സ്വതന്ത്രരെ ഇറക്കി ‘കസ്തൂരിതരംഗം’ മുതലാക്കാന്‍ സി പി എം

Posted on: March 3, 2014 6:00 am | Last updated: March 3, 2014 at 1:22 am
SHARE

western gattകൊച്ചി: ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയിലെ കസ്തൂരിരംഗന്‍വിരുദ്ധ തരംഗം മുതലെടുക്കാന്‍ സി പി എം സ്വതന്ത്രന്‍മാരെ രംഗത്തിറക്കി യു ഡി എഫിന്റെ കുത്തക മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി. എറണാകുളത്ത് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പത്തനംതിട്ടയില്‍ ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററും പത്തനംതിട്ട സ്വദേശിനിയുമായ വീണാ ജോര്‍ജ് എന്നിവരെ സി പി എം സജീവമായി പരിഗണിക്കുന്നു. ഇരുവരോടും സി പി എം സ്ഥാനാര്‍ഥിത്വത്തിന് സമ്മതം ആരാഞ്ഞതായാണ് അറിയുന്നത്. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സന്നദ്ധത അറിയിച്ചെങ്കിലും വീണാ ജോര്‍ജ് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.

സി പി എമ്മിന്റെ ഒരു ഉന്നത നേതാവാണ് വീണാ ജോര്‍ജിനോട് പത്തനംതിട്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനുള്ള സമ്മതം ആരാഞ്ഞത്. കുടുംബപരവും തൊഴില്‍പരവുമായ ചില ബുദ്ധിമുട്ടുകള്‍ അപ്പോള്‍ തന്നെ അറിയിച്ചെങ്കിലും വാദ്ഗാനം അവര്‍ നിരസിച്ചില്ല. ഇക്കാര്യം വീണ സ്ഥിരീകരിച്ചു. വീണാ ജോര്‍ജിന്റെ പേര് അംഗീകരിക്കപ്പെട്ടാല്‍ പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് ലഭിക്കുക സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ചൊരു സ്വതന്ത്ര സ്ഥാനര്‍ഥിയെയാകും. പത്തനംതിട്ട സ്വദേശിയായ വീണാ ജോര്‍ജ് ടെലിവിഷന്‍ വാര്‍ത്താ അവതാരികമാരില്‍ വേറിട്ട വ്യക്തിത്വത്തിനുടമയാണ്. വീണയുടെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയാണ്. വീണ ഇടതു സ്ഥാനാര്‍ഥിയാകുന്നതിന് ജോര്‍ജ് ജോസഫിന്റെ പൂര്‍ണ പിന്തുണയുണ്ട്.

ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് സഭാ നേതൃത്വവുമായുള്ള അടുപ്പമാണ് എറണാകുളത്ത് സി പി എമ്മിനെ മോഹിപ്പിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിക്കാരനായ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉന്നത ബന്ധങ്ങളുള്ള പ്രഗത്ഭനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെന്നതിനപ്പുറം ഇടതുപക്ഷത്തിന്റെ ആശയഗതിയുമായി ഒരുവിധത്തിലും ഒത്തുനിന്നിട്ടുള്ള ആളല്ല. കോണ്‍ഗ്രസിലാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ബന്ധങ്ങള്‍ ഏറെയെങ്കിലും എറണാകുളത്ത് സ്ഥാനാര്‍ഥിത്വത്തിന് സി പി എമ്മുമായി അദ്ദേഹം അടുക്കാന്‍ കാരണം കോണ്‍ഗ്രസിലെ ചിലരുടെ കാലുവാരലാണ്. കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഗവര്‍ണര്‍ പദവിക്കായി ശക്തമായ ചരടുവലി നടത്തിയെങ്കിലും കോണ്‍ഗ്രസിലെ ചിലര്‍ കാലുവാരിയതിന്റെ ഫലമായി അദ്ദേഹത്തിന് അവസരം നഷ്ടമായിരുന്നു. ഡല്‍ഹിയില്‍ പ്രൊഫ. കെ വി തോമസിന്റെ ഏറ്റവുമടുത്ത ബ്യൂറോക്രാറ്റ് ഒരു കാലത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസായിരുന്നുവെന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം. അതേസമയം, ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍ സി പി എം തീരുമാനമെടുത്തിട്ടില്ലെന്നും പരിഗണിക്കുന്ന പല പേരുകളുടെ കൂട്ടത്തില്‍ ഒന്ന്് മാത്രമാണ് അദ്ദേഹത്തിന്റേതെന്നും സി പി എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി വ്യക്തമാക്കി.

ഇടതുമുന്നണി രംഗത്തിറക്കാന്‍ ആലോചിക്കുന്ന സ്വതന്ത്രന്‍മാരുടെ പട്ടിക ഇനിയും നീളും. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ എം പിയുമായ ഫ്രാന്‍സിസ് ജോര്‍ജ് ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ സി പി എം നേതൃത്വവുമായി ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞു പോരുന്ന വിഭാഗവും പി സി തോമസ് വിഭാഗവും ചേര്‍ന്ന പുതിയ കൂട്ടുകെട്ടാകും കസ്തൂരി മണക്കുന്ന ഇടുക്കിയില്‍ ഇടതുപക്ഷത്തിന് കരുത്തുപകരുക.