ഊര്‍ജ പാനീയങ്ങള്‍ക്കെതിരെ സഊദി ആരോഗ്യ മന്ത്രാലയം; യു എ ഇയിലും നിയമം വേണമെന്ന്

Posted on: March 6, 2014 1:36 am | Last updated: March 6, 2014 at 1:36 am
SHARE

ദുബൈ: പൊതുജനാരോഗ്യ ഹാനിക്ക് കാരണമാകുന്ന ഊര്‍ജദായ പാനീയങ്ങളുടെ പരസ്യങ്ങള്‍ക്ക് രാജ്യത്ത് നിരോധനം വേണമെന്ന് അഭിപ്രായം. രാജ്യത്തെ മുഴുവന്‍ നഗരസഭകളെയും ഉള്‍പ്പെടുത്തുന്ന രീതയില്‍ ഇക്കാര്യത്തില്‍ ഒരു ഫെഡറല്‍ നിയമവും നീക്കവും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2012 മുതല്‍ രാജ്യത്ത് ഊര്‍ജദാന പാനീയങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങളും അവയിലുള്ള ചേരുവകളെക്കുറിച്ച് കര്‍ശനമായ പരിശോധനകളും നിലനില്‍ക്കുന്നുണ്ട്. എങ്കിലും രാജ്യവ്യാപകമായി ഇത്തരം ഉല്‍പന്നങ്ങള്‍ പ്രായ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളില്‍, പ്രത്യേകിച്ചും കൂട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഈ സാഹചര്യം പരിഗണിച്ച് സഊദി ആരോഗ്യ മന്ത്രാലയം രണ്ട് ദിവസം മുമ്പ് പുതിയൊരു കാല്‍വെപ്പ് നടത്തിയിരുന്നു. ഊര്‍ജദാന പാനീയങ്ങളെ പരിചയപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതുമായ എല്ലാ തരം പരസ്യങ്ങളും കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ള തീരുമാനമാണ് സഊദി ആരോഗ്യ മന്ത്രാലയം കൈ കൊണ്ടിരിക്കുന്നത്.
ഇത്തരം പാനീയങ്ങളെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കുന്ന ഒരു പരിപാടിക്കും നിയമപരമായി അനുമതി ലഭിക്കുകയില്ല. പത്രങ്ങളിലും റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും മറ്റും ഇത്തരം ഉല്‍പന്നങ്ങളുടെ പരസ്യം നല്‍കരുതെന്ന് പാനീയ നിര്‍മാതാക്കള്‍ക്ക് മന്ത്രാലയം അറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിലെ റസ്റ്റോറന്റുകളിലും കാന്റീനുകളിലും ഇവ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളിലും നര്‍ക്കാറിനു കീഴിലുള്ളതും അല്ലാത്തതുമായ ക്ലബുകളിലും പാര്‍ട്ടികളിലും ഇവ നിരോധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രമോഷന്‍ അടിസ്ഥാനത്തില്‍ ഇവ സൗജന്യമായി നല്‍കുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്.
ഇത്തരം പാനീയങ്ങളെക്കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ബോധവല്‍കരിക്കുന്ന സന്ദേശം ബോട്ടിലുകളില്‍ കൃത്യമായി എഴുതിയിട്ട് മാത്രമേ, നിബന്ധനകള്‍ മുഴുവന്‍ പാലിച്ചാലും ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കാവൂ എന്ന് ഉല്‍പാദനം നടത്തുന്ന സ്ഥാപനങ്ങളോട് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അറബി ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സന്ദേശം ബോട്ടിലുകളില്‍ എഴുതേണ്ടത്.
സഊദിയിലെ ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇത്തരം കാല്‍വെപ്പുകള്‍ പിന്തുടര്‍ന്ന് യു എ ഇലും ആര്യോഗ്യ മന്ത്രാലയം കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് വരണമെന്നാണ് പൊതു അഭിപ്രായം.
രാജ്യത്തെ സ്‌കൂള്‍ കാന്റീനുകളില്‍ ഇത്തരം പാനീയങ്ങള്‍ വല്‍പന നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം കര്‍ശനമാക്കിയിട്ടുണ്ട്. ഏതുരാജ്യത്തായാലും യുവാക്കളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങളുടെ അടിമകളാകുന്നത് എന്നത് ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ കാണേണ്ടതാണ്.