Connect with us

Ongoing News

സന്തോഷ് ട്രോഫി: മിസോറാം-റെയില്‍വേസ് ഫൈനല്‍

Published

|

Last Updated

സിലിഗുരി: സന്തോഷ് ട്രോഫിയില്‍ നാളെ മിസോറം-റെയില്‍വേസ് ഫൈനല്‍. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് മിസോറം ഫൈനലിലെത്തുന്നത്. ആദ്യ സെമിഫൈനലില്‍ തമിഴ്‌നാടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഫുട്‌ബോള്‍ പട ജൈത്രയാത്ര തുടര്‍ന്നത്. രണ്ടാം സെമിഫൈനലില്‍ റെയില്‍വേസ് ഷൂട്ടൗട്ടില്‍ മഹാരാഷ്ട്രയെ (5-3) കീഴടക്കി. നിശ്ചിത സമയത്തും അധിക സമയത്തും 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം.
രണ്ട് തവണ ഫൈനലിസ്റ്റായ തമിഴ്‌നാട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ 1-0ന് ഹാഫ് ടൈം ജേതാക്കളായി. സെക്കന്‍ഡ് ഹാഫില്‍ ഡേവിഡ് ലാല്‍റിമുന (62)യുടെ ഗോളില്‍ സമനില പിടിച്ച് മിസോറം തിരിച്ചുവന്നു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. തൊണ്ണൂറ്റി നാലാം മിനുട്ടില്‍ സീകോ സോറംസാംഗയിലൂടെ മിസോറം ലീഡെടുത്തു. എഫ് ലാല്‍റിപ്യൂയയിലൂടെ മൂന്നാം ഗോള്‍ പിറന്നത് 119താം മിനുട്ടില്‍. തൊട്ടടുത്ത നിമിഷം ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മിസോറം പുതിയ ചരിതമെഴുതിയതിന്റെ ആഹ്ലാദത്തിമര്‍പ്പില്‍.
മിസോറമിനിത് മഹത്തായ നിമിഷമാണ്. ടൂര്‍ണമെന്റിലുടനീളം മികച്ചു നിന്ന എന്റെ കുട്ടികള്‍ ഇതര്‍ഹിക്കുന്നു – മിസോറം കോച്ച് എച്ച് വി വന്‍ലാല്‍തലംഗ പറഞ്ഞു. ആദ്യ പകുതിയില്‍ മികച്ചു നിന്നത് തമിഴ്‌നാടായിരുന്നു. എന്നാല്‍, എന്റെ പിള്ളേര്‍ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-കോച്ചിന്റെ ആവേശം ആറുന്നില്ല.
മിസോറമിന്റെ സമനില ഗോളും രണ്ടാം ഗോളും തമിഴ്‌നാട് ഗോളി അരുണ്‍ പ്രദീപിന്റെ പിഴവില്‍ നിന്നായിരുന്നു. കളിയുടെ ഒഴുക്കിന് വിപരീതമായിട്ടായിരുന്നു മിസോറമിന്റെ സമനില ഗോള്‍. ഡേവിഡിന്റെ ലോംഗ് റേഞ്ചര്‍ കൈയ്യിലൊതുക്കാന്‍ അഡ്വാന്‍സ് ചെയ്ത അരുണ്‍ പ്രദീപിന് പാളി. പന്തിന്റെ വേഗവും ബൗണ്‍സും തിരിച്ചറിയാതെ അന്തിച്ചു നിന്ന ഗോളിക്ക് മുകളിലൂടെ പന്ത് വലയില്‍ കയറി.
തുടരെ രണ്ട് രക്ഷപ്പെടുത്തലുകളുമായി അരുണ്‍ ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും മിസോറം സമനില ഗോളിന്റെ ആവേശത്തില്‍ മത്സരം പിടിച്ചടക്കാന്‍ തുടങ്ങി. മിസോറമിന്റെ രണ്ടാം ഗോള്‍ സംഭവിച്ചത് കോര്‍ണര്‍ കിക്കിനെ തുടര്‍ന്നാണ്. തമിഴ്‌നാട് ലെഫ്റ്റ് ബാക്ക് സന്തോഷ് കുമാറിന് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ആദ്യം പിഴച്ചു. പിറകെ ഗോളിക്കും. സീക്കോ അവസരം മുതലെടുത്തതോടെ മിസോറമിന് ലീഡ്. തമിഴ്‌നാട് രണ്ടും കല്പിച്ച് കയറിക്കളിച്ചെങ്കിലും ഒരു മിനുട്ട് ശേഷിക്കെ മിസോറം വീണ്ടും വല ചലിപ്പിച്ച്, ടൂര്‍ണമെന്റിന് പുതിയ മാനം നല്‍കി.

 

---- facebook comment plugin here -----

Latest