്തതിനെ തുടര്‍ന്നാണ് എതിര്‍പ്പുകളെ മറികടന്ന് വീണ്ടും അഹ്മദ് സ്ഥാനാര്‍ഥിയാകുന്നത്.