എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും

Posted on: March 10, 2014 7:58 am | Last updated: March 11, 2014 at 1:04 am
SHARE

sslcexamsതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാളം പരീക്ഷയാണ് ഇന്ന് നടക്കുന്നത്. ഉച്ചക്കു ശേഷമാണ് പരീക്ഷകള്‍. 4,64,310 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5,690 പേര്‍ ഇക്കുറി കുറവാണ്. 2,815 പരീക്ഷാ സെന്ററുകളാണുള്ളത്. ഇതിനു പുറമെ ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്ററുകള്‍ വീതവും സജ്ജീകരിച്ചിട്ടുണ്ട്. 2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. മലയാളം മീഡിയത്തില്‍ 3,42,614 പേരും ഇംഗ്ലീഷ് മീഡിയത്തില്‍ 1,16,068 പേരും തമിഴ് മീഡിയത്തില്‍ 2302 കുട്ടികളും കന്നഡ മീഡിയത്തില്‍ 3326 കുട്ടികളും പരീക്ഷ എഴുതും.
ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ്. 1,721 പേരാണ് ഇവിടെ പരീക്ഷക്കിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ വെള്ളിയാഴ്ചകളില്‍ പരീക്ഷ ഉണ്ടായി രിക്കില്ല. ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. കനത്ത സുരക്ഷയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. രണ്ട് സിലബസിലാണ് ഈ വര്‍ഷവും പരീക്ഷ നടത്തുന്നത്. 2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പരീക്ഷയെഴുതിയവര്‍ക്ക് പഴയ സിലബസിലും മറ്റുള്ളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ. 22 വരെയാണ് പരീക്ഷ. 22ന് പഴയ സ്‌കീം അനുസരിച്ചുള്ള വിദ്യാര്‍ഥികളുടെ ഐ ടി പരീക്ഷ മാത്രമാണ് നടക്കുക.
സംസ്ഥാനത്തുടനീളമായി ഏകദേശം 25,000 അധ്യാപകരെയാണ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ചോദ്യപ്പേപ്പറുകള്‍ നേരത്തെ തന്നെ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്റ്റോറിംഗ് സെന്ററുകളില്‍ എത്തിച്ചിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് തരംതിരിച്ച് 176 ദേശസാത്കൃത ബേങ്കുകളിലും 321 ട്രഷറികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസം ചോദ്യപ്പേപ്പറുകള്‍ അതതു പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെയാണ് മൂല്യനിര്‍ണയം നടക്കുന്നത്. 12,000 ഓളം അധ്യാപകരെ മൂല്യനിര്‍ണയത്തിനായി നിയോഗിക്കും.