പൊതുമരാമത്ത് വകുപ്പിന്റെ ലാബ്; കെട്ടിട നിര്‍മാണം തുടങ്ങി

Posted on: March 4, 2014 11:56 am | Last updated: March 4, 2014 at 11:56 am
SHARE

കോട്ടക്കല്‍: റോഡ് നിര്‍മാണ വസ്തുക്കളുടെ ഗുണനിലവാര പരിശോധനാ കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങി. ചങ്കുവെട്ടിയില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് വളപ്പിലാണ് കെട്ടിടം പണിയുന്നത്. പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നടത്തുന്ന റോഡുകളുടെ മെറ്റല്‍, ടാര്‍ തുടങ്ങിയ വസ്തുക്കളുടെ പരിശോധനക്കാണ് കേന്ദ്രം പണിയുന്നത്. എല്ലാ ജില്ലയിലും മരാമത്ത് വകുപ്പിന് ലാബുകളുണ്ടെങ്കിലും ജില്ലയില്‍ സൗകര്യപ്രദമായ ഇടമില്ല. നിലവില്‍ ആനക്കയത്താണ് ഓഫീസ്. 35 ലക്ഷം രൂപ ചെലവിലാണ് ലാബും കണ്‍ട്രോള്‍ റൂമും നിര്‍മിക്കുന്നത്. മരാമത്ത് വകുപ്പിലെ കെട്ടിട നിര്‍മാണ വകുപ്പാണ് ഇവ പണിയുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കാനാണ് നീക്കം. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ടൂറിസം വകുപ്പിന് കീഴില്‍ ഇവിടെ ടാമെറിന്റ് ഹോട്ടല്‍ വേണമെന്ന് സ്ഥലം എം എല്‍ എയും, മൂന്ന് സ്റ്റാര്‍ പദവിയുള്ള ഹോട്ടല്‍ വേണമെന്ന് ചില സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള പരിശോധനകള്‍ നടന്നതാണ് കാലതാമസമായത്. ജില്ലയില്‍ തന്നെ ഇത്രയും സൗകര്യ പ്രദമായ സ്ഥലം മരാമത്ത് വകുപ്പിന് കീഴില്‍ ഇല്ലെന്നതാണ് ചങ്കുവെട്ടിയില്‍ തന്നെ ലാബ് നിര്‍മിക്കാന്‍ കാരണം.