Connect with us

Ongoing News

കള്ളപ്പണം ഒഴുകുന്നു; കമ്മീഷന്‍ രംഗത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ചെലവഴിക്കപ്പെടുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണവുമായി രംഗത്ത്. കള്ളപ്പണം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് കമ്മീഷനെ അറിയിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിനായി ബേങ്കിംഗ് മേഖലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍, റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം കമ്മീഷന്‍ തേടി.
ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നടപടിയുമായി രംഗത്ത് വരുന്നത്. ഗ്രാമങ്ങളും വാര്‍ഡ് തലങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ സംഘങ്ങളെ നിയോഗിക്കും.
വിവിധ പ്രദേശങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണമൊഴുക്ക് നടക്കാനിടയുള്ള ബൂത്തുകളുടെ വിവരങ്ങള്‍ ഇതിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശേഖരിച്ചു. ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തും. വേട്ടര്‍മാരുമായി നിരന്തരം സംവദിച്ച് ഇത്തരം സംഭവങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് സംഘത്തിന്റെ കര്‍ത്തവ്യം.
പണം നല്‍കി വോട്ട് വാങ്ങുന്ന പ്രവണത വര്‍ധിച്ചുവരുന്നതായാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ കള്ളപ്പണം ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്. കള്ളപ്പണത്തോടൊപ്പം വ്യാജ നോട്ടുകളും തിരഞ്ഞെടുപ്പ് വിപണിയില്‍ ചെലവഴിച്ചേക്കുമെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത് നിരീക്ഷിക്കാന്‍ ഡി ആര്‍ ഐയും മറ്റും രംഗത്തുണ്ട്. അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങളാണ് കള്ളപ്പണം കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘത്തിലുണ്ടാകുക. പണം, മദ്യം, പാരിതോഷികം എന്നിവ വോട്ട് പിടിക്കുന്നതിന് നല്‍കുന്നത് കൈക്കൂലിയായി കണക്കാക്കി നിയമ നടപടി സ്വീകരിക്കും.

Latest