Connect with us

Kerala

കസ്തൂരി റിപ്പോര്‍ട്ട് കരട് വിജ്ഞാപനമില്ല; ഓഫീസ് മെമെറാണ്ടം മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഓഫീസ് മെമ്മോറാണ്ടം. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതില്‍ 2,550 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നും ഇ എസ് എയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായും രണ്ട് പേജുള്ള ഓഫീസ് മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിലെ 123 വില്ലേജുകള്‍ ഇ എസ് എയായി പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കാതെയാണ് പുതിയ ഓഫീസ് മെമ്മോറാണ്ടം ഇറക്കിയത്. കരട് വിജ്ഞാപനം ഇറക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രായോഗിക തടസ്സങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് ഓഫീസ് മെമ്മോറാണ്ടം. വിജ്ഞാപനം മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (1986) അഞ്ചാം വകുപ്പ് പ്രകാരം കേരളമുള്‍പ്പെടെ പശ്ചിമഘട്ട മേഖലയുള്ള ആറ് സംസ്ഥാനങ്ങളില്‍ ഇ എസ് എ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കും. കേരളത്തില്‍ അരങ്ങേറിയ പ്രതിഷേധവും സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദവും കണക്കിലെടുത്ത് നേരത്തെയും വനം, പരിസ്ഥിതി മന്ത്രാലയം ഒരു ഓഫീസ് മെമ്മോറാണ്ടം ഇറക്കിയിരുന്നു.
ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷനായി കേരളം നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി പുതിയ ഓഫീസ് മെമ്മോറാണ്ടത്തിലുണ്ട്. അന്തിമ വിജ്ഞാപനം വരുമ്പോള്‍ മാത്രമേ ഇ എസ് എയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാകുകയുള്ളൂ. ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളും ഇ എസ് എയാക്കില്ലെന്നും ഓഫീസ് മെമ്മോറാണ്ടം വാഗ്ദാനം ചെയ്യുന്നു. ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കുമെന്നതിനാലും നിയമപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് കരട് വിജ്ഞാപനം മാറ്റിവെക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി ഡോ. വി രാജഗോപാലന്‍ വ്യക്തമാക്കി.
കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ച് കരട് വിജ്ഞാപനം ഇറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായി കസ്തൂരിരംഗന്‍ സമിതിയുടെ ശിപാര്‍ശകളും സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ചു കേരളം നല്‍കിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം തയ്യാറാക്കി നിയമ മന്ത്രാലയത്തിന്റെ പരിഗണനക്ക് അയക്കുകയും ചെയ്തു.
കരട് വിജ്ഞാപനം പരസ്യപ്പെടുത്തി അതിന്മേല്‍ അഭിപ്രായങ്ങളറിയിക്കാന്‍ അറുപത് ദിവസത്തെ സമയം നല്‍കേണ്ടതുണ്ട്. അഭിപ്രായങ്ങള്‍ പരിഗണിച്ച്, ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് അന്തിമ വിജ്ഞാപനമിറക്കുക. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഇന്ന് നിലവില്‍ വരുമ്പോള്‍ ഇതിനെല്ലാം തടസ്സം നേരിടും.
പുതിയ വിജ്ഞാപനമൊന്നും വരാത്ത സാഹചര്യത്തില്‍ താത്കാലിക സ്വഭാവമാണെങ്കിലും കഴിഞ്ഞ നവംബര്‍ പതിമൂന്നിന് ഇറക്കിയ വിജ്ഞാപനം പ്രാബല്യത്തിലുണ്ടാകും. ഓഫീസ് മെമ്മോറാണ്ടം ഇറക്കിയത് കൊണ്ട് ഇതില്‍ മാറ്റമില്ല.

 

Latest