Connect with us

Ongoing News

നിവേദിത പി ഹരന്‍ ആഭ്യന്തര സെക്രട്ടറി; വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം: നിവേദിത പി ഹരന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായും വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടറായും ചുമതലയേറ്റു. ടിങ്കു ബിസ്വാളിനെ ഐ എം ജി ഡയറക്ടറായും കെ എസ് ശ്രീനിവാസനെ സഹകരണ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം ശിവശങ്കറിന് ഊര്‍ജ്ജ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. എ പി എം മുഹമ്മദ് ഹനീഷിനെ നഗരകാര്യ വകുപ്പ് സെക്രട്ടറിയായും ഗോപാലകൃഷ്ണ ഭട്ടിനെ ഡി പി ഐ ആയും ഷെയ്ഖ് പരീതിനെ തുറമുഖവകുപ്പ് ഡയറക്ടറായും ടി മിത്രയെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്‌സ് ഡയറക്ടറായും നിയമിച്ചു. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ അനില്‍കുമാറിന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ചുമതല നല്‍കി.
ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സി രാധാകൃഷ്ണന്‍ വിരമിച്ച ഒഴിവിലേക്കാണ് നിവേദിത പി ഹരനെ നിയമിച്ചത്. തൊഴില്‍ പുനരധിവാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു നിവേദിത പി ഹരന്‍. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച എല്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ചുമതലയേറ്റിരുന്നു. എല്‍ രാധാകൃഷ്ണന്‍ വിരമിച്ചതിനെ തുടര്‍ന്ന് നിലവില്‍ ചീഫ് സെക്രട്ടറിയുടെ ചുമതലയുള്ള ഫിനാന്‍സ് അഡീഷനല്‍ സെക്രട്ടറി സോമസുന്ദരത്തിനാണ് ആഭ്യന്തര വകുപ്പിന്റെ അധിക ചുമതല.
മഹേഷ്‌കുമാര്‍ സിംഗ്ലയുടെ ഒഴിവിലേക്കാണ് വിന്‍സന്‍ എം പോളിനെ നിയമിച്ചത്. വിജിലന്‍സ് ഡയറക്ടറായിരുന്ന മഹേഷ് കുമാര്‍ സിംഗ്ലക്ക് ബി എസ് എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമനം ലഭിക്കുകയായിരുന്നു.